Set us Home Page

എംബിഎയ്ക്കുശേഷം കൃഷി! പിന്തുണയുമായി അച്ഛനും അമ്മയും

കാടിനു സമാനമായ അന്തരീക്ഷമുള്ള വീടിനു സമീപമെത്തുന്പോൾ തന്നെ പൂത്തുലഞ്ഞു നിൽക്കുന്ന ഗ്രാന്പൂ മരങ്ങൾ കാണാം. ഇവയുടെ സുഗന്ധവുമേറ്റാണ് വീടിനുള്ളിലേക്കു കയറുക. കായ്ഫലമുള്ള 40 ഗ്രാന്പൂ മരങ്ങൾ ഇവിടെയുണ്ട്. ഒരുവർഷം 100 കിലോ ഗ്രാന്പൂ ഇതിൽ നിന്നും വിളവെടുക്കുന്നു. പ്രത്യേക വളപ്രയോഗമൊന്നും നടത്താറില്ല. സ്പൈസസ് ബോർഡിന്‍റെ കൊച്ചിയിലെ കേന്ദ്ര ഓഫീസിലാണ് ഗ്രാന്പൂ നൽകുന്നത്. പുറംമാർക്കറ്റിലെ വിലയേക്കാൾ മെച്ചപ്പെട്ട വില ഇതുമൂലം അവിരാച്ചന് ലഭിക്കുന്നു. ശബരിമല സീസണിൽ ഇത്തവണ നല്ല വില ഗ്രാന്പൂവിന് ലഭിച്ചു. നാടൻ ഇനമാണ് കൃഷിക്കുപയോഗിക്കുന്നത്. നല്ല വിളവു ലഭിക്കുന്നുണ്ടെങ്കിലും ഗ്രാന്പൂ വിളവെടുപ്പിലെ ബുദ്ധിമുട്ട് അവിരാച്ചൻ മറച്ചുവയ്ക്കുന്നില്ല. വലിയ മരങ്ങളിലെ പൂ കൃത്യസമയത്ത് പറിച്ചെടുത്ത് ഉണക്കുന്നതും അവിരാച്ചൻ തന്നെ.

മൂന്നു തരം കുരുമുളകാണ് ഇവിടെ കൃഷിചെയ്യുന്നത്. കരിമുണ്ട, പെരുംകൊടി, പാലായിലെ തനതു ജനുസായ കാണിയക്കാടൻ എന്നിവയാണിവ. ഒന്നരാടം വർഷം കയ്ക്കുന്ന സ്വഭാവമുള്ള കാണിയക്കാടന് തൊലിക്കനം കുറവായതിനാൽ പക്ഷികൾ തിന്നില്ല. കേടില്ലാത്ത ഇതിന് എരിവും ആയുസും കൂടുതലാണ്. നീണ്ട ഇലയുള്ള ഇതിന് കായ്ഫലം കുറവായിരിക്കും.

കുരുമുളകിന് വർഷത്തിലൊരുപ്രാവശ്യം ചാണകംമാത്രം വളമായി നൽകുന്നു. 500 കിലോ കുരുമുളക് വർഷം ലഭിക്കുന്നു. റോബസ്റ്റ, അറബിക്കാ ഇനത്തിൽപ്പെട്ട കാപ്പിയും പുരയിടത്തെ ആകർഷകമാക്കുന്നു. കൊക്കോ, ജാതി, കശുമാവ്, തെങ്ങ്, കവുങ്ങ്, വാഴ, പേര,റബർ, തെങ്ങ് എന്നിവയെല്ലാം ശരിയായ അകലത്തിൽ നട്ട് സംവിധാനം ചെയ്ത ഒരു കാർഷിക തോട്ടമാണ് വീട്ടുപരിസരത്തുള്ളത്. 15 അടി നീളവും 13 അടി വീതിയുമുള്ള വീട്ടുമുറ്റത്തെ ജലസംഭരണിയിൽ ജയന്‍റ് ഗൗരാമി മത്സ്യത്തെ വളർത്തുന്നു. ചേന്പിലയാണ് ഇവയുടെ മുഖ്യഭക്ഷണം. 60 മത്സ്യങ്ങൾക്കുവരെ ഇതിൽ സുഖമായി കഴിയാം. 10 കിലോയിലധികം തൂക്കംവരുന്ന രുചിയേറിയ രോഗങ്ങളധികമില്ലത്ത മീനാണിത്.

മീൻ വീട്ടാവശ്യത്തിനെടുക്കുന്നതിനൊപ്പം ആവശ്യക്കാർക്ക് നൽകുകയും ചെയ്യുന്നു. മീൻകുളത്തിനു സമീപത്തെ കൂടുകളിൽ വിവിധ നാടൻ ഇനം മുയലുകളെ വളർത്തുന്നു. പറന്പിലെ വ്യത്യസ്തമായ ഇലകളാണ് ഇവയ്ക്ക് ഭക്ഷണമായി നൽകുന്നത്. വീടിനു സമീപത്തെ ഷെഡ്ഡുകളിലും മറ്റും തൂക്കിയിട്ട 50 കുടങ്ങളിലും പെട്ടികളിലും തേനീച്ച വളർത്തുന്നു. വർഷം 25 കിലോ ചെറുതേൻ ഇതിൽ നിന്നും ലഭിക്കുന്നു. ഒരു കുപ്പിക്ക് 2000 രൂപ നിരക്കിലാണ് തേൻ വിൽപന. തേനീച്ചയുള്ളതിനാൽ പല ഫലവൃക്ഷങ്ങളും സമൃദ്ധമായ വിളവു നൽകുന്നു. പ്ലാവുകളിൽ നിന്നും 25000 രൂപയുടെ ചക്കയാണ് ഒരു വർഷം വിൽക്കുന്നത്. ഒരു ചക്കയ്ക്ക് 25 രൂപ നിരക്കിലായിരുന്നു വിൽപന.

മാങ്ങ, കപ്പ, ചേന്പ് ചേന, കാച്ചിൽ, ചെറുകിഴങ്ങ്, കടച്ചക്ക എന്നിവയെല്ലാം പുരയിടത്തിൽ സമൃദ്ധമായ വിളവു നൽകുന്നു. മൂന്നു കുടന്പുളിയിൽ നിന്നും വിൽക്കുന്നതിനും വീട്ടാവശ്യത്തിനും പുളി ലഭിക്കുന്നു. ചീര, പയർ, പാവയ്ക്ക, വഴുതന, പച്ചമുളക്, മുരിങ്ങ, മുട്ടച്ചീര, ചുവന്നചീര തുടങ്ങി വിവിധതരം പച്ചക്കറികളും ജൈവരീതിയിൽ വിളയിക്കുന്നു. മുഴുത്ത കശുവണ്ടി ലഭിക്കുന്ന നാടൻ കശുമാവാണിവിടെയുള്ളത്.

കൽകൂന്തലിലെ ഏലത്തോട്ടം

കട്ടപ്പന നെടുങ്കണ്ടം കൽകൂന്തലിലെ 15 ഏക്കർ ഏലത്തോട്ടത്തിലും അവിരാച്ചൻ ചില പരീക്ഷണങ്ങൾ നടത്തി. ഏലം റീപ്ലാന്‍റ് ചെയ്യുന്നതിനൊപ്പം മാലിമുളകും നട്ടു. മുളകുപൊടിക്ക് എരിവുകൂട്ടാനായി ഉപയോഗിക്കുന്ന ഒന്നാണ് ഈ മുളക്. 75 തൈകൾ പരീക്ഷണാടിസ്ഥാനത്തിൽ വച്ചു. ആഴ്ചയിൽ 10 കിലോ മുളകു ലഭിച്ചുകൊണ്ടിരിക്കുന്നു. കിലോയ്ക്ക് 240 രൂപവരെ ഇതിനു വില ലഭിച്ചു. നവംബറിൽ നട്ട് വേനലിൽ നനച്ച് ജനുവരി, ഫെബ്രുവരിമാസങ്ങളിൽ കായ്ഫലം തരത്തക്കവിധത്തിലാണ് ഇവ നട്ടത്. മാർച്ച്, ഏപ്രിൽ മാസങ്ങളായിരുന്നു വിളവെടുപ്പുകാലം.

എപ്പോഴും വിളവുലഭിക്കുന്ന ഈ മുളകിന് പ്രത്യേകിച്ച് വളപ്രയോഗമോ പരിചരണമോ ആവശ്യമില്ല. നാല് ഏലച്ചുവടുകൾക്ക് നടുവിൽ ഒന്നെന്ന രീതിയിലാണ് മാലിമുളക് നട്ടത്. ഏലത്തിനെ കൊടുംചൂടിൽ നിന്നു രക്ഷിക്കാൻ മുകളിലൂടെ ഗ്രീൻ നെറ്റ് വലിച്ചു കെട്ടിയിരിക്കുന്നു. ഏലത്തോട്ടങ്ങൾക്കു നടുവിലുള്ള പാഴ്മരങ്ങളിൽ പടർത്തിയിരിക്കുന്ന കുരുമുളക് മികച്ച വിളവു നൽകുന്നു. ഏലംകൃഷിക്കു വരുന്ന ചെലവ് കുരുമുളകിൽ നിന്നു ലഭിക്കുന്നുണ്ടെന്ന് അവിരാച്ചൻ പറയുന്നു. തോട്ടത്തിലെ നാലുകുളങ്ങളിൽ ജലം സമൃദ്ധമായതിനാൽ വേനൽക്കാലം ഒരു പേടി സ്വപ്നമാകുന്നില്ല.ജലസേചനത്തിനായി ഒരു കുഴൽകിണറും ജലം സംഭരിക്കാൻ രണ്ടു ടാങ്കുകളും തീർത്തിരിക്കുന്നു. ഏലത്തോട്ടത്തിനു നടുവിലൂടെ ഇട്ടിരിക്കുന്ന ജിഐ പൈപ്പുകളിലെ വാൽവുകളിൽ ഹോസ് കുത്തുന്പോൾ ജലം ഇതിലേക്കു പ്രവഹിക്കുന്നു. ഇതിനാൽ നനയ്ക്കാനായി മോട്ടോർ വേണ്ടിവരുന്നില്ല.

വളരെ കൃത്യതയോടെയുള്ള പരിപാലന മുറകളാണ് ഏലത്തോട്ടത്തിൽ അനുവർത്തിക്കുന്നത്. മഴയ്ക്കുമുന്പ് ചുവട് വൃത്തിയാക്കുന്നു. 45 ദിവസം കൂടുന്പോൾ രോഗപ്രതിരോധ ലായനികൾ തളിക്കുന്നു. വിവിധ വിളകൾ കൃഷിചെയ്യുന്ന സമ്മിശ്രകൃഷി രീതി അവലംബിക്കുന്നതിനാൽ കൃഷിയിൽ നിന്നും ദുരനുഭവങ്ങളൊന്നും തനിക്കു ലഭിച്ചിട്ടില്ലെന്ന് അവിരാച്ചൻ പറയുന്നു. പിരിമുറുക്കങ്ങളൊന്നുമില്ലാത്ത കാർഷികലോകത്ത് അവിരാച്ചന് പിന്തുണയുമായി അച്ഛൻ തോമസ് ഏബ്രഹാമും, അമ്മ കൊച്ചുറാണിയും സഹോദരങ്ങളായ മറിയമ്മയും, എലിസബത്തും, ഒൗസേപ്പച്ചനും കൂടെയുണ്ട്.

ടോം ജോർജ്
ഫോണ്‍: അവിരാച്ചൻ-8111995675.
ലേഖകന്‍റെ ഫോണ്‍-93495 99 023.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS