ഇനി അത്തിപ്പഴം പറിക്കാന്‍ ഇസ്രയേലിലേക്ക് പോകണ്ട; നേരിട്ടു പൊട്ടിച്ചെടുക്കാന്‍ വാടാനപ്പള്ളി ബെഞ്ചമിന്റെ വീട്ടിലേക്കു വന്നാല്‍മതി

pkd-athipazhamഎ.ജെ.വിന്‍സന്‍
വാടാനപ്പള്ളി: ബെഞ്ചമിന്റെ ടെറസില്‍ രണ്ടാംതവണയും ഇസ്രയേല്‍ അത്തിപ്പഴം വിളഞ്ഞു. സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് പള്ളിക്കു സമീപം പൊറുത്തൂര് കിട്ടന്‍ വര്‍ക്കി മകന്‍ ബെഞ്ചമിന്റെ (55) ജെവപച്ചക്കറികൃഷിക്കുള്ളിലാണ് അത്തിപ്പഴം വിളഞ്ഞത്. പ്ലാസ്റ്റിക് ബക്കറ്റില്‍ നില്ക്കുന്നഅത്തിക്ക് വലിയ ഉയരമൊന്നുമില്ല. അത്തി പഴുത്താല്‍ നേരിട്ടു ചെടിയില്‍നിന്ന് പറിച്ചുതിന്നാം. വലിയ അത്തിമരമാണെങ്കില്‍ അത്തിപ്പഴം പ്രത്യേകം സംസ്കരിച്ചെടുത്താലേ കഴിക്കാനാകൂ.

മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍നിന്നാണ് ബെഞ്ചമിന്‍ തൈ വാങ്ങി വളര്‍ത്തിയത്. വീട്ടുടെറസിലെ 300 ചതുരശ്രയടിയിലാണ് അത്തിയും വാഴയും ചോളവുമൊക്കെ ബെഞ്ചമിന്‍ കൃഷിചെയ്യുന്നത്. ചോളം, മങ്കോസ്റ്റീന്‍, ടിഷ്യൂകള്‍ച്ചര്‍ നേന്ത്രവാഴകള്‍, റോബസ്റ്റ് വാഴ, ചെടിമുരിങ്ങ, മാതളം, പേര, റംബുട്ടാന്‍, റെഡ് ലേഡി പപ്പായ, വിവിധതരം പച്ചക്കറികള്‍, വിവിധതരം മുളക് ഇനങ്ങള്‍ എന്നിവയെല്ലാം ഈ വീടിന്റെ ടെറസില്‍ ബെഞ്ചമിന്‍ കൃഷിചെയ്യുന്നുണ്ട്.കാര്‍ഷിക സര്‍വകലാശാലയിലെ പ്രഫ. സുശീല, പ്രഫ. നാരായണന്‍കുട്ടി എന്നിവരാണ് വഴികാട്ടികള്‍. കാര്‍ഷിക സര്‍വകലാശാലയിലെ വിവിധ ഹ്രസ്വകോഴ്‌സുകളും വിജയിച്ച കൃഷിവിദ്യാര്‍ഥികൂടിയാണ് ബെഞ്ചമിന്‍.

മൂന്നു ചിരട്ടയ്ക്കു മുകളിലും കല്ലുകള്‍ക്കു മുകളില്‍ പലക വെച്ചും ചെറിയ ഇരുമ്പു ബഞ്ചുകളിലുമൊക്കെയാണ് ഗ്രോബാഗുകള്‍ വച്ച് ബെഞ്ചമിന്റെ കൃഷി. ഭാര്യ റീനയും മക്കളായ ബീനയും ബെന്‍സനുമെല്ലാം കൃഷിപ്പണിയില്‍ സഹായികളാണ്. ജൈവകൃഷിയില്‍ തല്പരരായവര്‍ക്കു ക്ലാസെടുക്കാനും പ്രായോഗികമായി കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാനും ബെഞ്ചമിന്‍ സമയം കണ്ടെത്താറുണ്ട്. ദുബായിലെ മെക്ക്‌വാട്ട് ഇലക്ട്രോ മെക്കാനിക്കല്‍ കമ്പനിയില്‍ 28 വര്‍ഷം ജോലിചെയ്താണ് ബെഞ്ചമിന്‍ നാട്ടിലെത്തി ജൈവപച്ചക്കറികൃഷിയിലേക്കിറങ്ങിയത്. ഫോണ്‍: 9633162522.

Related posts