വെള്ളക്കാര്‍ക്കു മുമ്പില്‍ തുണിയുരിയാന്‍ ആര്‍ക്കും മടിയില്ല! ആധാര്‍ വിവരങ്ങള്‍ ചോദിക്കുമ്പോഴാണ് പ്രശ്‌നം; ആധാറിനെതിരെയുള്ള പ്രതിഷേധങ്ങള്‍ യുക്തിക്ക് വിരുദ്ധമെന്ന് അല്‍ഫോന്‍സ് കണ്ണന്താനം

ആധാറിനായി വിവരങ്ങള്‍ നല്‍കുമ്പോള്‍ മാത്രമേ എല്ലാവരും പ്രതിഷേധങ്ങള്‍ നടത്തുന്നുള്ളുവെന്നും എന്നാല്‍ യു.എസ് വിസ പോലുള്ള കാര്യങ്ങളില്‍ വെള്ളക്കാര്‍ക്കുമുന്നില്‍ നഗ്‌നരാവാന്‍ ആര്‍ക്കും മടിയില്ലെന്നും കേന്ദ്ര ഐ.ടി സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ആധാര്‍ വിവരങ്ങള്‍ ചോരുന്നുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ ഉച്ചകോടിയായ ഹാഷ് ഫ്യൂച്ചറിന്റെ സമാപന സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രതികരണം.

കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യയിലുണ്ടായിട്ടുള്ള ഡിജിറ്റല്‍ വിപ്ലവമാണ് ആധാര്‍. അതിനെതിരെ നടക്കുന്ന കുപ്രചരണങ്ങള്‍ തടയേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ വിസയ്ക്കായുള്ള അപേക്ഷയില്‍ പത്ത് പേജിലാണ് വിവരങ്ങള്‍ നല്‍കേണ്ടത്. ഒരു വ്യക്തിയുടെ വ്യക്തിഗത വിവരങ്ങള്‍ എല്ലാം തന്നെ നല്‍കേണ്ടത് അത്യാവശ്യമാണെന്നും അതിനെക്കാള്‍ സുരക്ഷിതമാണ് ആധാര്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കയില്‍ പോകാന്‍ കൃഷ്ണമണിയുടെ ചിത്രങ്ങള്‍ എടുക്കുന്നതിനോ, വെള്ളക്കാര്‍ക്കു മുന്നില്‍ നഗ്‌നരായി നില്‍ക്കുന്നതിനോ ആര്‍ക്കും യാതൊരു പ്രശ്നവുമില്ല. സ്വന്തം ഗവണ്‍മെന്റ് പേരും, വിലാസവും ചോദിക്കുമ്പോഴാണ് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന് പറഞ്ഞ് പ്രതിഷേധങ്ങള്‍ ഉണ്ടാക്കുന്നതെന്നും കണ്ണന്താനം ആരോപിച്ചു.

 

Related posts