ദിലീപിന് എന്നോടു നീരസം തോന്നിയത് റാണിപത്മിനിക്കുശേഷമായിരിക്കും, ദിലീപ് ചിത്രത്തെ രക്ഷിക്കാന്‍ ഹോസ്റ്റലില്‍ നിന്ന് ആ സിനിമ കാണാന്‍ പോയിട്ടുണ്ട്, നടിക്ക് കൂറ് പ്രഖ്യാപിച്ച് വീണ്ടും ആഷിഖ് അബു

കൊച്ചിയില്‍ നടി ആക്രമണത്തിനിരയായ സംഭവത്തില്‍ തന്റെ പിന്തുണ നടിക്കാണെന്ന് വീണ്ടും വ്യക്തമാക്കി സംവിധായകന്‍ ആഷിഖ് അബു. താനും ദിലീപും തമ്മില്‍ നല്ല ബന്ധമുണ്ടായിരുന്നുവെന്നും അതിന് വിള്ളല്‍ വീണത് റാണിപത്മിനി എന്ന സിനിമയ്ക്കുശേഷമാകുമെന്നും ആഷിഖ് വെളിപ്പെടുത്തുന്നു. റാണിപത്മിനിയില്‍ ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവാര്യര്‍ ആയിരുന്നു നായിക. ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

മഹാരാജാസില്‍ പഠിക്കുന്ന സമയത്തെ പരിചയമുള്ള ആളുകളാണ് ദിലീപും അനുജനും. വര്‍ണ്ണക്കാഴ്ചകള്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് മഹാരാജാസില്‍ വെച്ചുനടന്നപ്പോഴാണ് ഞങ്ങള്‍ പരിചയപ്പെട്ടതും സൗഹൃദത്തില്‍ ആവുന്നതും. ഫാന്‍സ് അസോസിയേഷന്‍ രൂപപെടുന്നതിനു മുന്‍പ് ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമ ഹോള്‍ഡ് ഓവര്‍ ആവാതിരിക്കാന്‍ മഹാരാജാസ് ഹോസ്റ്റലില്‍ നിന്ന് പല കൂട്ടമായി വിദ്യാര്‍ത്ഥികള്‍ തീയേറ്ററുകളില്‍ എത്തുകയും, കൗണ്ടര്‍ ഫോയിലുകള്‍ സഹോദരന്റെ കയ്യിലും ആലുവ പറവൂര്‍ കവലയിലെ വീട്ടില്‍ എത്തുകയും ചെയ്തിട്ടുണ്ട്.

തികച്ചും സുഹൃത്തെന്ന നിലയിലുള്ള പിന്തുണയാണ് സിനിമയുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ഞങ്ങള്‍ ദിലീപ് എന്ന മുന്‍ മഹാരാജാസുകാരന് നല്‍കിയത്. അതിന്റെ എല്ലാ സ്‌നേഹവും അദ്ദേഹം തിരികെ തരികയും ചെയ്തിട്ടുണ്ട്. ഞങ്ങളുടെ ക്യാമ്പസ് ഫിലിം കോളജ് ഓഡിറ്റോറിയത്തില്‍ വന്നുകണ്ടു, പ്രോത്സാഹിപ്പിച്ചു, യൂത്‌ഫെസ്റ്റിവലിന് പിരിവ് തന്നിട്ടുണ്ട്. പല തവണ അതിഥിയായി വന്നിട്ടുണ്ട്. സിനിമയില്‍ പല കാലഘട്ടത്തില്‍ ആണെങ്കിലും ഒരേ ഗുരുവിന്റെ ശിഷ്യന്മാരായി. എന്തെങ്കിലും തരത്തില്‍ എന്നോട് നീരസം തോന്നിയിട്ടുണ്ടെങ്കില്‍ റാണി പദ്‌നിക് ശേഷമായിരിക്കും. പക്ഷെ ആ നീരസവും മാനുഷികമാണ്. അതിനെ മാനിക്കുന്നു.

Related posts