മദ്യപിക്കാന്‍ തുടങ്ങിയത് വിവാഹശേഷം, ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെല്ലാം ഒരിക്കല്‍ ആത്മകഥയാക്കും, മകളെ സിനിമയിലേക്ക് വിടില്ല, ഉര്‍വശി മനസുതുറക്കുന്നു

Actress Urvashi in Savale Samali Movie Latest Stillsമലയാള സിനിമയില്‍ അഭിനയപാടവം കൊണ്ട് ഏവരെയും വിസ്മയിപ്പിച്ച നടിയാണ് ഉര്‍വശി. പത്താംവയസില്‍ ക്യാമറയ്ക്കു മുന്നിലേക്കെത്തിയ നടി. സൂപ്പര്‍സ്റ്റാറുകളുടെയെല്ലാം നായികയായി തിളങ്ങിയ ഉര്‍വശിക്ക് പക്ഷേ ഇടക്കാലത്ത് കുടുംബജീവിതത്തില്‍ താളംതെറ്റി. മനോജ് കെ. ജയനുമായുള്ള പ്രണയവിവാഹവും ഡൈവോഴ്‌സും വാര്‍ത്തകളില്‍ എന്നും നിറഞ്ഞുനിന്നു. മനോജുമായുള്ള വേര്‍പിരിയലിനുശേഷം രണ്ടാംവിവാഹം കഴിച്ച ഉര്‍വശി വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. അടുത്തിടെ ഓസ്‌ട്രേലിയയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ എസ്ബിഎസ് മലയാളം റേഡിയോ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ഉര്‍വശി ചില പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്തു.

മകള്‍ കുഞ്ഞാറ്റയെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ അനുവദിക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടി ഇപ്രകാരം-ഒരിക്കലും മകളെ സിനിമയിലേക്ക് വിടില്ല. എനിക്ക് അത് ഇഷ്ടമല്ല. ഞാന്‍ സിനിമ ഇഷ്ടപ്പെട്ട് വന്നതല്ല. അതുകൊണ്ട് തന്നെ മകള്‍ സിനിമയിലെത്തുന്നതിനോട് താല്പര്യമില്ല. ആദ്യമായിട്ടാണ് ഒരു ഇന്റര്‍വ്യൂവില്‍ ഇക്കാര്യം പറയുന്നത്. അമ്മയ്‌ക്കൊപ്പമാണ് ഇപ്പോള്‍ കുഞ്ഞാറ്റ കഴിയുന്നത്. കല്പനച്ചേച്ചിയുടെ മകളും ഒപ്പമുണ്ട്.

ഇടക്കാലത്തുണ്ടായ വിവാദങ്ങളെക്കുറിച്ച് അവതാരക ചോദിച്ചപ്പോഴാണ് ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് തുറന്നെഴുതുമെന്നും ആത്മകഥയില്‍ ഇക്കാര്യങ്ങളെല്ലാം ഉണ്ടാകുമെന്നും ഉര്‍വശി പറഞ്ഞത്. വിവാഹത്തിനുശേഷമാണ് ഞാന്‍ മദ്യപിക്കാന്‍ തുടങ്ങിയത്. പ്രസവിക്കുന്നതിനു തൊട്ടുമുമ്പ് വരെ അഭിനയിച്ചു. പ്രസവശേഷം രണ്ടുമാസം കഴിഞ്ഞപ്പോള്‍ അഭിനയിക്കേണ്ടിവന്നു. എല്ലാവരും ഒരുമിച്ചിരുന്നു ഡ്രിക്‌സ് കഴിക്കുന്നതായിരുന്നു അവിടുത്തെ (ഭര്‍തൃവീട്ടിലെ) രീതി. എല്ലാ കാര്യങ്ങളും ഞാന്‍ തുറന്നെഴുതും (കരയുന്നു). അത്രമാത്രം അനുഭവിച്ചുവെന്നും ഉര്‍വശി പറയുന്നു.

കിട്ടിയ റോളുകളൊക്കെ സൂപ്പര്‍ഹിറ്റാക്കിയത് എന്റെ മാത്രം കഴിവുകൊണ്ടല്ല. കാക്കത്തൊള്ളായിരത്തിലെ ബുദ്ധിവികാസമില്ലാത്ത കഥാപാത്രം എനിക്ക് പരിചയമുള്ള കുട്ടിയെ അനുകരിച്ചതാണ്. ആ സിനിമ ചെയ്യുംമുമ്പ് ആ കുട്ടിയുമായി സംസാരിച്ചിരുന്നു. അങ്ങനെ ചില കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. തലയിണമന്ത്രത്തിലെ കഥാപാത്രത്തിന് എന്റെ അമ്മായിയുമായി സാദൃശ്യമുണ്ട്. സിനിമയില്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്ന ആഗ്രഹത്തിലോ പ്രതീക്ഷയിലോ അല്ല അഭിനയം തുടങ്ങിയത്. ഓരോ സിനിമ കഴിയുമ്പോഴും ഞാന്‍ പറയുമായിരുന്നു ഇത് കഴിയുമ്പോള്‍ ഞാന്‍ കോളജില്‍പോകും. ഇനി ഞാന്‍ അഭിനയിക്കില്ലെന്നൊക്കെ പറയും. പക്ഷേ സംഭവിക്കുന്നത് മറിച്ചാണ് താനും- ഉര്‍വശി പറഞ്ഞു.

Related posts