സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികളായ നെറോക്ക എഫ്‌സിയുടെ പേജില്‍ പൊങ്കാലയിട്ട് മഞ്ഞപ്പട ആരാധകര്‍, തിരിച്ചടിച്ച് നെറോക്ക ഫാന്‍സും, ബ്ലാസ്‌റ്റേഴ്‌സ് ഫാന്‍സ് വീണ്ടും വെറുപ്പിക്കുന്നുവോ?

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഏറ്റവും വലിയ ശക്തി ആരാധകരാണ്. ബ്ലാസ്റ്റേഴ്‌സിനെ നെഞ്ചിനകത്ത് കൊണ്ടുനടക്കുന്ന ഫാന്‍സ് പക്ഷേ പല സന്ദര്‍ഭങ്ങളിലും ടീമിനെ കുഴപ്പത്തിലാക്കാറുണ്ട്. ബെംഗളൂരു എഫ്‌സി ആരാധകക്കൂട്ടമായ വെസ്റ്റ് ബ്ലോക്ക് ബ്ലൂസിനെതിരേ ആയിരുന്നു ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ ആദ്യത്തെ കൊലവിളി. ഇരുടീമിന്റെയും ആരാധകര്‍ സോഷ്യല്‍മീഡിയയില്‍ ഏറ്റുമുട്ടിയപ്പോള്‍ മഞ്ഞപ്പട തന്നെ ജയിച്ചു. എന്നാല്‍ കളത്തിലെ കളിയില്‍ ബ്ലാസ്റ്റേഴ്‌സിനെ നാണംകെടുത്തി വിട്ടു സുനില്‍ ഛേത്രിയും കൂട്ടരും.

എതിരാളികളെ സോഷ്യല്‍മീഡിയയില്‍ അവഹേളിക്കുന്നത് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ സ്ഥിരം പരിപാടിയാണെന്ന പരാതി മറ്റു ടീമുകള്‍ക്കുണ്ട്. പൂനെ സിറ്റിയും ബ്ലാസ്റ്റേഴ്‌സ് വിട്ട് ഗോവയില്‍ ചേര്‍ന്ന മാര്‍ക് സിഫ്‌നിയോസും ഇത് പണ്ടേ അനുഭവിച്ചതാണ്. ഇപ്പോഴിതാ സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികളായ നെറോക്ക എഫ്‌സിയാണ് പൊങ്കാല ഏറ്റുവാങ്ങുന്നത്.

സൂപ്പര്‍ കപ്പില്‍ നെറോക്കയുമായി ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരം അടുത്തമാസം ആറിനാണ്. നെറോക്കയുടെ ഓഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ വെല്ലുവിളികളും ശക്തിപ്രകടനങ്ങളുമാണ്. ഇതിനെതിരേ നെറോക്ക ആരാധകരും രൂക്ഷമായി പ്രതികരിച്ചതോടെ പേജ് അഡ്മിന്‍മാര്‍ പല കമന്റുകളും ഡിലീറ്റ് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.

ഐഎസ്എല്ലില്‍ കാര്യമായി തിളങ്ങാന്‍ സാധിക്കാതിരുന്ന സി.കെ. വിനീതിനും പലപ്പോഴും തെറിവിളികള്‍ നേരിടേണ്ടി വന്നിരുന്നു. ചില ഘട്ടങ്ങളില്‍ വിനീത് നല്ല ചുട്ട മറുപടിയും നല്കിയിരുന്നു. എന്തായാലും എല്ലാവരെയും വെറുപ്പിച്ച് ബ്ലാസ്റ്റേഴ്‌സ് ഫാന്‍സ് മുന്നോട്ടു പോകുന്നുവെന്ന കാര്യത്തില്‍ പലര്‍ക്കും ഏകാഭിപ്രായമാണ്.

Related posts