അവിവിവാഹിതരായവര്‍ക്ക് മാത്രമേ രാഷ്ട്രീയത്തില്‍ വലിയ വിജയം നേടാന്‍ സാധിക്കൂ! കുടുംബത്തെ ഉപേക്ഷിച്ച് തനിച്ച് കഴിയുന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയരഹസ്യം; വിചിത്ര പ്രസ്താവനയുമായി ബിജെപി മന്ത്രി

വിചിത്രമായ പ്രസ്താവനകള്‍ നടത്തുന്നതിലെ ഒന്നാം സ്ഥാനം മറ്റൊരു പാര്‍ട്ടിയ്ക്കും വിട്ടുകൊടുക്കില്ലെന്ന് ദൃഢനിശ്ചയം ചെയ്തിരിക്കുകയാണെന്ന് തോന്നിപ്പോകും ബിജെപി നേതാക്കളുടെ മത്സരിച്ചുള്ള പ്രകടനം കണ്ടാല്‍. രാഷ്ട്രീയത്തില്‍ വിജയം കൈവരിക്കണമെങ്കില്‍ വിവാഹം കഴിക്കരുത് എന്ന ആഹ്വാനവുമായാണ് ഏറ്റവുമൊടുവില്‍ ഒരു ബി.ജെ.പി മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

ഖാണ്ഡവയിലെ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് മധ്യപ്രദേശ് ഊര്‍ജ വകുപ്പ് മന്ത്രി പാരസ് ചന്ദ്ര ജൈനിന്റെ ഈ പരാമര്‍ശം. രാഷ്ട്രീയത്തില്‍ ശോഭിക്കണമെങ്കില്‍ വിവാഹം കഴിക്കരുത് എന്നായിരുന്നു മന്ത്രിയുടെ നിരീക്ഷണം. ‘അവിവാഹിതരെ മാത്രമേ എം.എല്‍.എയായും മന്ത്രിയായും നിയമിക്കാവൂ’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന്, അവിവാഹിതരായവര്‍ക്ക് മാത്രം എന്തുകൊണ്ടാണ് രാഷ്ട്രീയത്തില്‍ വിജയം നേടാന്‍ കഴിയുന്നതെന്നും ജൈന്‍ വിശദീകരിച്ചു. വിവാഹം കഴിയുന്നതോടുകൂടി ആളുകള്‍ കുടുംബത്തെ കുറിച്ച് ആശങ്കപ്പെട്ടു തുടങ്ങും. ‘എന്നാല്‍ ഒന്നിനേക്കുറിച്ചും ആശങ്കപ്പെടേണ്ടതില്ലാത്തവര്‍ ഭാരതത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നു’, ജൈന്‍ പറഞ്ഞു.

കുടുംബത്തെ ഉപേക്ഷിച്ച് തനിച്ച് കഴിയുന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയരഹസ്യമെന്നും ജൈന്‍ പറഞ്ഞു. വിദേശ രാജ്യങ്ങള്‍ക്ക് മുമ്പില്‍ ഇന്ത്യയുടെ ആദരവ് വര്‍ധിപ്പിക്കുന്നതിനായി ആരെങ്കിലും പ്രയത്നിച്ചിട്ടുണ്ടെങ്കില്‍ അത് മോദി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് മന്ത്രി പദവി ദുരുപയോഗം ചെയ്ത് വഴിവിട്ട സഹായങ്ങള്‍ ചെയ്തുകൊടുത്തു എന്ന് ആരോപണങ്ങള്‍ നേരിടുന്നയാളാണ് ബി.ജെ.പി മന്ത്രി ജൈന്‍. ഇദ്ദേഹം വിവാഹിതനാണ്.

Related posts