നായയെ ഒരു ദിവസത്തേക്കു ദത്തെടുക്കുക ടൂര്‍ അടിച്ചുപൊളിക്കുക, ഇഷ്ടപ്പെട്ടെങ്കില്‍ സ്വന്തമാക്കുക, കുവായി ദ്വീപിലെ വിശേഷങ്ങള്‍ ഇതാ

dog-2ഒരിക്കലെങ്കിലും ഹവായി ദ്വീപുകള്‍ സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്ക് അവിടംവിട്ടു പോരാന്‍ തോന്നുകയില്ല. അത്ര മനോഹരമാണ് അവിടുത്തെ ജീവിതം. വിനോദസഞ്ചാരികളുടെ പറുദീസയായ ഹവായിയന്‍ ദ്വീപുകളില്‍ നായക്കുട്ടികള്‍ക്ക് എന്താണ് പ്രാധാന്യമെന്നു ചോദിച്ചാല്‍ അതിനുത്തരം നല്‍കുന്നത് കുവായി ഹ്യൂമന്‍ സൊസൈറ്റി എന്ന സംഘടനയായിരിക്കും. ഹവായിലെ ഒരു കുഞ്ഞുദ്വീപാണ് കുവായി. ഇവിടം സന്ദര്‍ശിക്കുന്നവര്‍ തങ്ങളുടെ ജീവിതത്തിലെ ഒരു യക്ഷിക്കഥ യാഥാര്‍ഥ്യമാവുന്നതിന്റെ ത്രില്ലിലായിരിക്കും മടങ്ങിപ്പോവുക. കാരണം ഇവിടെ പലതും മറ്റുള്ളിടത്ത് കേട്ടുകേഴ്‌വി പോലുമില്ലാത്ത കാര്യങ്ങളാണ്. ഇവിടെ വിനോദ സഞ്ചാരം നടത്തുന്ന ഏവര്‍ക്കും ഒരു ദിവസത്തേക്ക് ഒരു നായയെ ദത്തെടുക്കാനുള്ള അവസരമാണ് കുവായി ഹ്യൂമന്‍ സൊസൈറ്റി(കെഎച്ച്എസ്്) ഒരുക്കുന്നത്.

വിനോദ സഞ്ചാരികള്‍ പോകുന്ന ബീച്ച് , നഴ്‌സിംഗ് ഹോമുകള്‍, സ്കൂളുകള്‍, ലൈബ്രറികള്‍ എന്നിവയുള്‍പ്പെടെ എല്ലായിടങ്ങളിലും മക്കളേപ്പോലെ നായകളെയും കൊണ്ടുപോവാം. നായകളെ ദത്തെടുക്കുന്നതിനാവട്ടെ നയാപ്പൈസ ചിലവുമില്ല. മനുഷ്യരുമായി ഇടപെടുന്നതും സ്‌നേഹബന്ധം പുലര്‍ത്തുന്നതും നായകളെ കൂടുതല്‍ ബുദ്ധിമാന്മാരാക്കുമെന്നാണ് കെഎച്ച്എസ് പറയുന്നത്. മാത്രമല്ല സാഹസിക കാര്യങ്ങള്‍ ചെയ്യുന്നത്് ഇഷ്ടപ്പെടുന്ന നായ്ക്കള്‍ തങ്ങളുടെ യജമാനന്മാരുടെ സുരക്ഷയേക്കുറിച്ച് കൂടുതല്‍ ബോധവാന്മാരുമാകുമെന്നും അവര്‍ കരുതുന്നു.

ഇനി യാത്രയില്‍ നായകളും നിങ്ങളും തമ്മില്‍ അഗാധമായ ഹൃദയബന്ധം ഉടലെടുത്താല്‍ നിങ്ങള്‍ക്ക് ആ നായയെ എന്നന്നേക്കുമായി സ്വന്തമാക്കാനും കഴിയും. നായയുമായി നിങ്ങളുടെ നാട്ടിലേക്കു പറക്കാന്‍ വേണ്ട സഹായങ്ങള്‍ കെഎച്ച്എസ് ചെയ്തുതരും. നിങ്ങള്‍ക്ക് നായയെ വീട്ടിലേക്കു കൊണ്ടുപോകാന്‍ താത്പര്യമില്ലെങ്കില്‍ “”എന്നെ ദത്തെടുക്കൂ” എന്ന് ഭാവത്തിലൂടെ പറഞ്ഞുകൊണ്ട് നായ നമ്മുടെ മുമ്പില്‍ നടക്കുമെന്നും സൊസൈറ്റി പറയുന്നു. നായകള്‍ക്കൊപ്പമുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ അപ് ലോഡ് ചെയ്യുന്നതുവഴി ഇവരെ ദത്തെടുക്കാന്‍ കൂടുതല്‍ ആളുകള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് സൊസൈറ്റി അധികൃതര്‍. ഏകദിന യാത്രയ്ക്കിടയില്‍ ഏതെങ്കിലും നായ തിരിച്ച് സൊസൈറ്റിയില്‍ എത്തിയാല്‍ അതിനര്‍ഥം പോയവര്‍ക്കൊപ്പം അവന്‍ ഒട്ടും സന്തോഷവാനായിരുന്നില്ല എന്നാണെന്നും സൊസൈറ്റി അധികൃതര്‍ പറയുന്നു. എന്തായാലും പല നായ്ക്കളും ഏകദിന ടൂറിനു ശേഷം കടല്‍ കടക്കുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്.

Related posts