സിനിമ കാണാനുള്ള പണം സമ്പാദിക്കാന്‍ ആരാധനാലയങ്ങളിലെത്തുന്നവരുടെ ചെരുപ്പുകള്‍ മോഷ്ടിച്ചിരുന്നു; തന്റെ പഴയ കാലം തുറന്നു പറഞ്ഞ് അരിസ്റ്റോ സുരേഷ്

ആക്ഷന്‍ ഹീറോ ബിജു എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് അരിസ്റ്റോ സുരേഷ്. ചിത്രത്തിലെ മുത്തേ പൊന്നേ എന്നു തുടങ്ങുന്ന ഗാനമാണ് അദ്ദേഹത്തെ എല്ലാവര്‍ക്കും സുപരിചിതനാക്കിയത്.

സിനിമയോട് തനിക്ക് പണ്ടേ വലിയ പ്രേമമാണെന്നും സിനിമ കാണാനായി പണം സമ്പാദിക്കാന്‍ പള്ളികളിലും അമ്പലങ്ങളിലും പ്രാര്‍ത്ഥിക്കാനെത്തുന്നവരുടെ ചെരിപ്പുകള്‍ മോഷ്ടിച്ച് വിറ്റിട്ടുണ്ടെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് സുരേഷ്. കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയില്‍ സംസാരിക്കുമ്പോഴായിരുന്നു സുരേഷിന്റെ ഈ തുറന്നു പറച്ചില്‍.

താന്‍ കണ്ടിട്ടുള്ള ഏറ്റവും നല്ല കുട്ടികളുടെ സിനിമയേതാണെന്ന് ചോദിച്ചാല്‍ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്നേ മറുപടിയുള്ളൂവെന്നും സുരേഷ് പറഞ്ഞു.ഇന്ന് കുട്ടികളുടെ സിനിമ എന്ന പേരില്‍ ഇറങ്ങുന്നതൊന്നും കുട്ടികളുടെയല്ല.

ആ പേര് മാത്രമേയുള്ളു. കുട്ടികളെയും മുതിര്‍ന്നവരേയും ഇത് രസിപ്പിക്കുന്നില്ല. കുട്ടികളുടെ സിനിമയില്‍ അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ് അവതരിപ്പിക്കേണ്ടത്. പണ്ട് പള്ളികളിലും അമ്പലങ്ങളിലും പ്രാര്‍ത്ഥിക്കാനെത്തുന്നവരുടെ ചെരിപ്പുകള്‍ വരെ മോഷ്ടിച്ച് സിനിമകള്‍ കണ്ടിട്ടുണ്ട്.

എന്നാല്‍ ഇന്ന് അങ്ങനെയല്ല ചെറിയ ചലച്ചിത്രമേളകള്‍ വരെയുള്ളതിനാല്‍ കുട്ടികള്‍ക്ക് സൗജന്യമായി സിനിമ കാണാം. അരിസ്റ്റോ സുരേഷ് പറഞ്ഞു.മമ്മൂട്ടി നായകനായ പരോള്‍ എന്ന ചിത്രത്തിലാണ് നടന്‍ ഒടുവിലായി അഭിനയിച്ചത്.

Related posts