പ്രകാശ് രാജ് തന്ത്രപരമായി ഞങ്ങളെ പറ്റിച്ചു! ലോകത്തൊരിടത്തും ഇത്തരത്തിലുള്ള ഒരു സംഘടന പ്രവര്‍ത്തിക്കുന്നുണ്ടാവില്ല; ഗുരുതര ആരോപണങ്ങളുമായി സംവിധായകന്‍ ആഷിഖ് അബു

abuസിനിമാ മേഖലയിലെ ആളുകളുടെ പടലപ്പിണക്കങ്ങളും അതോടമുബന്ധിച്ച് നടക്കുന്ന അതിക്രമങ്ങളും ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്ന സമയമാണിത്. സാധാരണക്കാരായ പ്രേക്ഷകരെ ഞെട്ടിയ്ക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് നടിയെ അക്രമിച്ച സംഭവവും അതുമായി ബന്ധപ്പെട്ടും വെളിച്ചത്തുവരുന്നത്. പരസ്പരം ചെളിവാരിയെറിയുകയാണോ എന്ന് സംശയം തോന്നുന്ന വിധത്തിലാണ് പല താരങ്ങളും നടിയെ അക്രമിച്ച സംഭവത്തെയും പിന്നീട് നടന്ന് ജനപ്രിയന്‍ കൂടിയായ നടന്റെ അറസ്റ്റിനെയും കണ്ടത്.

സമാനമായ രീതിയില്‍ ചലച്ചിത്ര സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയ്ക്കും തിയറ്റര്‍, ഡിസ്ട്രിബൂഷന്‍സ് അസ്സോസിയേഷനുകളിലെ ചില അംഗങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ആഷിഖ് അബു. ഒരു മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ആഷിഖ് അബു ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ആഷിഖ് പറയുന്നതിങ്ങനെ…

‘സോള്‍ട്ട് ആന്റ് പെപ്പറിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകള്‍ വിറ്റുപോയിരുന്നു. പ്രകാശ് രാജ് ആണ് വാങ്ങിയത്. പക്ഷേ അദ്ദേഹം വളരെ തന്ത്രപരമായി ഞങ്ങളെ പറ്റിച്ചു. കാശ് തരാതിരുന്നു. അത് പ്രശ്നത്തിലേക്ക് നീങ്ങി. 22 ഫീമെയില്‍ കോട്ടയം ഷൂട്ട് ചെയ്തുകൊണ്ടിരുന്ന സമയത്ത് ഞങ്ങള്‍ ഫെഫ്കയില്‍ പരാതി നല്‍കി. അവരത് ഏറ്റെടുത്തു. പക്ഷേ വാങ്ങിത്തരുന്ന പൈസയുടെ ഇരുപത് ശതമാനം ഫെഫ്കയ്ക്ക് കൊടുക്കണമെന്ന് ആവശ്യപ്പെട്ടു.

ഒരു ബെനിഫിഷ്യറി അസോസിയേഷന്‍ എന്ന് കരുതിയാണല്ലോ നമ്മള്‍ അതില്‍ അംഗത്വമെടുക്കുന്നത്? ഞാനത് ചോദ്യം ചെയ്തു. 2011-12ലെ കാര്യമാണ് പറയുന്നത്. ഞാനും ശ്യാമും ദിലീഷുമായിരുന്നു പരാതിക്കാര്‍. ഈ 20 ശതമാനം കൊടുക്കേണ്ടിവന്നു. ഇപ്പോള്‍ മഹേഷിന്റെ പ്രതികാരത്തിന് തീയേറ്ററുകളില്‍ നിന്ന് കാശ് കിട്ടാനുണ്ട്. പൈസ മേടിച്ച് കിട്ടണമെങ്കില്‍ തീയേറ്ററുകാരും നമ്മളും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് അഞ്ച് ശതമാനം പൈസ കൊടുക്കണം. ലോകത്തൊരിടത്തും ഇത്തരത്തില്‍ ഒരു സംഘടനയും പ്രവര്‍ത്തിക്കുന്നുണ്ടാവില്ല’.

Related posts