നാട്ടുകാര്‍ വിളിച്ചിരുന്നത് മണ്ടനെന്ന് ;പത്താം ക്ലാസ് കഷ്ടിച്ചു കടന്നു കൂടി; ഹിപ്പിമുടിയുമായി ഐഎഎസ് അഭിമുഖത്തിനെത്തിയപ്പോള്‍ കിട്ടിയത് മൈനസ് മാര്‍ക്ക്; അല്‍ഫോണ്‍സ് കണ്ണന്താനം ഒരു അദ്ഭുതമാണ്…

അങ്ങനെ ദീര്‍ഘനാളത്തെ കാത്തിരിപ്പിനു ശേഷം കേരളത്തിനും ലഭിച്ചു ഒരു കേന്ദ്രമന്ത്രിയെ. അല്‍ഫോണ്‍സ് കണ്ണന്താനം എന്ന പാലാക്കാരന്റെ ജീവിതം ഒരു സിനിമക്കഥയെ വെല്ലുന്നതാണെന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല.പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെയോര്‍ത്ത് കണ്ണീര്‍ പൊഴിക്കുന്ന പുതുതലമുറയ്ക്ക് ഒരു പാഠമാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ജീവിതം. സ്കൂളില്‍ പഠിക്കുമ്പോള്‍ പലരും അല്‍ഫോണ്‍സിനെ മണ്ടനെന്നു പരിഹസിച്ചിരുന്നു.

ഒടുവില്‍ പയ്യന്‍ തട്ടിമുട്ടി പത്താംതരം ജയിച്ചു. ജയിക്കാന്‍ 210 മാര്‍ക്ക് വേണ്ടപ്പോള്‍ അല്‍ഫോണ്‍സ് നേടിയത് 252 മാര്‍ക്ക്. തന്നെ പരിഹസിച്ചവര്‍ക്കുള്ള മറുപടിയുടെ തുടക്കമായിരുന്നു ഈ വിജയം. ഈ വിജയത്തെക്കുറിച്ച് അദ്ദേഹം തന്നെ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു… ‘പത്താം ക്ലാസിലെ ആ അപ്രതീക്ഷിത വിജയമാണ് എന്റെ ജീവിതം മാറ്റിമറിച്ചത്. മണിമലയാറിന്റെ തീരത്തിരുന്ന് ഞാന്‍ എന്നെക്കുറിച്ചു ചിന്തിച്ചു. ഞാന്‍ ജനിച്ചത് മാറ്റങ്ങള്‍ വരുത്താന്‍ വേണ്ടിയാണെന്ന് സ്വയം വിശ്വസിച്ചു. അതോടെ ദിവസം 25 പേജ് ഇംഗ്ലീഷ് നിഗണ്ടു പഠനം ആരംഭിച്ചു. ആദ്യ പ്രസംഗത്തില്‍ സഹപാഠികളുടെ ചെരുപ്പേറ് കിട്ടിയെങ്കിലും നിരാശനായില്ല. അന്തര്‍സര്‍വകലാശാല യുവജനോത്സവത്തില്‍ ഇംഗ്ലീഷ് പ്രസംഗ മത്സരത്തില്‍ തുടര്‍ച്ചായി മൂന്നു വര്‍ഷം ഒന്നാം സ്ഥാനം. ഇന്നും തിരുത്തപ്പെടാത്ത റിക്കാര്‍ഡ്്’.

മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലിരുന്ന് പഠിച്ച വ്യക്തിയായിരുന്നു അല്‍ഫോണ്‍സും. അദ്ദേഹത്തിന്റെ സ്കൂള്‍ പഠനക്കാലത്ത് മണിമലയിലോ പരിസരങ്ങളിലോ വൈദ്യുതി ഇല്ലായിരുന്നു. കണ്ണന്താനം വീട്ടില്‍ കെ.വി.ജോസഫ്ബ്രിജിത്ത് ദമ്പതികള്‍ക്ക് ഒന്‍പതു മക്കളായിരുന്നു. കൂടാതെ അപ്പനും അമ്മയും രണ്ടുപേരെ ദത്തെടുത്തു. അങ്ങനെ പതിനൊന്നു പേര്‍. പരിഹസിക്കുന്ന നാട്ടുകാരേക്കാള്‍ അല്‍ഫോണ്‍സിനെ അല്‍ഫോണ്‍സ് കണ്ണന്താനമാക്കിയത്. ആ സഹോദരങ്ങളുടെ പിന്തുണയായിരുന്നു.

സ്കൂള്‍,കോളജ് പഠനകാലത്ത് അല്‍ഫോണ്‍സ് ഹിപ്പിസ്റ്റൈല്‍ പിന്തുടരുന്ന ആളായിരുന്നു.സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള അഭിമുഖത്തിന് പോലും പോയത് നീട്ടിവളര്‍ത്തിയ മുടിയുമായിട്ടായിരുന്നു. പലരും അങ്ങനെ പോകരുതെന്ന് ഉപദേശിച്ചു. പക്ഷേ കണ്ണന്താനം മുടി മുറിച്ചില്ല. ഇതിന് വലിയ വിലയും കൊടുക്കേണ്ടി വന്നു. വേഷവിധാനത്തിന് അല്‍ഫോണ്‍സിന് അന്ന് കിട്ടിയത് മൈനസ് മാര്‍ക്ക് ആയിരുന്നു.

മസൂറിയില്‍ സിവില്‍ സര്‍വീസ് പരിശീലനത്തിനു ചെന്നപ്പോഴും അല്‍ഫോണ്‍സ് വ്യത്യസ്ഥനായി. ബാക്കി എല്ലാവരും കോട്ടും സ്യൂട്ടും ടൈയുമൊക്കെയായി കുട്ടി ഐഎഎസുകാരായി വിലസുന്നു. കണ്ണന്താനം മാത്രം തോളറ്റം മുടിയുമായി വിചിത്ര ജീവിയെപ്പോലെ. ഇന്റര്‍വ്യൂവില്‍ മൈനസ് മാര്‍ക്ക് കിട്ടിയപ്പോള്‍ അല്‍ഫോണ്‍സ് ഒരു കാര്യം തീരുമാനിച്ചു ഇനി മുടി മുറിക്കേണ്ടാ എന്ന്്. അന്ന് ഇന്റര്‍വ്യൂവില്‍ മൈനസ് മാര്‍ക്ക് കിട്ടിയിട്ടും അല്‍ഫോണ്‍സ് അന്ന്് നേടിയത് എട്ടാം റാങ്ക്. വര്‍ഷങ്ങള്‍ക്കു ശേഷം മുടി മുറിക്കുമ്പോള്‍ ബാര്‍ബര്‍ പറഞ്ഞത് ഇന്ത്യന്‍ സിവില്‍ സര്‍വീസിനെ ഞാന്‍ സംസ്കാരസമ്പന്നമാക്കിയെന്നായിരുന്നു.

1979 കേഡര്‍ ഉദ്യോഗസ്ഥായി സര്‍വീസില്‍ കയറിയ അല്‍ഫോണ്‍സ് ഡല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റിയില്‍ ലാന്‍ഡ് കമ്മീഷണറായതോടെ അദ്ഭുതങ്ങളൊന്നും ഉണ്ടാവാന്‍ പോകുന്നില്ലെന്ന് കരുതി ഭൂമാഫിയ സമാധാനിച്ചു. എന്നാല്‍ സ്വയമൊരു ബുള്‍ഡോസറായി മാറിയ കണ്ണന്താനം അനധികൃത കെട്ടിടങ്ങളെല്ലാം ഇടിച്ചു നിരത്തിയപ്പോള്‍ സര്‍ക്കാരിലേക്കു തിരികെത്തിയ ആസ്ഥിയുടെ മൂല്യം 15000 കോടി രൂപയായിരുന്നു. 1994ല്‍ ടൈം മാഗസിനില്‍ ഇടം പിടിച്ച നൂറ് യുവ ലോകനേതാക്കളില്‍ ഇന്ത്യയില്‍ നിന്ന് കണ്ണന്താനത്തിനൊപ്പം ഇടം നേടിയത് മുകേഷ് അംബാനി മാത്രമായിരുന്നു.

വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി,കേരള മില്‍ക്ക് ഫെഡറേഷന്‍ എംഡി, ഡല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റി കമ്മീഷണര്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍,ഹയര്‍ എഡ്യൂക്കേഷന്‍ സെക്രട്ടറി, എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ കമ്മീഷണര്‍ എന്നിങ്ങനെ പല സ്ഥാനങ്ങളും വഹിച്ചു. ഒടുവില്‍ രാഷ്ട്രീയ ഇടപെടലുകള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരം കുറയ്ക്കുന്നുവെന്ന് കണ്ടപ്പോള്‍ വിരമിക്കാന്‍ ഏഴുവര്‍ഷം മാത്രം ബാക്കിയുള്ളപ്പോള്‍ ഐഎഎസ് ജീവിതത്തിനു വിരാമമിട്ട് രാഷ്ട്രീയത്തിലിറങ്ങി.

2006ലെ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് സിപിഎം. സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിജയിച്ച് നിയമസഭയിലേക്ക്. 2011ല്‍ അപ്രതീക്ഷിത നീക്കവുമായി കണ്ണന്താനം പിന്നെയും ഞെട്ടിച്ചു. ഇത്തവണ ബിജെപിയിലേക്കായിരുന്നു. പാര്‍ട്ടിയുടെ ദേശീയ നിര്‍വാഹക സമിതിയില്‍ അംഗമായി. ചണ്ഡിഗഢില്‍ ലഫ്.ഗവര്‍ണര്‍ റാങ്കിലുള്ള അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചെങ്കിലും അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന്റെ എതിര്‍പ്പ് നിയമനം മരവിപ്പിച്ചു.എന്നാല്‍ കാലം കാത്തുവച്ചത് അതിലും വലിയ സ്ഥാനമായിരുന്നു എന്നു തെളിയിക്കുന്നതാണ് ഈ കേന്ദ്രമന്ത്രിപദം.

 

Related posts