വിജയ് അല്ല, ജോസഫ് വിജയ്! ചാണകമല്ല, തലച്ചോറ്; മെര്‍സല്‍ ചിത്രത്തിനെതിരെ സംഘപരിവാര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ പരിഹാസവുമായി സംവിധായകന്‍ ആഷിക് അബു

വിജയ് നായകനായ മെര്‍സല്‍ എന്ന ചിത്രത്തിനെതിരായ സംഘപരിവാര്‍ ആക്രമണങ്ങള്‍ക്കെതിരെ പരിഹാസവുമായി സംവിധായകനും നിര്‍മാതാവുമായ ആഷിക് അബു രംഗത്ത്. വിജയിയെ ജോസഫ് വിജയ് ആക്കി വിഷയത്തിന് വര്‍ഗീയനിറം നല്‍കാനുള്ള ബിജെപി ശ്രമങ്ങളെ പരിഹസിച്ചുകൊണ്ടായിരുന്നു ആഷിക് അബുവിന്റെ പോസ്റ്റ്. ‘കമല്‍ അല്ല കമാലുദ്ധീന്‍, വിജയ് അല്ല ജോസഫ് വിജയ്, ചാണകം, അല്ല തലച്ചോറ്’ എന്നായിരുന്നു ആഷിഖ് അബുവിന്റെ പരാമര്‍ശം. കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ, നോട്ടുനിരോധനം, ജിഎസ്ടി തുടങ്ങിയ പദ്ധതികളെ വിമര്‍ശിച്ചതിന്റെ പേരിലായിരുന്നു മെര്‍സലിനെതിരെ ബിജെപി രംഗത്തെത്തിയത്. ചിത്രത്തിലെ നായകനായ വിജയിയെ ജോസഫ് വിജയ് എന്ന പേര് ഉപയോഗിച്ചായിരുന്നു ബിജെപി ദേശീയ സെക്രട്ടറിയായ എച്ച് രാജ ഉള്‍പ്പെടെ വിമര്‍ശിച്ചത്.

വിജയ് ക്രിസ്ത്യാനിയായതിനാലാണ് ചിത്രത്തില്‍ ബിജെപിയെ അപമാനിക്കുന്ന തരത്തിലുള്ള ഡയലോഗുകള്‍ ഉള്‍പ്പെടുത്തിയതെന്നും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ മതങ്ങള്‍ തങ്ങള്‍ പരിശോധിച്ച് വരികയാണെന്നുമാണ് എച്ച് രാജ പിന്നീട് പറഞ്ഞത്. ഇതെല്ലാമാണ് വിവാദമായത്. ബിജെപിക്കാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പിന്നീട് ചിത്രത്തിന് പൂര്‍ണ്ണ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ജോസഫ് വിജയ് എന്ന വിജയിയുടെ ഐഡന്റികാര്‍ഡ് ഉള്‍പ്പെടെയുള്ളവയുമായാണ് ബിജെപി പ്രവര്‍ത്തകര്‍ വിജയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്.

മോദി സര്‍ക്കാരിനെതിരെ വിദ്വേഷ പ്രചരണം നടത്തുന്നതിന് പിന്നില്‍ വിജയുടെ മതവിശ്വാസത്തിന് പങ്കുണ്ടെന്നും ക്ഷേത്രങ്ങള്‍ക്ക് പകരം ആശുപത്രികള്‍ നിര്‍മിക്കണമെന്ന് അദ്ദേഹം പറയുന്നത് അദ്ദേഹം ഒരു ക്രിസ്ത്യന്‍ മതവിശ്വാസി ആയതുകൊണ്ടാണെന്നും രാജ പറഞ്ഞിരുന്നു. സിനിമയിലെ ആ സംഭാഷണം പള്ളി എന്നാക്കി പറയാന്‍ വിജയ്ക്ക് ധൈര്യമുണ്ടോയെന്നും രാജ ചോദിച്ചിരുന്നു. നേരത്തെ ദേശീയഗാനത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് മലയാള സംവിധായകന്‍ കമലിന് നേരെ ബി.ജെ.പിയും യുവമോര്‍ച്ചയും രംഗത്തെത്തിയിരുന്നു. കമല്‍ എന്നവ്യക്തിയുടെ മതം തെരഞ്ഞുപിടിച്ച് അദ്ദേഹം കമല്‍ അല്ല കമാലുദ്ധീന്‍ ആണെന്നും ദേശവിരുദ്ധനാണെന്നും പറഞ്ഞായിരുന്നു അന്ന് ബി.ജെ.പിയുടെ പ്രചരണം. ഇതിനെ കൂടി പരിഹസിച്ചാണ് ആഷിക് അബു രംഗത്തെത്തിയത്.

Related posts