കാരുണ്യത്തിനായി… ചെറു ദ്വീപില്‍ ഒറ്റപ്പെട്ട് ബിന്ദുവും കുടുംബവും;സുരക്ഷിതമില്ലാത്ത വീടും സ്വന്തമാമായി തോണിയില്ലാത്തതും ഇവരുടെ ജീവതം ദുസ്സഹമാകുന്നു

THONIവടകര: തുരുത്തിപ്പുഴയിലെ ചെറുദ്വീപില്‍ ഒറ്റപ്പെട്ട് കഴിയുന്ന ബിന്ദുവും കുടുംബവും മറ്റുള്ളവരെ സങ്കടപ്പെടുത്തുന്നു. നാലുപാടും നിറഞ്ഞ വെള്ളവും ഇതിലൂടെ നീങ്ങുന്ന തോണിയുമാണ് ഈ കുടുംബത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നത്. നേരാംവണ്ണമൊരു തോണിയില്ലെങ്കില്‍  ഇവരുടെ ജീവിതം തകരുന്ന സ്ഥിതി. എടച്ചേരി പുതിയങ്ങാടി ടൗണില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെയാണ് തുരുത്തി ഗ്രാമം. അവിടുന്ന് പുഴയിലൂടെ തോണിയില്‍ സഞ്ചരിച്ചാല്‍  നടുത്തുരുത്തിയിലെത്താം. നിറയെ കാടും പടലും നിറഞ്ഞിരിക്കുന്ന ഇവിടെയാണ് ബിന്ദുവിന്റെ കുടുംബം കഴിയുന്നത്. ഒപ്പം മറ്റൊരു കുടുംബവുമുണ്ട്.

വീടെന്ന് പറയുമ്പോള്‍ മനസിലെത്തുന്ന സംവിധാനങ്ങളൊന്നുമില്ലാത്ത, വെയിലും മഴയുമെത്താതെ കയറിക്കിടക്കാനൊരിടം. ഉപജീവനത്തിന് മറുകരയെത്തണമെങ്കില്‍ പരന്നുകിടക്കുന്ന തുരുത്തിപ്പുഴ കടക്കണം. അതിന് തോണിയില്ലാത്തതിന്റെ സങ്കടത്തിലാണ് ഇവിടത്തെ വിരലിലെണ്ണാവുന്ന മനുഷ്യര്‍. കുട്ടികള്‍ക്ക് സ്കൂളിലെത്താനും മുതിര്‍ന്നവര്‍ക്ക് ജീവിതവഴി തേടാനും പുറം ലോകത്തെത്തണമെങ്കില്‍ തോണി തന്നെ ശരണം.  ഇവര്‍ ആശ്രയിച്ചിരുന്ന തോണി പഴക്കം കാരണം ഉപയോഗിക്കാന്‍ പറ്റാതായതോടെ ദുരിതമായി. ഇതില്‍ ബിന്ദുവിന്റെ കാര്യമാണ് കഷ്ടം.

എട്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നട്ടെല്ലിന്റെ ശസ്ത്രക്രിയക്കു വിധേയയായിരുന്നു ബിന്ദു.  പിന്നീടിങ്ങോട്ട് മാനസിക അസ്വസ്ഥത പ്രകടിപ്പിക്കാന്‍ തുടങ്ങി. കാലങ്ങളായി അതിന്റെ ചികില്‍സയില്‍ അലയുകയാണ് കുടുംബം. ഇപ്പോള്‍ അപസ്മാരരോഗവും ബിന്ദുവിനെ അലട്ടുകയാണ്. ദുരിതത്തിന്റെ ആഴപ്പരപ്പില്‍ ഒറ്റപ്പെട്ട് കഴിയാന്‍ വിധിക്കപ്പെട്ടവരാണ് ഈ തുരുത്തിലുള്ളത്.

ഏക സഹോദരന്‍ ജോലിക്കു പോയിത്തുടങ്ങിയതിന്റെ ആശ്വാസത്തിലാണ് ബിന്ദുവിന്റെ കുടുംബം. ഭാരമായിതുടങ്ങിയ ബിന്ദുവിന്റെ ചികില്‍സക്ക് സഹോദരന്റെ വരുമാനം മതിയാവില്ല. എടച്ചേരിയിലെ തണല്‍ അഗതി മന്ദിരമാണ് ഇവര്‍ക്ക് അല്‍പമെങ്കിലും തണലേകുന്നത്. തണലില്‍ ഡോക്ടര്‍മാരെത്തുന്ന ദിവസം ബിന്ദുവിനെയും കൂട്ടി എടച്ചേരിയിലെത്തണം. അതിന് തോണി വേണം. അവിടെയെത്തിയാല്‍ മരുന്നും ചികില്‍സയും സൗജന്യമാണ്. ഇവരുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത് തോണിയാണെങ്കില്‍ അത് നഷ്ടപ്പെടുന്നതിലെ ആധിയാണ് കുടുംബത്തിന്.

ഉപയോഗശൂന്യമായ ഫൈബര്‍തോണി നേരത്തെ കോഴിക്കോട്ടെ താജ് റസിഡന്‍സി സംഭാവന നല്‍കിയതായിരുന്നു. നിത്യ ജീവിതത്തിന്റെ ഭാഗമായിരുന്ന ഈ തോണി കേടായതോടെ ബിന്ദുവിന്റെയും ഒപ്പം മറ്റുള്ളവരുടെയും ജിവിതം ചോദ്യചിഹ്നമാവുകയാണ്.  താല്‍ക്കാലികമായി കിട്ടിയ തോണിയാണിപ്പോള്‍ കുടുംബം ഉപയോഗപ്പെടുത്തുന്നത്. ഇത് ഏത് സമയവും തിരിച്ചു കൊടുക്കേണ്ടി വരും.

മൂര്‍ഛിക്കുന്ന രോഗം കൊണ്ട് വലയുന്ന കുടുംബത്തിന് പുഴ കടക്കാന്‍ തോണിയില്ലാത്ത അവസ്ഥ ഓര്‍ക്കാനേ വയ്യ. പെട്ടെന്ന് ആശുപത്രിയില്‍ എത്തണമെന്ന് വിചാരിച്ചാല്‍ തോണിയില്ലെങ്കില്‍ കാര്യം അവതാളത്തിലാവും. മുമ്പ് താജ് റസിഡന്‍സി ചെയ്തതു പോലൊരു പുണ്യം എവിടെനിന്നെങ്കിലും ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ബിന്ദുവും കുടുംബവും.

Related posts