ഇതല്ലേ കട്ടഹീറോയിസം! നിനക്കൊന്നും അമ്മയും പെങ്ങന്മാരുമില്ലേ; ചെറുപ്പക്കാരില്‍ നിന്നും പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയ പാക് ഗായകന്‍ അതിഫ് അസ്ലമിന്റെ പഞ്ച് ഡയലോഗ് വൈറലാകുന്നു

ATIF-600കറാച്ചി:ആളുകളെ സന്തോഷിപ്പിക്കുക എന്നതാണ് കലാകാരന്റെ കര്‍ത്തവ്യം. ഒരാളുടെ വേദന കണ്ടു കൊണ്ട് കലാകാരന് സന്തോഷത്തോടെ കലാപരിപരിപാടി അവതരിപ്പിക്കാന്‍ പറ്റില്ല. ആതിഫ് അസ്ലം അത്തരമൊരു കലാകാരനായിരുന്നു. തന്റെ സംഗീത പരിപാടിക്കിടെ ഒരു പെണ്‍കുട്ടിയെ കുറേ ചെറുപ്പക്കാര്‍ അപമാനിക്കാന്‍ ശ്രമിക്കുന്നത് കണ്ട് അതിഫ് ഇടപെടുകയായിരുന്നു. സംഗീത പരിപാടി നിര്‍ത്തിവച്ച് പെണ്‍കുട്ടിയെ വേദിയിലേക്ക് പിടിച്ചുകയറ്റിയാണ് അതിഫ് രക്ഷിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

കറാച്ചി ഈറ്റ് 2017 എന്ന സംഗീത പരിപാടിക്കിടെയാണ് മുന്‍നിരയിലിരുന്ന പെണ്‍കുട്ടിയെ ഒരു സംഘം യുവാക്കള്‍ അപമാനിക്കാന്‍ ശ്രമിക്കുന്നത് അതിഫിന്റെ കണ്ണില്‍പ്പെടുന്നത്. അങ്ങോട്ടു ചെന്ന അതിഫ് യുവാക്കളോട് കയര്‍ത്തു. ‘നീയൊക്കെ ആദ്യമായാണോ പെണ്‍കുട്ടികളെ കാണുന്നത് എന്നു ചോദിച്ച ഗായകന്‍ നിങ്ങളുടെ അമ്മയ്ക്കും പെങ്ങള്‍ക്കും ഇങ്ങനെ സംഭവിക്കാം’എന്നും പറഞ്ഞാണ് യുവാക്കളെ ശകാരിച്ചത്. പെണ്‍കുട്ടിയെ വേദിയിലേക്ക് കൈപിടിച്ചുകയറ്റിയ അതിഫ് കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. അതിഫിന്റെ ഇടപെടലിനെ നിറഞ്ഞ കരഘോഷത്തോടെയാണ് ജനം സ്വീകരിച്ചത്. എന്നാല്‍ പരിപാടിയുടെ സംഘാടകര്‍ ഇതിനോടു തണുത്ത രീതിയിലാണ് പ്രതികരിച്ചത്. സംഗീത പരിപാടിയില്‍ പ്രശസ്ത ഗായിക അബിത പര്‍വീണ്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു. ആതിഫിന്റെ രക്ഷാപ്രവര്‍ത്തനത്തിന്റ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ആതിഫിനെ പിന്തുണച്ചു കൊണ്ട് ബോളിവുഡിലെ പല പ്രമുഖരും പോസ്റ്റുകളിട്ടിട്ടുണ്ട്.

Related posts