ദക്ഷിണകൊറിയയുടെ ആകാശത്ത് വട്ടമിട്ടു പറക്കാന്‍ 70 വര്‍ഷം പഴക്കമുള്ള 300 അനറ്റോവ് വിമാനങ്ങളൊരുക്കി ഉത്തരകൊറിയ; സൈനികരെ പാരച്യൂട്ടില്‍ ദക്ഷിണ കൊറിയയില്‍ ഇറക്കും

അയല്‍രാജ്യമായ ദക്ഷിണകൊറിയയെ ആക്രമിക്കാന്‍ പുതിയ തന്ത്രങ്ങളൊരുക്കി കിമ്മിന്റെ ഉത്തരകൊറിയ. എഴുപത് വര്‍ഷം പഴക്കമുള്ള അനറ്റോവ് എഎന്‍2 വിമാനങ്ങള്‍ ഉപയോഗിച്ചുള്ള ആത്മഹത്യാ ആക്രമണമാണ് ഉത്തരകൊറിയ ലക്ഷ്യമിടുന്നതെന്നാണ് സൂചന. 1947ല്‍ സ്റ്റാലിന്റെ കാലത്ത് സോവിയറ്റ് യൂണിയന്‍ നിര്‍മിച്ച മുന്നൂറോളം അനറ്റോവ് വിമാനങ്ങള്‍ ഉത്തരകൊറിയയുടെ കൈവശമുണ്ടെന്നാണ് കരുതുന്നത്. ദക്ഷിണകൊറിയക്ക് നേരെ ഈ വിമാനങ്ങള്‍ വഴി സൈനികരെ പാരച്ച്യൂട്ടില്‍ ഇറക്കി ആക്രമണം നടത്താന്‍ കിം ജോങ് ഉന്‍ പദ്ധതിയിടുന്നെന്നാണ് വിവരങ്ങള്‍.

70 വര്‍ഷം പഴക്കമുള്ളതാണെങ്കിലും അത്യന്താധുനിക റഡാറുകള്‍ക്ക് പോലും പിടി നല്‍കാത്ത വിധം താഴ്ന്നാണ് ഇവ പറക്കുക. ഒരു ടണ്‍വരെ ചരക്കും പത്ത് സൈനികരേയും വഹിക്കാന്‍ ഈ വിമാനങ്ങള്‍ക്ക് ശേഷിയുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്ററില്‍ താഴെയാണ് ഈ വിമാനങ്ങളുടെ വേഗത. ശക്തമായി കാറ്റടിച്ചാല്‍ പിന്നോട്ടു പറക്കാനുള്ള സംവിധാനം പോലും ഇതിലുണ്ട്. ഈ വിമാനം സത്യത്തില്‍ ശത്രുക്കള്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുക. റഡാറുകള്‍ മാത്രമല്ല ആധുനിക വിമാന നിരീക്ഷണ സംവിധാനങ്ങള്‍ക്ക് പോലും ഇവയെ കണ്ടെത്തുക എളുപ്പമാകില്ല. മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ വഴി ഈ വിമാനത്തെ ലക്ഷ്യം വെക്കുകയും സാധ്യമല്ല.

ഈ വിമാനങ്ങളുടെ അടിഭാഗത്ത് നീലയും മുകള്‍ ഭാഗത്ത് പച്ചയും പെയിന്റടിച്ചിരിക്കുന്നു. മുകളില്‍ നിന്ന് നിരീക്ഷണ വിമാനങ്ങളുടേയും താഴെ നിന്നും സൈനികരുടേയും കണ്ണ് വെട്ടിക്കുന്നതിന് വേണ്ടിയാണിത്. തങ്ങളുടെ സൈനിക പരിശീലനത്തിനിടെ എഎന്‍ 2 വിമാനങ്ങളിലൂടെ വളരെ കുറഞ്ഞ ഉയരത്തില്‍ നിന്നും പാരച്ച്യൂട്ടുകള്‍ വഴി പറന്നിറങ്ങുന്ന സൈനികരുടെ ദൃശ്യങ്ങള്‍ ഉത്തരകൊറിയ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. ഈ വിമാനത്തിന് പറന്നിറങ്ങുന്നതിനോ ഉയരുന്നതിനോ വലിയ റണ്‍വേകളൊന്നും ആവശ്യമില്ലയെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കുഴികള്‍ നിറഞ്ഞ റോഡില്‍ പോലും ഇവയെ ഇറക്കാനും പറന്നുയര്‍ത്താനുമാകും. ഇവക്ക് അണ്വായുധങ്ങള്‍ പോലും വഹിക്കാനുള്ള ശേഷിയുണ്ടെന്നതും ശ്രദ്ധേയമാണ്. ശത്രുക്കളുടെ തന്ത്രപ്രധാന മേഖലയിലേക്ക് ഒരു ആത്മഹത്യാ ആക്രമണം നടത്താന്‍ ഈ വിമാനങ്ങള്‍ക്ക് ശേഷിയുണ്ട്.

ശക്തമായ ആണവായുധം തങ്ങളുടെ പക്കലുണ്ടെന്ന് കിം പറയുമ്പോള്‍ എഎന്‍ 2വില്‍ ഒരു ടണ്‍ വരെ ഭാരമുള്ള എന്തും കൊണ്ടുപോയി ലക്ഷ്യസ്ഥാനത്ത് നിക്ഷേപിക്കാനാകും എന്നതും ചേര്‍ത്തു വായിക്കേണ്ടിയിരിക്കുന്നു. കടുത്ത പ്രഹരശേഷിയുള്ള ഈ വിമാനങ്ങളെ കിം എങ്ങനെ ഉപയോഗിക്കും എന്നതിലാണ് ലോകത്തിന്റെ ആശങ്ക.

 

Related posts