ദേശീയ പതാക ചിത്രീകരിച്ച ചവിട്ടുമെത്ത! ഗാന്ധിജിയുടെ ചിത്രമുള്ള മെതിയടിയുടെ വില്‍പ്പന ആമസോണ്‍ നിര്‍ത്തി

Amazonന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രമുള്ള മെതിയടിയുടെ വില്‍പന ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ആമസോണ്‍ നിര്‍ത്തി. ആമസോണിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഉത്പന്നം പിന്‍വലിച്ചത്. ഇന്ത്യന്‍ വികാരത്തെ മാനിക്കണമെന്ന് വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസി ആമസോണ്‍ യുഎസിനോട് ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയുടെ പ്രതീകങ്ങളെയും ബിംബങ്ങളെയും അപമാനിക്കരുതെന്ന് സാന്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് മുന്നറിയിപ്പും നല്‍കിയിരുന്നു.

ഇത്തരം നീക്കങ്ങള്‍ കന്പനിക്കു നാശമുണ്ടാക്കുമെന്നും ശക്തികാന്ത് ദാസ് ട്വിറ്ററില്‍ വ്യക്തമാക്കിയിരുന്നു.
നേരത്തെ, ഇന്ത്യന്‍ ദേശീയ പതാക ചിത്രീകരിച്ച ചവിട്ടുമെത്തയുടെ പേരിലും ആമസോണ്‍ വിവാദത്തിലായിരുന്നു. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കര്‍ശന നിലപാടെടുത്തതോടെ ചവിട്ടുമെത്തയുടെ വില്‍പ്പന ആമസോണ്‍ നിര്‍ത്തുകയായിരുന്നു.
ഉത്പന്നം പിന്‍വലിക്കുകയും ഉപാധികളില്ലാതെ മാപ്പ് പറയുകയും ചെയ്തില്ലെങ്കില്‍ ആമസോണിന്‍റെ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യ വീസ നല്‍കില്ലെന്നും സുഷമ വ്യക്തമാക്കിയിരുന്നു. ഇതോടെ വെബ്‌സൈറ്റില്‍നിന്നു ഉത്പന്നം പിന്‍വലിക്കാന്‍ ആമസോണ്‍ തയാറാവുകയായിരുന്നു.

Related posts