Set us Home Page

സ്വന്തം ഭര്‍ത്താവിനെ ബന്ധുവിനൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തി, ഭാര്യയ്ക്ക് എല്ലാമറിയാമെന്ന അജ്ഞാത സന്ദേശം ആശയെ കുടുക്കി, സമര്‍ഥമായൊരു കൊലപാതകം തെളിഞ്ഞത് ഇങ്ങനെ

ashaരണ്ടുമാസം മുമ്പ് പോലിസ് ആത്മഹത്യയെന്ന് എഴുതിത്തള്ളിയ കേസ് കൊലപാതകമെന്ന് തെളിഞ്ഞു. പടപ്പക്കര കാട്ടുവിള പുത്തന്‍വീട്ടില്‍ ജോസ്ഫിനയുടെ മകന്‍ ഷാജിയാണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യ ആശയെ പോലീസ് അറസ്റ്റു ചെയ്തു. സംഭവത്തില്‍ ഭാര്യ ഉള്‍പ്പടെ മൂന്നുപേരെയാണ്  പോലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ആശയുടെ ബന്ധുവിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കുണ്ടറയില്‍ പത്തുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഈ കേസും പുനരന്വേഷണത്തിനെത്തിയത്. ഈ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. കുണ്ടറയിലെ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പോലീസിന് ലഭിച്ച അജ്ഞാത ഫോണ്‍സന്ദേശമാണ് ആശയുടെ അറസ്റ്റില്‍ കലാശിച്ചത്. ഭാര്യയായ ആശയ്ക്ക് എല്ലാ കാര്യങ്ങളും അറിയാമെന്നും അവരെ ചോദ്യം ചെയ്താല്‍ പ്രതിയെ പിടികൂടാമെന്നുമായിരുന്നു സന്ദേശം.

ജനുവരി 25ന് രാവിലെയാണ് ഷാജി ഭാര്യ ആശയുടെ പടപ്പക്കര എന്‍എസ് നഗറിലുള്ള ആശാ ഭവനിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. നാട്ടുകാരാണ് ഈ വിവരം ഷാജിയുടെ മാതാവിനെ അറിയിച്ചത്. മാതാവും ബന്ധുക്കളും വീട്ടിലെത്തിയപ്പോള്‍ മൃതദേഹം വെള്ളപുതപ്പിച്ച് കിടത്തിയിരിക്കുന്നതായാണ് കണ്ടത്. തുണി മാറ്റി നോക്കിയപ്പോള്‍ മൃതദേഹത്തില്‍ മുറിവുകളും ചതവുകളും രക്തപ്പാടുകളും കണ്ടത് സംശയത്തിന് ഇടയാക്കി. ആശയോട് നടത്തിയ അന്വേഷണത്തില്‍ ഷാജി 24ന് വൈകുന്നേരം അഞ്ചോടെ ഉറങ്ങാന്‍ കിടന്നതാണെന്നും രാത്രി ഭക്ഷണം കഴിക്കാന്‍ വിളിച്ചിട്ടുപോലും കതക് തുറന്നില്ലെന്നും 25ന് രാവിലെ ചായയുമായി എത്തി നോക്കിയപ്പോള്‍ ഷാജിയെ മരിച്ച നിലയില്‍ കണ്ടെതെന്നുമായിരുന്നു മറുപടി. തുടര്‍ന്ന് കുണ്ടറ പോലിസില്‍ വിവരം അറിയിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി സംസ്കരിച്ചു. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ആശയെ പോലിസ് ചോദ്യം ചെയ്തപ്പോള്‍ മറ്റൊരു മൊഴിയാണ് ലഭിച്ചതെന്ന് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

സംഭവദിവസം രാത്രി ഏഴോടെ കിടപ്പുമുറിയില്‍ കയറിയ ഷാജിയെ രാത്രി 10ന് ഫാനില്‍ തൂങ്ങിനില്‍ക്കുന്നതായി കണ്ടുവെന്നും രക്ഷപ്പെടുത്തുന്നതിന്റെ ഭാഗമായി ഷാജി തൂങ്ങിനിന്ന കൈലി മുറിച്ച് താഴെ കിടത്തുക മാത്രമാണ് ചെയ്തതെന്നും ആശ പറയുന്നു. ഷാജിയെ എന്തുകൊണ്ട് ആശുപത്രിയില്‍ എത്തിച്ചില്ലെന്ന പോലിസ് ചോദ്യത്തിന് വാഹനം കിട്ടാത്തതിനാലായിരുന്നുവെന്നാണ് ആശ മറുപടി നല്‍കിയതെന്ന് ജോസഫ്‌ന പറയുന്നു. എന്നാല്‍ 25ന് രാവിലെയാണ് നാട്ടുകാര്‍പോലും വിവരം അറിഞ്ഞത്. മൃതദേഹ പരിശോധനയില്‍ ദേഹത്ത് കണ്ട മണ്ണും മുറിവുകളും രാത്രിയില്‍ വിവരം നാട്ടുകാര്‍ അറിയാഞ്ഞതും ആശയുടെ ഒരു ബന്ധു അര്‍ധരാത്രിയില്‍ ഇവരുടെ വീട്ടിലെത്തി മടങ്ങിയെന്ന ആരോപണവുമൊക്കെയാണ് മരണത്തിന് ദുരൂഹതയുളവാക്കിയത്. മാത്രമല്ല ഷാജിയുടെ നാലു വയസുള്ള മകനില്‍ നിന്നും പോലിസിന് ലഭിച്ച വിവരത്തില്‍ സംഭവ ദിവസം രാത്രിയില്‍ വീട്ടിലെത്തിയെന്ന് പറയുന്ന ആശയുടെ ബന്ധു ഷാജിയെ മര്‍ദിച്ചതായി പറയുന്നു. കഴുത്തുഞെരിച്ചതിനെ തുടര്‍ന്നുള്ള മരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ അതേക്കുറിച്ച് അന്വേഷിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറായിരുന്നില്ല. കുണ്ടറയിലെ പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലുള്ള സിഐയും എസ്‌ഐയും തന്നെയാണ് ഈ കേസും അന്വേഷിച്ചിരുന്നത്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS

OTHER NEWS IN THIS SECTION

LEADING NEWS