അപമാനത്തിന്റെ തിലകക്കുറി..! മാതൃകാ കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷന്‍ കോംപ്ലക്‌സ് ഇന്ന് അങ്കമാലിക്ക് അപമാനം

ekm-waste-lഅങ്കമാലി: കേരളത്തിനു മാതൃകയാണെന്ന് അവകാശപ്പെട്ടു കൊണ്ടു നിര്‍മ്മിച്ച അങ്കമാലി കെഎസ്ആര്‍ടി സി ബസ് സ്‌റ്റേഷന്‍ കോംപ്ലക്‌സിന്റെ പ്രവര്‍ത്തനം അപമാനമായി മാറുന്നു. കോടികള്‍ മുടക്കി ബസ് ടെര്‍മിനല്‍ കോംപ്ലക്‌സ്  നിര്‍മ്മിച്ചു പ്രവര്‍ത്തനം തുടങ്ങിയിട്ടു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കെഎസ്ആര്‍ ടിസിബസ് സ്‌റ്റേഷന്‍ എന്നൊരു ബോര്‍ഡ് സ്ഥാപിക്കാന്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല.   വലിയ കെട്ടിടം മാത്രമാണ് പുറത്തു നിന്നു നോക്കിയാല്‍ കാണാനാകുക. ഇതു  മൂലം ദുര സ്ഥലങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ബസ് സ്റ്റാന്‍ഡ് കണ്ടെത്തുക പ്രയാസമാണ്. ബസ് തേടിയെത്തുന്ന നൂറുകണക്കിനു യാത്രക്കാര്‍ക്ക് യാതൊരു വിധ  അടിസ്ഥാന സൗകര്യങ്ങളും നല്‍കാതെയാണ് പ്രവര്‍ത്തിക്കുന്നത്.

ദിനം പ്രതി അഞ്ഞൂറിനു മുകളില്‍ ബസുകള്‍ അങ്കമാലി സ്റ്റാന്‍ഡിലൂടെ കയറി ഇറങ്ങി പോകുന്നുണ്ട്. അഞ്ച് നിലകളിലായി നിര്‍മിച്ചിട്ടുള്ള ടെര്‍മിനല്‍ കോംപ്ലസിലേക്കു യാത്രക്കായി പ്രവേശിക്കണമെങ്കില്‍ അക്ഷീണ പ്രയത്‌നം വേണം. ഒരു വശത്തെ പ്രവേശന കവാടം  ആര്‍ക്കും പ്രവേശിക്കാനാകാത്ത വിധത്തില്‍ വാഹനങ്ങള്‍ ഇട്ടു കൊണ്ടു തടസപ്പെടുത്തിയിരിക്കുകയാണ്.

മുകളിലെ മുറികള്‍ വാടകക്കെടുത്തിരിക്കുന്നവര്‍ പ്രവേശന കവാടത്തിന്റെ ഒരു ഭാഗം കയ്യടക്കി വച്ചിരിക്കുന്നു. അവരുടെ മാത്രം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി ചങ്ങലകൊണ്ട് കെട്ടി തിരിച്ചിരിക്കുകയാണ്. മറ്റു മുറികള്‍ വ്യാപാരത്തിനായി എടുത്തിട്ടുള്ളവരുടെ കൂടി വാഹനങ്ങള്‍ ഇടുന്നതോടുകൂടി പ്രവേശന കവാടത്തിലൂടെ കടന്നുപോകാന്‍ വയ്യാത്ത സ്ഥിതിയാണ്.തിരക്കുപിടിച്ച് ഓടിയെത്തുന്നവര്‍ തട്ടി വീഴുന്നത് പതിവാണ്.

അഞ്ഞൂറിലധികം ദീര്‍ഘദൂര ബസുകള്‍ നിത്യേന വന്നു പോകുന്ന സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ക്ക് ഇരിക്കുന്നതിനായി ഇരുപതോളം കസേരകള്‍ മാത്രമാണുള്ളത്. പ്രാരംഭഘട്ടത്തില്‍ ഉണ്ടായിരുന്ന വിശ്രമമുറികള്‍ ഇപ്പോള്‍ ചെറുതാക്കി മാറ്റി. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക ഇരിപ്പിടങ്ങളും മൂത്രപ്പുരകളും ഉണ്ടായിരുന്നതാണ്. ഇവയെല്ലാം പിന്നിട് പൊളിച്ചുമാറ്റി. ഇതിനെതിരേ ആദ്യഘട്ടത്തില്‍ വിവിധ പാര്‍ട്ടികള്‍ സമരം നടത്തിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല.

വിശ്രമകേന്ദ്രവും മൂത്രപ്പുരയും മാറ്റി  അവിടെ ഇന്ത്യന്‍ കോഫീ ഹൗസ് സ്ഥാപിക്കാനായി വാടകയ്ക്കു നല്‍കി. കെട്ടിടത്തിന്റെ വരാന്തയില്‍ വിവിധ സന്നദ്ധസംഘടനകള്‍ സ്ഥാപിച്ചിട്ടുള്ള കസേരകളാണ് യാത്രക്കാരുടെ ആശ്രയം. കൈക്കുഞ്ഞുങ്ങളുമായെത്തുന്നവര്‍ വെയിലും പൊടിയും സഹിച്ചാണ് ഇവിടെ ഇരിക്കുന്നത്. ബസുകള്‍ വരുന്നതുവരെ കാത്തു നില്‍ക്കേണ്ട  വര്‍ ബസുകള്‍ വന്നു നില്‍ക്കുന്നിടത്തു തന്നെ നില്‍ക്കണം. കെട്ടിടത്തിന്റെ വരാന്തകളില്‍ നിന്നു തിരിയുന്നതിനുപോലുമുള്ള ഇടമില്ല.വരാന്തയിലേക്ക് അനധികൃതമായി ഇറക്കി വച്ചാണ് കച്ചവടം.

ബസ് സ്റ്റാന്‍ഡിന്റെ പരിസരം മുഴുവന്‍ വൃത്തിഹീനമാണ്. മാലിന്യങ്ങള്‍ ചാക്കുകളില്‍ കെട്ടി വരാന്തകളില്‍ തന്നെ  ഉപേക്ഷിച്ചിരിക്കുകയാണ്. മൂക്കുപൊത്തി കൊണ്ടു വേണം ഇതിലൂടെ കടന്നുപോകണമെങ്കില്‍. മലീമസമായ അന്തരീക്ഷമാണ് എല്ലായിടത്തും. സ്റ്റാന്‍ന്‍ഡിന്റെ പ്രവേശന കവാടത്തോടു ചേര്‍ന്നുള്ള സെപ്റ്റിക് ടാങ്ക് പലപ്പോഴും പൊട്ടിയൊഴുകുന്നു.

യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്നതിനായി പോലീസ് എയ്ഡ് പോസ്റ്റിനു വേണ്ടി   കാബിന്‍ പണിതിട്ടിട്ടു മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഇതു വരെയും ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ഒരു കച്ചവട സ്ഥാപനത്തിന്റെ പരസ്യവും പേറി അത്രയും സ്ഥലം നഷ്ടപ്പെടുത്തി  വെറും പോസ്റ്റായി  അതും നിലകൊള്ളുന്നു. ദേശീയപാതയും സംസ്ഥാന പാതയും ഒന്നിക്കുന്ന അങ്കമാലിയില്‍ കേരളത്തിനാകെ അഭിമാനസ്തംഭമായി മാറേണ്ടിയിരുന്ന കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍  നാടിനാകെ മാനക്കേടായി മാറിയിരിക്കുകയാണ്.

Related posts