ഇത് അമ്മയ്ക്ക്! അകാലത്തില്‍ മരിച്ച അമ്മയുടെ ഓര്‍മ്മയില്‍ സംഗീതസംവിധായകന്‍ ബിജിപാലിന്റെ മക്കള്‍ ഒരുക്കിയ ഹൃദയസ്പര്‍ശിയായ ഗാനം; വീഡിയോ വൈറല്‍

അമ്മമാരുടെ മരണത്തോളം ഒരു മനുഷ്യനെ ദുഖത്തിലാഴ്ത്താന്‍ സാധിക്കുന്ന മറ്റൊന്നും ഈ ഭൂമിയില്‍ സംഭവിക്കുന്നില്ല. മരണശേഷവും തങ്ങളുടെ അമ്മയുടെ ഓര്‍മ്മകള്‍ ഭൂമിയില്‍ നിലനിര്‍ത്താന്‍ മക്കള്‍ പലവിധത്തിലും ശ്രമിക്കാറുണ്ട്. ഇത്തരത്തില്‍ മരിച്ചുപോയ തങ്ങളുടെ അമ്മയുടെ ഓര്‍മ്മയ്ക്കായി ഒരു ഗാനത്തിന് രൂപം നല്‍കിയിരിക്കുകയാണ് സംഗീതസംവിധായകന്‍ ബിജിപാലിന്റെ മക്കള്‍. ബിജിപാലിന്റെ ഭാര്യയും പ്രശസ്ത നര്‍ത്തകിയുമായിരുന്ന ശാന്തി മോഹന്‍ദാസ് രണ്ട് മാസം മുമ്പാണ് അന്തരിച്ചത്.

നേരത്തെ തങ്ങളെ വിട്ടു പോയ അമ്മക്ക് വേണ്ടി ബിജിപാലിന്റെ രണ്ടു മക്കളും ബിജിപാലിന്റെ സഹോദരന്റെ മകളും ചേര്‍ന്നാണ് ഈ ഗാനം ഒരുക്കിയത്. ഗാനത്തിന് വയലിന്‍ വായിച്ചു കൊണ്ട് ബിജിപാലും ഈ മനസ്സ് തൊടുന്ന ഗാനത്തിനൊപ്പമുണ്ട്. ബിജിപാലിന്റെ മകന്‍ ദേവദത്തും മകള്‍ ദയയും ഒപ്പം അവരുടെ കസിന്‍ ആയ ലോലയുമാണ് ഗാനരംഗത്തിലുള്ളത്. ദേവദത്താണ് ഈ ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത്. ഗാനം രചിച്ചതാകട്ടെ ലോലയും. രണ്ടു മിനിറ്റു നാല്പത്തിയേഴു സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ വിഡിയോയില്‍ മൂവരും പ്രത്യക്ഷപെടുന്നുമുണ്ട്.

ജോബിന്‍ കായനാട് ആണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നതും അത് എഡിറ്റ് ചെയ്തിരിക്കുന്നതും. കൈ പിടിച്ചു പിച്ച വെച്ച് എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് കുട്ടികള്‍ മൂന്നു പേരും ചേര്‍ന്നാണ്. സന്ദീപ് മോഹന്‍ ആണ് ഗാനത്തിന് ഗിറ്റാര്‍ വായിച്ചിരുന്നത്. കഴിഞ്ഞ ഓഗസ്റ്റ് പത്തൊന്‍പതാം തീയതിയാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ബിജിപാലിന്റെ ഭാര്യ ശാന്തി അന്തരിച്ചത്. ഏതായാലും ബിജിപാലിന്റെ മക്കള്‍ ഒരുക്കിയ ഈ ഗാനാഞ്ജലി ലോകമെമ്പാടുമുള്ള മലയാളികള്‍ ഹൃദയത്തില്‍ സ്വീകരിച്ചുകഴിഞ്ഞു.

Related posts