കഥയല്ലിത് ജീവിതം..! ഒരേ വീട്ടില്‍ ഒരു മാസത്തിനിടെ അഞ്ചുതവണ തീപിടിത്തം; ഇതെന്തൊരു പുകിലെന്ന് ജനം; കാരണമറിയാതെ പോലീസും, കോട്ടയം അയ്മനത്തെ ആ വീടിന്റെ അവസ്ഥ ഇങ്ങനെ

fireforce1852017കോട്ടയം: ഒരേ വീട്ടില്‍ പലപ്പോഴായി അഞ്ചു തവണ തീപിടിത്തം. എന്തുകൊണ്ടിതു സംഭവിക്കുന്നു എന്നറിയാതെ തീ കണ്ടു വിലപിക്കുകയാണ് വീട്ടുകാര്‍. അയ്മനത്ത് വീടിനു തീപിടിച്ചു എന്ന സന്ദേശം വരുമ്പോഴേ കോട്ടയത്തെ ഫയര്‍ ഫോഴ്‌സ് ചോദിക്കും പതിവു വീട്ടില്‍തന്നെയാണോ തീയെന്ന്. അതെ എന്നറിയുമ്പോഴേ വഴി ചോദിക്കാതെ ഫയര്‍ഫോഴ്‌സ് അവിടേക്ക് പായും.

ഇന്നലെ ഉച്ചകഴിഞ്ഞു 2.30നു ഫയര്‍ഫോഴ്‌സിന്റെ രണ്ടു യൂണിറ്റുകളാണ് അയ്മനത്തേക്കു പാഞ്ഞത്. കോട്ടയം അയ്മനം ജയന്തികവല സഞ്ജയന്റെ വീട്ടിലാണ് പല ദിവസങ്ങളിലായി അഞ്ച് തവണ തീപിടിച്ചത്. കഴിഞ്ഞ ഒന്നിനു മുറ്റത്ത് അയയില്‍ ഇട്ടിരുന്ന തുണിക്കായിരുന്നു തീപിടിച്ചത്. തുണിക്ക് എങ്ങനെ തീപിടിച്ചെന്ന് ആര്‍ക്കും മനസിലാകുന്നില്ല.

ചെറിയ നഷ്ടമായതിനാല്‍ തീപിടിത്തം കാര്യമായി എടുത്തിരുന്നില്ല. നാലു ദിവസത്തിനു ശേഷം വീടിനുള്ളില്‍ തീപിടിച്ചു. അന്ന് മുറിയിലുണ്ടായിരുന്ന തുണികള്‍ കത്തിനശിച്ചു. തുടരെ ഉണ്ടായ തീപിടിത്തം വീട്ടുകാരെ ആശങ്കയിലാക്കിയപ്പോള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസിനു കാരണം കണ്ടുപിടിക്കാനായില്ല. കഴിഞ്ഞ എട്ടിന് വീടിന്റെ മറ്റൊരു മുറിയിലും തീപിടിത്തമുണ്ടായി. ഭീതിയിലായ വീട്ടുകാര്‍ എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് ചൊവ്വാഴ്ച മുറിയിലെ അലമാരയ്ക്ക് തീപിടിച്ചത്. തുടര്‍ന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് വീണ്ടും തീപിടിച്ച് വീടിന്റെ ഭൂരിഭാഗവും കത്തിയമര്‍ന്നു. തീ ഭയത്തില്‍ മനസു തകര്‍ന്നിരിക്കുകയാണ് സഞ്ജയനും ഭാര്യ ശ്രീദേവിയും.

പേരക്കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്ന വീട് തീപിടിത്തത്തിലൂടെ ഏതാണ്ട് മുഴുവനായി തകര്‍ന്നിരിക്കുകയാണ്. സഞ്ജയന്‍ രാവിലെ പെയിന്‍റിംഗ് ജോലിക്ക് പോകും, ആംഗന്‍വാടിയില്‍ ജോലിക്ക് പോകുന്ന ശ്രീദേവി പകല്‍ സമയത്ത് വീട്ടില്‍ ഉണ്ടാകാറില്ല. പേരക്കുട്ടികളെ ബന്ധുവിന്റെ വീട്ടിലും ആക്കുന്നതിനാല്‍ ആരും വീട്ടില്‍ ഉണ്ടാകാറില്ല. അയല്‍വാസികളാണ് ഇന്നലെ തീപിടിച്ചപ്പോള്‍ വീട്ടുകാരെ വിളിച്ച് വിവരം അറിയിച്ചത്. ഇന്നലെ തീപിടുത്തത്തില്‍ വീട്ടിലെ ഫ്രിഡ്ജ്, ടിവി, കട്ടില്‍, അലമാര തുടങ്ങിയവ കത്തിനശിച്ചു. സംഭവത്തില്‍ അയല്‍വാസികളും ആശങ്കയിലാണ്.

Related posts