മഞ്ജുവിന്റെ ഏറ് കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു; നടിയെ ആക്രമിച്ച ക്വട്ടേഷനില്‍ നടനേയും സംവിധായകനേയും ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്; പള്‍സര്‍ സുനിയുടെ കൂട്ടുകാരന്റെ മൊഴി നിര്‍ണായകമാവും

pulserകൊച്ചി: നടിയെആക്രമിച്ച കേസിലെ ഗൂഢാലോചന ഒടുവില്‍ മറനീക്കി പുറത്തുവന്നു. പള്‍സര്‍ സുനിയില്‍ നിന്നു തന്നെയാണ് പോലീസ് ഇക്കാര്യം അറിഞ്ഞത്. ഈ വെളിപ്പെടുത്തലില്‍ സിനിമയിലെ പല പ്രമുഖരും കുടുങ്ങുമെന്നാണ് സൂചന. മഞ്ജുവാര്യര്‍ ആരോപിച്ചതിന് സമാനമായ ഗൂഢാലോചനാ വിവരങ്ങളാണ് പുറത്തുവരുന്നത്. നടിയെ ആക്രമിച്ച കേസില്‍ പ്രമുഖ നടനെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യും. സംവിധായകനും നടനുമായ മറ്റൊരാള്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് വിവരം. സഹതടവുകാരോടും ജയിലറോടും മുമ്പ് സുനി മനസു തുറന്നിരുന്നു. ഇതിന് പിന്നാലെയാണ് നിര്‍ണ്ണായക നീക്കങ്ങള്‍ ഉണ്ടാകുന്നത്. നടിയെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയുടെ വിവരങ്ങള്‍ സുനിയുടെ സുഹൃത്തായ മറ്റൊരു തടവുപുള്ളിയാണ് പോലീസിനു കൈമാറിയത്. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയോടൊപ്പം കാക്കനാട് ജില്ലാ ജയിലില്‍ കഴിഞ്ഞ മറ്റൊരു കേസിലെ പ്രതി ചാലക്കുടി സ്വദേശി ജിന്‍സനാണു വിവരങ്ങള്‍ നല്‍കിയത്.

ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന് സിനിമയിലെ വനിതാ സംഘടന മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഗൂഢാലോചനയുടെ കഥ വിവരിച്ച് സിനിമാ നിര്‍മിക്കാന്‍ പദ്ധതിയിടുകയും ചെയ്തു.ഇതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍ ഉണ്ടാകുന്നത്. നടിയെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടനേയും സംവിധായകനേയും ചോദ്യം ചെയ്യാനാണ് തീരുമാനം. ഇവരെ ആരും സഹായിക്കാന്‍ വരണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി കഴിഞ്ഞു. മഞ്ജു വാര്യരുടെ നിരീക്ഷണങ്ങള്‍ ശരിയാണെന്ന നിലപാടാണ് മുഖ്യമന്ത്രിക്കുമുള്ളത്. ഇതോടെ സിനിമയിലെ പ്രമുഖ നടന്‍ മധ്യസ്ഥ ശ്രമങ്ങളില്‍ നിന്ന് പിന്മാറി. ഇതും ഗൂഢാലോചനക്കാര്‍ക്ക് വിനയായി. ഒരു തരത്തിലുമുള്ള ഇടപെടല്‍ ഉണ്ടാകില്ലെന്ന് പൊലീസ് മേധാവി ടിപി സെന്‍കുമാറും ഉറപ്പാക്കിയിട്ടുണ്ട്.

നടിയെ ആക്രമിച്ചതിന്റെ വിശദാംശങ്ങള്‍ വള്ളി പുള്ളി വിടാതെ പള്‍സര്‍ സുനി ജിന്‍സനോടു പറഞ്ഞിരുന്നു. ഇതറിഞ്ഞ അന്വേഷണസംഘം ജിന്‍സന്റെ മൊഴിയെടുക്കുകയായിരുന്നു. നെടുമ്പാശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പു കേസില്‍ പ്രതിയായ ജിന്‍സനെ റിമാന്‍ഡ് ചെയ്തിരുന്ന മുറിയിലാണു പള്‍സര്‍ സുനിയേയും പാര്‍പ്പിച്ചത്. സുഹൃത്തുക്കളായി മാറിയതോടെയാണ് പള്‍സര്‍ സുനി രഹസ്യങ്ങള്‍ ഇയാളുമായി പങ്കുവച്ചത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പള്‍സര്‍ സുനി വെളിപ്പെടുത്താതിരുന്ന പല രഹസ്യങ്ങളും ജിന്‍സനോടു പറഞ്ഞു. ജിന്‍സന്‍ പറഞ്ഞതു ശരിവയ്ക്കുന്ന നിലപാടാണു സുനി സ്വീകരിച്ചത്. ഇതോടെയാണ് ഗൂഢാലോചനായുടെ അണിയറക്കഥകള്‍ പുറത്താകുന്നത്.

സഹതടവുകാരന്റെ മൊഴി മജിസ്‌ട്രേട്ട് മുന്‍പാകെ രേഖപ്പെടുത്തി കുറ്റപത്രത്തിന്റെ ഭാഗമാക്കാനാണ് പൊലീസിനു നിയമോപദേശം ലഭിച്ചത്. അന്വേഷണ സംഘത്തിന്റെ അപേക്ഷയില്‍ ആലുവ മജിസ്‌ട്രേട്ട് രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു. മൊഴി മുദ്രവച്ച കവറില്‍ കേസ് പരിഗണിക്കുന്ന കോടതിക്കു കൈമാറണം. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ കൂടുതല്‍ തെളിവു ലഭിച്ചാല്‍ തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം നല്‍കാം. പുതിയ മൊഴികള്‍ തെളിവു നിയമപ്രകാരം പ്രോസിക്യൂഷനു സഹായകരമല്ല. ഈ സാഹചര്യത്തില്‍ കരുതലോടെയാണ് നീക്കം.

ഇതിനിടെ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ മുഖ്യപ്രതികളായ പള്‍സര്‍ സുനി, െ്രെഡവര്‍ കൊരട്ടി സ്വദേശി മാര്‍ട്ടിന്‍, തിരുവല്ല സ്വദേശി പ്രദീപ് എന്നിവരാണു കോടതിയില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്താന്‍ ഒരുങ്ങുന്നുവെന്ന് മറുനാടന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫെബ്രുവരി 17 ന് രാത്രിയാണു നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. ഏപ്രില്‍ 18ന് ഇവരടക്കം ഏഴു പ്രതികള്‍ക്കെതിരെ കുറ്റപത്രവും സമര്‍പ്പിച്ചതോടെ പ്രതികള്‍ക്കു ജാമ്യം ലഭിക്കാത്ത സാഹചര്യമുണ്ടായി. എന്നാല്‍ കേസില്‍ ഗൂഢാലോചന നടത്തിയവര്‍ പ്രതിസ്ഥാനത്തു വരാതെ ഇപ്പോഴും നിയമത്തിനു പുറത്തു നില്‍ക്കുന്നുവെന്ന നിലപാടാണ് പ്രതികള്‍ക്കുള്ളതെന്നും ഇവര്‍ ഇക്കാര്യം കോടതി മുന്‍പാകെ ഉന്നയിക്കുമെന്നുമായിരുന്നു ഇവരുമായി അടുപ്പമുണ്ടായിരുന്നവരില്‍ ചിലരില്‍ നിന്നും ലഭിച്ച വിവരമെന്ന രീതിയില്‍ വാര്‍ത്ത പുറത്തുവന്നത്.

പള്‍സര്‍ സുനിയെ ആവേശത്തിലാക്കി നടിയെ തട്ടിക്കൊണ്ടു വന്നതിന് പിന്നില്‍ സിനിമയിലെ അണിയറക്കാര്‍ തന്നെയെന്നത് പൊലീസിനും വ്യക്തമായി കഴിഞ്ഞു.ഇവര്‍ വിഡിയോ അനായാസമായി ലഭിക്കുമെന്നും നടിയെ വേഗത്തില്‍ ഭയപ്പെടുത്താന്‍ സാധിക്കുമെന്നും വഴങ്ങുമെന്നുമുള്ള ധൈര്യം സുനിക്ക് കൊടുത്തിരുന്നു. നടി ഇതൊരിക്കലും പുറത്തു പറയില്ലെന്നായിരുന്നു എല്ലാവരും കരുതിയത്. ഇതാണ് പൊളിഞ്ഞത്. തൃക്കാക്കര എംഎല്‍എ പിടി തോമസ് സ്ഥലത്ത് എത്തിയതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍. ഒത്തുതീര്‍പ്പ് ശ്രമമെല്ലാം ഇതോടെ പൊളിഞ്ഞു. സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. കേസിലാകെ ഏഴു പ്രതികളാണുള്ളത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. 375 പേജുള്ള കുറ്റപത്രത്തില്‍ 165 സാക്ഷികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്തായാലും വരും ദിവസങ്ങളില്‍ വലിയ പൊട്ടിത്തെറികളുണ്ടാവുമെന്ന് ഉറപ്പാണ്.

Related posts