Set us Home Page

സര്‍ക്കാര്‍ ഓഫീസുകളെ അഴിമതി വിമുക്തമാക്കി, സ്വകാര്യ ആശുപത്രികളെ നിലയ്ക്കു നിര്‍ത്തി, ഡല്‍ഹിയിലെ ആംആദ്മി സര്‍ക്കാര്‍ മാതൃകയാകുന്നത് ഇങ്ങനെ

aap-2

വെബ്‌ഡെസ്ക്
ആം ആദ്മി എന്ന പാര്‍ട്ടി രാജ്യ തലസ്ഥാനത്ത് അധികാരത്തിലേറിയത് ഒരു വിപ്ലവത്തിലൂടെയായിരുന്നു. ബാലറ്റു പേപ്പറിലൂടെ വോട്ടര്‍മാര്‍ നടത്തിയ അഴിമതിവിരുദ്ധ വിപ്ലവത്തിലൂടെ. പ്രമുഖ പാര്‍ട്ടികളെ മലര്‍ത്തിയടിക്കുകയാണ് അരവിന്ദ് കേജരിവാള്‍ എന്ന രാഷ്ട്രീയക്കാരന്‍ ചെയ്തത്. തടസങ്ങളും പ്രതികൂല സാഹചര്യങ്ങളുമായിരുന്നു കൂടുതലെങ്കിലും തോല്‍ക്കാന്‍ തയാറാകാത്ത കേജരിവാളിന് ഡല്‍ഹിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാനായി. ഡല്‍ഹിയുടെ സമഗ്ര മേഖലയെയും പുരോഗതിയിലേക്ക് നയിക്കാന്‍ കേജരിവാളിനും കൂട്ടര്‍ക്കുമായി. അഴിമതിയില്ലാത്ത സുതാര്യ ഭരണമാണ് കേജരിവാള്‍ നടത്തിവരുന്നതെന്ന പ്രത്യേകതയുമുണ്ട്. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തി ജനപ്രീതി നേടിയ പാര്‍ട്ടിയാണ് എഎപി എന്നത് തന്നെയാണ് അതിന് കാരണം. വിദ്യാഭ്യഭ്യാസ മേഖലയിലും ഈ വിപ്ലവം ദൃശ്യമായിരുന്നു. ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷം വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ വന്‍കിട മാനേജ്‌മെന്റ് സ്കൂളിനെ പോലും വെല്ലുന്ന അടിസ്ഥാന സൗകര്യങ്ങളാണ് ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ ഒരുക്കിയിരിക്കുന്നത്. അന്താരാഷ്ട്ര വിദ്യാഭ്യാസ നിലവാരത്തിലേക്ക് കുതിക്കുകയാണ് ഡല്‍ഹിയിലെ സ്കൂളുകള്‍. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ടാണ് സ്കൂള്‍ പരിഷ്ക്കരണം.

ഡല്‍ഹി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ‘ചുനോട്ടി 2018’ ന്റ ഭാഗമായിട്ടാണ് ഡല്‍ഹിയിലെ സ്കൂളുകളെല്ലാം ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. എസി ക്ലാസ്സ് മുറികള്‍, മുറികളില്‍ പഠനത്തിനായി കമ്പ്യൂട്ടര്‍, എല്‍സിഡി സ്ക്രീന്‍, വിദ്യാര്‍ഥികള്‍ക്കുള്ള ഇരിപ്പിടങ്ങള്‍, എന്നിവയ്ക്ക് പുറമേ ആരോഗ്യ പരിപാലനത്തിന് ജിംനേഷ്യം, ശുദ്ധജലവും വൃത്തിയുള്ള കക്കൂസ് സൗകര്യങ്ങളും സ്കൂളുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്. വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ള അദ്ധ്യാപകര്‍ സംഗീതം, നൃത്തം, ചലച്ചിത്രം, കരകൗശല നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസും പരിശീലനവും സ്കൂളില്‍ ഉണ്ടാകും. സ്കൂള്‍ ടീച്ചര്‍മാരുടെ ജോലി പഠിപ്പിക്കുന്നത് മാത്രമാക്കി ആപ്പ് സര്‍ക്കാര്‍ നടപടി കൈക്കൊണ്ടിരുന്നു. ഇതുപ്രകാരം സെന്‍സസ്, പോളിയോ, ഇലക്ഷന്‍ വര്‍ക്ക് തുടങ്ങിയവയില്‍ ഡല്‍ഹി അധ്യാപകര്‍ ഒഴിവായി. അദ്ധ്യാപക-രക്ഷിതാക്കള്‍ ബന്ധം കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിനുള്ള പദ്ധതികളും തയ്യാറാക്കി. ടീച്ചര്‍മാര്‍ക്ക് ടാഹുകള്‍ വിതരണം ചെയ്തു. ഇതോടെ അവര്‍ക്ക് അറ്റന്‍ഡന്‍സ് ഷീറ്റ്, മറ്റു റിപ്പോര്‍ട്ടുകള്‍ എന്നിവ തയ്യാറാക്കുബോഴുള്ള സമയം ലാഭിക്കാനും, സ്കൂളില്‍ ഹാജരാകാത്ത കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് എസ്എംഎസ് വഴി അറിയിപ്പ് നല്‍കാനും സാധിക്കുന്നു.

പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി സ്കൂള്‍ പ്രിന്‍സിപ്പല്‍മാരെ കേംബ്രിജ് പോലുള്ള സര്‍വകലാശാലയില്‍ അയച്ചു ട്രെയിനിങ് നല്‍കുന്നുണ്ട്. സ്കൂള്‍ ടീച്ചര്‍മാരെ സിംഗപ്പൂര്‍ പോലുള്ള മികച്ച രാജ്യങ്ങളില്‍ അയച്ചും ട്രെയിനിംഗ് നല്‍കുന്നുണ്ട്. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ മുന്നോട്ട് കൊണ്ടുവരാനുള്ള പ്രത്യേക പദ്ധതിയും നടപ്പാക്കി വരുന്നു. സാധാരണക്കാരെ ലക്ഷ്യമാക്കിയാണ് എല്ലാ പദ്ധതികളും തയാറാക്കുന്നതെന്ന പ്രത്യേകതയുമുണ്ട് എഎപി സര്‍ക്കാരിന്.

സൗജന്യ കുടിവെള്ളം, പകുതി നിരക്കില്‍ വൈദ്യുതി, അഴിമതി വിരുദ്ധ സെല്‍ തുടങ്ങിയവയാണ് എഎപി സര്‍ക്കാരിന്റെ മറ്റ് നേട്ടങ്ങള്‍. ആം ആദ്മി സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ ഹെല്‍പ് ലൈനും പ്രവര്‍ത്തിച്ചുവരുന്നു. 1031 ആണ് ഹെല്‍പ് ലൈന്‍ നമ്പര്‍. ഈ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ ഉപയോഗിച്ച് ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതിയുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാം. രണ്ട് വര്‍ഷം കൊണ്ട് ഹൈല്‍പ്പ്‌ലൈനില്‍ ഒരു ലക്ഷത്തിലധികം ഫോണ്‍ കോളുകള്‍ വന്നുവെന്നാണ് എഎപി പുറത്തുവിട്ട കണക്ക്. ഇതില്‍ ഭൂരിപക്ഷവും ഡല്‍ഹി പൊലീസിനെതിരെയായിരുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹൈല്‍പ്പ്‌ലൈന്‍ നിയന്ത്രിക്കുന്ന് ഒരു കൂട്ടം പാര്‍ട്ടി പ്രവര്‍ത്തകരാണ്.

ഇംഗ്ലീഷിലും ഹിന്ദിയിലും കോളുകള്‍ സ്വീകരിക്കും. ഇവരാണ് രഹസ്യ ഓപ്പറേഷനുകള്‍ക്ക് നിര്‍ദേശിക്കുന്നതും. വരുന്ന ടെലിഫോണ്‍ കോളുകളെ ഗൗരവമുള്ളവയെന്നും ഇല്ലാത്തവയെന്നും രണ്ടായി തിരിക്കുകയും ചെയ്യും. ഏതെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പറ്റിയുള്ള അഴിമതിയോ വിഡിയോ, ഓഡിയോ തെളിവോ ഉണ്ടെങ്കില്‍ 1031 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ അറിയിക്കുക. 48 മണിക്കൂറിനുള്ളില്‍ അഴിമതി വിരുദ്ധ സംഘം പരാതിക്കാരനുമായി സംസാരിക്കുകയോ തുടര്‍ അന്വേഷണത്തിനായി തെളിവുകള്‍ വാങ്ങുകയോ ചെയ്യും. ഡല്‍ഹിയില്‍ എഎപി പാര്‍ട്ടി അധികാരത്തിലേറി രണ്ടാം വര്‍ഷം ലോക്കല്‍ സര്‍കിള്‍സ് എന്ന സാമൂഹ്യ മാധ്യമ കൂട്ടായ്മ നടത്തിയ സര്‍വ്വേയില്‍ മികച്ച പ്രതികരണമാണ് ഡല്‍ഹി നിവാസികളില്‍ നിന്ന് ലഭിച്ചത്.  അഴിമതി നിയന്ത്രിക്കുന്നതിന് പുറമെ ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളവിതരണം, വൈദ്യുതി നിരക്ക് എന്നീ മേഖലകളിലും മികച്ച പ്രകടനമാണ് കേജരിവാള്‍ സര്‍ക്കാര്‍ നടത്തിയതെന്നും സര്‍വെയില്‍ നിന്ന് വ്യക്തമായിരുന്നു.

കൂടാതെ ഡല്‍ഹി സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസ് നിരക്കില്‍ കുത്തനെ കുറവ് വരുത്തി. മിനിമം നിരക്കില് പകുതിയും ഒരു മാസം കാലാവധിയുള്ള പാസിന് 75 ശതമാനം വരെയുമാണ് നിരക്ക് കുറച്ചത്. നഗരത്തിലെ വാഹനപ്പെരുപ്പവും അന്തരീക്ഷ മലിനീകരണവും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പൊതുഗതാഗത സംവിധാനത്തിലേക്ക് കൂടുതല് ആളുകളെ ആകര്‍ഷിക്കാനായിടാടണ് ഇത്തരം നീക്കം നടത്തിയത്. സാധാരണ എസി ഇല്ലാത്ത ബസുകള്‍ക്ക് അഞ്ച് മുതല് 15 വരെ രൂപയായിരുന്നു നിരക്ക്. ഇത് അഞ്ച് രൂപയാക്കി കുറച്ചു. എ.സി ബസുകള്‍ക്ക് ഇപ്പോഴുള്ള 10 മുതല് 25 വരെ രൂപ എന്ന നിരക്ക് 10 ആയി കുറച്ചു. ഒരു മാസത്തേക്കുള്ള പാസിന് എ.സി ബസുകളില് 1,000 രൂപയും എ.സി ഇല്ലാത്ത ബസുകളില് 800 രൂപയുമാണ്. ഇത് 250 ആക്കിയും കുറച്ചിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബങ്ങളിലെ സ്ത്രീകള്‍ക്കും 21 വയസിന് താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി പാസ് നല്‍കുകയും ചെയ്തുവരുന്നു.

നിയമങ്ങള്‍ പാലിക്കാത്ത കോര്‍പറേറ്റുകള്‍ക്കെതിരേ വടിയെടുക്കാനും സര്‍ക്കാര്‍ മടിച്ചില്ല. നിര്‍ദേശം പാലിക്കാത്ത ഡല്‍ഹിയിലെ അഞ്ച് സ്വകാര്യ ആശുപത്രികള്‍ക്ക് ആംആദ്മി സര്‍ക്കാര്‍ 600 കോടിരൂപ പിഴയിട്ടു. പാവപ്പെട്ടവര്‍ക്ക് ചികിത്സ നിഷേധിച്ചതാണ് പ്രധാന കാരണം. സര്‍ക്കാരിന്റെ നയമായ പാവങ്ങള്‍ക്ക് സൗജന്യ നിരക്കില്‍ ചികിത്സ നല്‍കണമെന്ന നിര്‍ദേശം പാലിക്കാത്തതാണ് പിഴയ്ക്ക് കാരണമായത്. കിടത്തി ചികിത്സിയ്ക്കുന്ന 10 ശതമാനം പാവപ്പെട്ടവര്‍ക്ക് സൗജന്യ നിരക്കില്‍ ചികിത്സ നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഒ.പി വിഭാഗത്തിലെ 25 ശതമാനം പാവപ്പെട്ടവരില്‍ നിന്ന് സൗജന്യ നിരക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളുവെന്ന നിര്‍ദേശവുമുണ്ട്. ജലമലിനീകരണത്തിനും കുടിവെള്ള പ്രശ്‌നത്തിനും പരിഹാരമായി കൊണ്ടുവന്ന പൈലറ്റ് പദ്ധതി, ടാപ്പ് ടു ടോയ്‌ലറ്റ് പദ്ധതി എന്നിവയും വന്‍ വിജയമായിരുന്നു. പൈലറ്റ് പദ്ധതിയില്‍ നിന്ന് 400 ലിറ്റര്‍ കുടിവെള്ളമാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. തെരുവുനിവാസികളെ പിനരധിവസിപ്പിക്കുന്നതിനായുള്ള പദ്ധതിയ്ക്കും തുടക്കമിട്ടിട്ടുണ്ട്. നാല് വ്യത്യസ്ത സ്ഥലങ്ങളിലായി 6178 ഫഌറ്റുകള്‍ നിര്‍മിക്കാനാണ് പദ്ധതി.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS