ജനങ്ങളെ പിഴിഞ്ഞ് സിപിഎമ്മിന്റെ ബക്കറ്റ് പിരിവ് കൊഴുക്കുന്നു ! പിരിവുകാരെക്കൊണ്ട് പൊറുതിമുട്ടി വീടുകളും സ്ഥാപനങ്ങളും; പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള എതിര്‍പ്പും വ്യാപകമാവുന്നു…

കൊച്ചി: ബിനോയ് കോടിയേരി വിവാദത്തെത്തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേ കടുത്ത വിമര്‍ശനം ഉയരുമ്പോള്‍ ജനങ്ങളെ പിഴിയാന്‍ ബക്കറ്റ് പിരിവുമായി സിപിഎം. പാര്‍ട്ടിയുടെ കഴുത്തറപ്പന്‍ പിരിവിനെക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ കടുത്ത വിമര്‍ശനമാണുയരുന്നത്. സമീപകാലത്ത് ബക്കറ്റ് പിരിവുകളിലൂടെ പാര്‍ട്ടി കോടികളാണു നേടിയത്. എന്നാല്‍, തുടര്‍ച്ചയായ പിരിവുകള്‍ ബാധ്യതയാകുമെന്നാണ് ഒരു വിഭാഗത്തിന്റെ വിമര്‍ശനം. മാസങ്ങള്‍ക്കു മുന്‍പ് ഇ.കെ നായനാരുടെ പേരില്‍ കണ്ണൂര്‍ പയ്യാമ്പലത്ത് നിര്‍മിക്കുന്ന അക്കാഡമിക്കായി പാര്‍ട്ടി ബക്കറ്റെടുത്തപ്പോള്‍ ലഭിച്ചത് കോടികളാണ്.

പാര്‍ട്ടി സമ്മേളന നടപടികളിലേക്കു കടന്നപ്പോള്‍ ഓരോ ഘടകവും പിരിവു നടത്തി. ഓഖി ദുരന്തത്തിന് ഇരയായവരെ സഹായിക്കാന്‍ സി.പി.എം. സംസ്ഥാന കമ്മിറ്റി നടത്തിയ ഫണ്ട് ശേഖരണത്തില്‍ ലഭിച്ചത് 4.81 കോടിയാണ് പിരിച്ചത്. ഫെബ്രുവരി 22 മുതല്‍ നടക്കുന്ന സി.പി.എം. സംസ്ഥാന സമ്മേളനത്തിന് ബ്രാഞ്ച് കമ്മറ്റികള്‍ 40,000 മണ്‍കുടുക്കകള്‍ വഴിയും പണം സ്വരൂപിച്ചിരുന്നു. കൂടാതെ പ്രത്യേക ഹുണ്ടിക പിരിവും നടത്തി.

വീടുകള്‍, തൊഴിലിടങ്ങള്‍, കച്ചവട സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് പിരിവ് നടത്തിയത്. നായനാര്‍ അക്കാദമിക്കായി ഒറ്റദിവസം കൊണ്ട് പിരിച്ചെടുത്തത് 20 കോടി രൂപയാണ്. കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നടക്കം പാര്‍ട്ടിക്ക് ഫണ്ട് വരുമ്പോഴാണ് പരമ്പാരഗത ജനകീയ ധനസമാഹരണത്തിന്റെ പാത കൈവിടാതെ സി.പി.എം. മുന്നോട്ടു നീങ്ങുന്നത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പ്രതിപ്പട്ടികയിലുള്‍പ്പെട്ട കതിരൂര്‍ മനോജ് വധക്കേസ് നടത്തിപ്പിനായി ജില്ലയില്‍ സി.പി.എം. വീണ്ടും പിരിനൊരുങ്ങിയിരിക്കുകയാണ്.

ഈ മാസം 16 മുതല്‍ മൂന്നു ദിവസം കൊണ്ട് ജില്ലയില്‍നിന്നു രണ്ടു കോടി രൂപ ഹുണ്ടികയായി പിരിച്ചെടുക്കാനാണു ജില്ലാസെക്രട്ടേറിയറ്റിന്റെ തീരുമാനം. ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തി. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന ഘട്ടത്തില്‍ത്തന്നെ ഇത്തരത്തിലൊരു പിരിവ് ശരിയല്ലെന്നാണ് ഇവര്‍ പറയുന്നത്. കൊലപാതകക്കേസിലെ പ്രതികളെ സംരക്ഷിക്കാനായി പാര്‍ട്ടി പരസ്യനിലപാടുമായി രംഗത്ത് വരുന്നത് ദോഷംചെയ്യുമെന്നും ചില കീഴ്ഘടകങ്ങള്‍ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി ഘടകങ്ങളില്‍നിന്ന് പണം സമാഹരിക്കാമെന്നിരിക്കെ പരസ്യമായ പിരിവ് അനാവശ്യമാണെന്ന അഭിപ്രായവും ചിലര്‍ക്കുണ്ട്.

കേസിന്റെ വിചാരണ ആരംഭിക്കുന്ന ഘട്ടത്തിലാണ് പ്രതിപട്ടികയിലുള്ള പി. ജയരാജനെ സഹായിക്കുന്നതിന് ജില്ലയിലെ അണികളുടെ വൈകാരികമായ താല്‍പര്യം മുന്‍നിര്‍ത്തി പണം പിരിച്ചെടുക്കാന്‍ സി.പി.എം. നീക്കം നടത്തുന്നത്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെ കോടതിയില്‍ ഹാജരാക്കാനാണ് സി.പി.എം. തീരുമാനം.

മുന്‍പ് ആര്‍.എസ്.എസ് നേതാവ് കെ.ടി ജയകൃഷ്ണന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ചപ്പോള്‍ സുപ്രിം കോടതിയില്‍ നിയമ പോരാട്ടം നടത്താന്‍ സി.പി.എം. മൊകേരി കേസ് ഫണ്ട് പിരിച്ചിരുന്നു. ടി.പി വധവുമായി ബന്ധപ്പെട്ട് പിന്നീട് സംസ്ഥാന തലത്തില്‍ ഡിഫന്‍സ് ഫണ്ടും പാര്‍ട്ടി പിരിച്ചിരുന്നു. ഇതിനു ശേഷമാണ് ഇത്തരമൊരു ഫണ്ടു പിരിവുമായി വീണ്ടും എത്തുന്നത്. പിരിവിനായി ജില്ലയിലെ 18 ഏരിയ കമ്മിറ്റികള്‍ക്കും ക്വാട്ട നിശ്ചയിച്ചു നല്‍കി. ഓരോ ഏരിയ കമ്മിറ്റിയും 10 മുതല്‍ 12 ലക്ഷം വരെയാണു പിരിച്ചുനല്‍കേണ്ടത്. എന്തായാലും ഇത്തരം ബക്കറ്റ് പിരിവിനെതിരേ സമൂഹമാധ്യമങ്ങളിലും വിമര്‍ശനം ഉയരുകയാണ്.

 

Related posts