ഭാവനകളാണ് ഭാവനയുടെ ലോകം..! ഭാവനകൾക്കു ചിറകുമുളച്ചാൽ പിന്നെ വരക്കാതിരിക്കാനാവില്ല; വരയുടെ വർണ ലോകത്തിൽ പുതിയ മാനങ്ങൾ തേടി ഭാവന

സി. അനിൽകുമാർ

bhavana

പാലക്കാട്: ഇവൾ ഭാവന. ചുമരും ഛായങ്ങളുമില്ലാതെ എഴുതാനാവാത്ത വർണലോകം. അത്രമേൽ അവളിഷ്‌ടപ്പെടുന്നു വരയുടെയും ഛായക്കൂട്ടുകളുടെയും ലോകം. അതിനുലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് പഠിക്കുന്ന കോളജ് ക്യാമ്പസിൽതന്നെയുള്ള ചുമരിൽ ചിത്രംവരയ്ക്കാൻ ലഭിച്ച അവസരം. ശിശുക്കളോടൊപ്പമുള്ള യേശുക്രിസ്തുവിന്റെ അപൂർവമായൊരു ചിത്രമാണ് അവൾ തീർത്തത്. പാലക്കാട് മേഴ്സി കോളജിലെ എംഎസ് ഡബ്ല്യു വിദ്യാർഥിനിയായ ഭാവനയാണ് വരയുടെ വർണലോകത്തിലൂടെ ചിത്രകലയിൽ പുതിയ മാനങ്ങൾ തേടുന്നത്.

ഭാവനകൾക്കു ചിറകുമുളച്ചാൽ ഭാവനയ്ക്കു പിന്നെ വരക്കാതിരിക്കാനാവില്ല. അതിന് ക്യാൻവാസായാലും ചുമരായാലും മതി. കോളജിലും അധ്യാപകർക്കിടയിലും ഭാവന സുപരിചിതയാണ്. വർഷങ്ങളായി കോളജ് കലോത്സവങ്ങളിൽ ചിത്രരചനാമത്സര രംഗത്തെ സ്‌ഥിരം സാനിധ്യം. ഡിഗ്രിയ്ക്ക് പഠിക്കുമ്പോൾ എസോൺ മത്സരങ്ങളിൽ കൊളാഷ്, കാർട്ടൂൺ, പോർട്രെയ്റ്റ് , ക്ലേമോഡലിംഗ് എന്നിവയിൽ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട് ഇവൾക്ക്. പിജിയ്ക്കു ചേർന്നതോടെ പഠനത്തിന്റെ തിരക്കുകളുംകൂടി. അതിനാൽ മത്സരരംഗത്തും വരയുടെ ലോകത്തുനിന്നും ഇടയ്ക്കിടെ അവധിയെടുക്കേണ്ടിവരുന്നു.

തേങ്കുറിൾി പുത്തൻപുരയിൽ കർഷകനായ കെ.പി,ശ്രീകുമാറിന്റെയും വീട്ടമ്മയായ ബീനയുടെയും മകളാണ് ഈ കലാകാരി. ചിത്രകല ശാസ്ത്രീയമായി അഭ്യസിച്ചിട്ടുമൊന്നില്ല ഇവൾ. പക്ഷേ വരയുടെ പാരമ്പര്യം അച്ഛൻ ശ്രീകുമാറിൽനിന്നാണ് കൈവന്നത്. അദ്ദേഹം നന്നായി വരയ്ക്കും. ശ്രീകുമാർ മുമ്പ് വിദേശത്തായിരുന്നു. സ്കൂൾപഠനകാലത്തുതന്നെ ഭാവന നന്നായി വരയ്ക്കുമായിരുന്നു. ശ്രീകുമാറിന്റെ പ്രോത്സാഹനവും അതിനെ തേച്ചുമിനുക്കി. സമ്മാനങ്ങളും വാരിക്കൂട്ടി.

പക്ഷേ ചിത്രരചന കാര്യമായെടുത്തത് മേഴ്സി കോളജിലെ ഡിഗ്രി പഠനത്തോടുകൂടിയാണ്. അധ്യാപകരുടെയും സഹപാഠികളുടെയും പിന്തുണ ഏറെയായിരുന്നു.

ഡിഗ്രിയുംകഴിഞ്ഞ് ഇംഗ്ലീഷ് എംഎയും പൂർത്തിയാക്കിയ ഭാവന കോളജിൽവീണ്ടും എംഎസ്ഡബ്ല്യുവിനു ചേരുകയായിരുന്നു. ചുരുക്കത്തിൽ ഏഴുവർഷമായി കോളജിലെ വിദ്യാർഥിനിയാണ്. ഭാവനയുടെയും അച്ഛന്റെയും വർണക്കൂട്ടുകളുടെയും കരവിരുതിന്റെയുംലോകം വീട്ടിലെത്തിയാലും കാണാം.

വീടിന്റെ ചുമരുകളിൽ രണ്ടുപേരുംതീർത്ത സുന്ദരമായ ചിത്രങ്ങളുണ്ട്. ക്യാൻവാസുകളിൽ മറ്റനേകം മനോഹരചി ത്രങ്ങളും. വർണലോകം മാത്രമല്ല, പിയാനോയും നന്നായി വായിക്കും ഭാവന.സംസ്‌ഥാന സ്കൂൾകലോത്സവങ്ങളിൽ രണ്ടുവർഷത്തോളം ഓർക്കസ്ട്ര ടീമിലംഗമായിരുന്നു.ഇപ്പോഴും കോളജ് കലോത്സവങ്ങളിൽ ഭാവനയുടെ സാനിധ്യമുണ്ട്. എംഎസ് ഡബ്ല്യുവിനൊപ്പം ക്രിയേറ്റീവ് ടെക്നോളജിയും പഠിച്ചുവരുന്നുണ്ട്.സഹോദരൻ ഐടി വിദ്യാർഥിയാണ്.

Related posts