നിങ്ങള്‍ കരുതുന്നതുപോലെ ചിന്തിച്ചിട്ടുപോലുമില്ല! ആരെങ്കിലും അങ്ങനെ ഓര്‍ത്തെങ്കില്‍ എന്നോട് ക്ഷമിക്കുക; എന്റെ മനസ്സില്‍ സൂര്യ സാറിനോടുള്ള ഇഷ്ടം മാത്രമേയുള്ളൂ; വിജയ് ഫാന്‍സിനോട് അനുശ്രീയ്ക്ക് പറയാനുള്ളത്

നടന്മാരുടെയും നടിമാരുടെയും ആരാധകര്‍ തമ്മിലുള്ള യുദ്ധം ചില സമയങ്ങളില്‍ കൊടുമ്പിരി കൊള്ളാറുണ്ട്. തമിഴ് നടന്മാരായ വിജയ്‌യുടെയും സൂര്യയുടെയും ആരാധകര്‍ തമ്മിലുള്ള തമ്മിലടി ഏവര്‍ക്കും പരിചയമുള്ളതുമാണ്. ഏതായാലും ഇത്തവണ ഇരുകൂട്ടരുടെയും തമ്മിലടിയ്ക്കിടയില്‍ പെട്ടത് നടി അനുശ്രീയാണ്. കടുത്ത സൂര്യ ആരാധികയാണ് താനെന്ന് അനുശ്രീ നിരവധി തവണ വെളിപ്പെടുത്തിയിട്ടുള്ളതാണ്. കഴിഞ്ഞ ദിവസം നടി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് വിജയ് ആരാധകരെ ചൊടിപ്പിച്ചത്. സണ്ണി വെയ്ന്‍ നായകനാകുന്ന പോക്കിരിസൈമണ്‍ എന്ന ചിത്രം വിജയ് ആരാധകരുടെ കഥയാണ്. വിജയ്യുടെ വലിയ ഫ്‌ളക്‌സിനു മുന്നില്‍ നില്‍ക്കുന്ന സണ്ണി വെയ്‌ന്റെ ഒരു ഫോട്ടോയും സൂര്യയുടെ പിറന്നാള്‍ ദിനം ആഘോഷിക്കുന്ന ഫോട്ടോയും നടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതൊരു സിനിമയാണെങ്കില്‍ ഇതു റിയല്‍ ലൈഫ് ആണെന്നായിരുന്നു പോസ്റ്റ്. ഇതിനു ശേഷമാണ് ചിത്രത്തിനു താഴെ വിജയ് ഫാന്‍സ് ട്രോളുമായി എത്തിയത്.

നടനും കടുത്ത വിജയ് ആരാധകനുമായ ബിനീഷ് ബാസ്റ്റിനും നടിയുടെ പോസ്റ്റിനു താഴെ അഭിപ്രായവുമായി എത്തി. ട്രോള് കൂടിയതോടെ അവസാനും നടി തന്നെ പോസ്റ്റ് പിന്‍വലിക്കുകയുണ്ടായി. എന്നാല്‍ നടിക്കെതിരായ ട്രോളിന് അവസാനം ഉണ്ടായില്ല. സംഭവത്തില്‍ പ്രതികരണവുമായി നടിയ്ക്ക് വീണ്ടും ഫേസ്ബുക്കില്‍ എത്തേണ്ടിയും വന്നു. വിജയ് ആരാധകരെ വേദനിപ്പിക്കാനോ വിജയിയെ താഴ്ത്തിക്കെട്ടാനോ അല്ല ശ്രമിച്ചതെന്ന് അനുശ്രീ ലൈവ് വിഡിയോയിലൂടെ പറഞ്ഞു. പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദിയുടെ സെറ്റില്‍ നിന്നുമായിരുന്നു അനുശ്രീയുടെ പ്രതികരണം. മനസ്സില്‍ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് എല്ലാവരും പറഞ്ഞുണ്ടാക്കിയതെന്നും ആരോ ഒരാള്‍ അയച്ചുതന്നൊരു പോസ്റ്റ് താനും ഷെയര്‍ ചെയ്യുകയായിരുന്നുവെന്നും നടി പറയുന്നു. വിജയ് സാറിനെപ്പോലുള്ള ഒരു നടനെ വില കുറച്ച് കാണിക്കാന്‍ താന്‍ ആരുമല്ല. നെഗറ്റീവ് ഇമേജ് വരുമെന്ന് മനസ്സില്‍ എവിടെയെങ്കിലും ഒരു ചിന്ത വന്നിരുന്നെങ്കില്‍ പോസ്റ്റ് ചെയ്യില്ലായിരുന്നു.

നിങ്ങള്‍ കരുതുന്നതുപോലെ ചിന്തിച്ചിട്ടുപോലുമില്ല. ആരെങ്കിലും അങ്ങനെ ഓര്‍ത്തെങ്കില്‍ എന്നോട് ക്ഷമിക്കുക. തന്റെ മനസ്സില്‍ സൂര്യ സാറിനോടുള്ള ഇഷ്ടം മാത്രമേയുള്ളൂ. അത് കൊണ്ടാണ് ആ പോസ്റ്റിട്ടത്. എന്നാല്‍ വിജയ് സാര്‍ ഒരുമഹാനടന്‍ തന്നെയാണ്. അദ്ദേഹത്തിന്റെ സിനിമകളും കണ്ടാണ് ഞാന്‍ വളര്‍ന്നത്. ഒരു വ്യക്തി എന്ന നിലയില്‍ ഞാനൊരു സൂര്യ ഫാനാണ്. എന്തോ പണ്ടു മുതലേ അദ്ദേഹത്തിനെ ഇഷ്ടമാണ്. പക്ഷെ വിജയ് സാറിനെയും സൂര്യ സാറിനെയും താരതമ്യം ചെയ്യുന്നതിനേക്കുറിച്ച് സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ കഴിയില്ല. ഇതുവരെ ചേച്ചിയെ ഇഷ്ടമായിരുന്നു. ഇനി ഇഷ്ടപ്പെടില്ല എന്നൊക്കെ ഒരുപാട് പേര്‍ എന്നോട് പറഞ്ഞു. നിങ്ങളുടെ പിന്തുണയില്ലെങ്കില്‍ താനില്ല. എന്റെ സിനിമകള്‍ തിയറ്ററില്‍ വരുമ്പോള്‍ കൂവിയിട്ടുണ്ടെങ്കില്‍ പിന്നെ അഭിനയിച്ചിട്ട് കാര്യമില്ല. നിങ്ങളുടെ പിന്തുണ കൊണ്ടാണ് ഇതുവരെയെത്തിയത്. ഇനിയും അത് വേണം. ഈ സംഭവം കാരണം അത് ഇല്ലാതാവരുത്. നേരില്‍ വന്ന് പറയാന്‍ കാരണം തന്നെ അതുകൊണ്ടാണ്. ഇന്നലെ വരെ എന്നെ ഇഷ്ടപ്പെട്ടു, ഇനി ഇഷ്ടപ്പെടില്ലെന്ന് വിചാരിക്കരുത്, നിങ്ങളുടെ ഇഷ്ടം എന്നും വേണം. ലൈവ് വീഡിയോ പോസ്റ്റിലൂടെ അനുശ്രീ പറഞ്ഞു.

 

Related posts