എന്റമ്മോ ഒന്നു കാണേണ്ടതാ…

beatch1

കടല്‍ത്തീരം എന്നു പറഞ്ഞാല്‍ ഇതാണ് സംഭവം. എന്റമ്മോ, ഒന്നു കാണേണ്ടതുതന്നെ…

തീരം നിറയെ ഉയര്‍ന്നു നില്‍ക്കുന്ന കീഴ്ക്കാം തൂക്കായ പാറക്കെട്ടുകള്‍. പുരാതന കാലത്തെ ദേവാലയങ്ങളുടെ കവാടങ്ങളെ അനുസ്മരിപ്പിക്കുന്ന ആകൃതിയാണ് പാറക്കെട്ടുകള്‍ക്ക്. അവയുടെ ഇടയിലൂടെ നടന്നു നീങ്ങുന്ന മനുഷ്യര്‍. പെട്ടെന്ന് എവിടെനിന്നോ അപായ സൂചനകള്‍ മുഴങ്ങി. ആളുകള്‍ തിടുക്കത്തില്‍ കടല്‍ക്കരയില്‍ നിന്നു മറഞ്ഞു. കടലില്‍നിന്നു കയറിവന്ന വെള്ളം മിക്ക പാറക്കെട്ടുകളെയും മൂടിയിരിക്കുന്നു. സാഹസികര്‍ ഇതിനു മുകളിലൂടെ നടക്കുന്നു.
സ്‌പെയിനിലെ ഗെലിസിയെയിലെ കത്തീഡ്രല്‍ ബീച്ചിലാണ് നയനമനോഹരമായ ഈ ദൃശ്യങ്ങള്‍.

യൂറോപ്യന്‍ രാജ്യമായ സ്‌പെയിനിന്റെ വടക്കു പടിഞ്ഞാറന്‍ ഭാഗത്തുള്ള ഒരു സ്വയംഭരണ പ്രദേശമാണ് ഗെലിസിയെ.  പ്രകൃതിരമണീയമായ ഈ പ്രദേശത്തിന്റെ ചരിത്രവും സംസ്കാരവുമെല്ലാം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. വര്‍ഷംതോറും ആയിരക്കണക്കിനു വിനോദസഞ്ചാരികളെത്തുന്ന ഗെലിസിയെയിലെ പ്രധാന ആകര്‍ഷണമാണ് കാന്റാബ്രിയെ കടലും കത്തീഡ്രല്‍ ബീച്ചും. തിരമാലകള്‍ ചിത്രപ്പണികള്‍ നടത്തിയ ഇവിടത്തെ പാറക്കെട്ടുകള്‍ ഈ പ്രദേശത്തിന്റെ ചരിത്രത്തിനു സാക്ഷിയായി നിലകൊള്ളുന്നു. ഗോഥിക് കാലത്തെ കത്തീഡ്രലുകളുടെ രൂപത്തിലുള്ള  പാറക്കെട്ടുകളില്‍ നിന്നാണ് ബീച്ചിന് ഈ പേരു ലഭിച്ചത്.

ഏകദേശം 350 ബില്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് പുരാതന വന്‍കരകളായ ലൈറൂസിയായും ഗൊണ്ടാവാനും കൂട്ടിയിടിച്ച് ചിതറിയപ്പോള്‍ ഉണ്ടായ പാറക്കൂട്ടങ്ങളാണ് പിന്നീട് കത്തീഡ്രല്‍ ബീച്ചിലെ സ്മാരകങ്ങളായി മാറിയതെന്ന് ചരിത്രകാരന്‍മാര്‍ വിശ്വസിക്കുന്നു. റോമന്‍ സാമ്രാജ്യം വികസിപ്പി ക്കുന്നതിന്റെ ഭാഗമായി 2000വര്‍ഷങ്ങള്‍ക്കു മുമ്പാണ് റോമാക്കാര്‍ ഗെലിസിയെ കീഴടക്കിയത്. കത്തീഡ്രല്‍ ബീച്ചിലെ പാറക്കെട്ടുകള്‍ ക്കിടയില്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തിയ അവര്‍ ഇവിടെ സ്വര്‍ണ നാണയ നിര്‍മാണം തുടങ്ങി. എന്നാല്‍ റോമാക്കാര്‍ ഇവിടം വിട്ടു പോയതോടെ ഈ സ്വര്‍ണഖനികള്‍ ഉപേക്ഷിക്കപ്പെട്ടു. കാലാന്തരത്തില്‍ തിരമാലകള്‍ ഈ പാറക്കെട്ടുകളെ രൂപമാറ്റത്തിന് വിധേയമാക്കിയതോടെ ഇവിടത്തെ ഗുഹകള്‍  കാഴ്ചവസ്തുക്കളായി മാറി.
beatch2
കത്തീഡ്രല്‍ ബീച്ചിലെ റോമന്‍ സ്വര്‍ണ ഖനികളെക്കുറിച്ചു പഠിക്കാന്‍ ഗെലീസിയെ ഗവണ്‍മെന്റിനോട് ശിപാര്‍ശ ചെയ്ത സാംസ്കാരിക സംരക്ഷണ സമിതിയുടെ പ്രസിഡന്റായ  മാനുവേല്‍ മിറാണ്ട പറയുന്നത്   ബീച്ചിലും പരിസര പ്രദേശങ്ങളിലും നിരവധി സ്വര്‍ണഖനികളുണ്ടെന്നാണ്. ബീച്ചിന്റെ പരിസര പ്രദേശങ്ങളില്‍ പൂരാവസ്തു ഗവേഷകര്‍ നടത്തിയ ഖനനങ്ങളില്‍ ഇവിടെ സ്വര്‍ണ ഖനികളുണ്ടായിരുന്നുവെന്നതിന് നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കടലിലേക്ക് തല ഉയര്‍ത്തി നില്‍ക്കുന്ന ഒരു പാറക്കെട്ടിനിടയില്‍ മനുഷ്യനിര്‍മിതമായ കനാലും ഭൂഗര്‍ഭ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. ഈ പ്രദേശത്തുനിന്നും സ്വര്‍ണം ഖനനം ചെയ്‌തെടുക്കാന്‍ റോമാക്കാര്‍ നിര്‍മിച്ച കനാലുമായി ഇതിന് സാമ്യമുണ്ട്. അക്കാലത്ത് സമുദ്രനിരപ്പ് ഇതിലും താഴെയായിരുന്നു. എന്നാല്‍ ആഗോള താപനം നിമിത്തം സമുദ്രനിരപ്പ് ഉയര്‍ന്നതോടെ സ്വര്‍ണ ഖനികള്‍ വെള്ളത്തിനടിയിലായെന്ന് മിറാണ്ട പറയുന്നു.

കത്തീഡ്രല്‍ ബീച്ചിലെ റോമന്‍ അടയാളങ്ങള്‍ തേടി നിരവധിയാളുകള്‍ വരുന്നുണ്ടെങ്കിലും ഇവിടത്തെ സര്‍ക്കാരിന് ഗവേഷണത്തേക്കാള്‍ താത്പര്യം സംരക്ഷണത്തിലാണ്. ഈ പ്രദേശത്തെ പ്രകൃതിദത്ത സ്മാരകമായി പ്രഖ്യാപിച്ചിരി ക്കുകയാണ് സര്‍ക്കാര്‍. വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തുന്ന സമയങ്ങളില്‍ സന്ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിംഗ് നിര്‍ബന്ധമാണ്.

തിരക്കു കൂടുതലുള്ള ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ആദ്യം ബുക്കുചെയ്യുന്ന 4812പേര്‍ക്കു മാത്രമേ ഒരു ദിവസം ഇവിടം സന്ദര്‍ശിക്കാന്‍ സാധിക്കൂ. കഴിഞ്ഞ വര്‍ഷത്തെ വിശുദ്ധ ആഴ്ചയില്‍ 2,50,000 പേരാണ് ഇവിടം മുന്‍കൂട്ടി ബുക്കുചെയ്ത് സന്ദര്‍ശിച്ചത്.
beatch3
ലോകത്ത് മറ്റൊരിടത്തുമില്ലാത്ത കാഴ്ചയാണ് പ്രകൃതി കത്തീഡ്രല്‍ ബീച്ചില്‍ ഒരുക്കിയിരിക്കുന്നത്. വേലിയിറക്ക സമയങ്ങളില്‍ പാറക്കെട്ടിനിടയിലെ വിടവുകളിലൂടെയും ഗുഹകളിലൂടെയും ഓടി നടക്കാം. എന്നാല്‍ വേലിയേറ്റ സമയത്ത് ഇവയുടെ മുകള്‍ഭാഗം മാത്രമേ ദ്യശ്യമാകൂ. ഗലീസിയെയിലെ ലുഗോ പ്രവിശ്യയുടെ തീരപ്രദേശങ്ങളിലൂടെ പത്തുകിലോമീറ്റര്‍ നീളത്തിലാണ് ഈ പാറക്കെട്ടുകള്‍ കാണപ്പെടുന്നത്.

വിശുദ്ധ ജെയിംസിന്റെ പേരിലുള്ള ഒരു കത്തീഡ്രലും അദ്ദേഹത്തിന്റെ ശവകുടീരവും സ്ഥിതി ചെയ്യുന്ന ഈ സ്ഥലം കത്തോലിക്കാ തീര്‍ഥാടകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഇവിടെയെത്തുന്ന തീര്‍ത്ഥാടകര്‍ ഗലീസിയായുടെ പടിഞ്ഞാറു ഭാഗത്തുള്ള കെയ്പ് ഫിനിസ്റ്ററേയില്‍ എത്തിയതിനുശേഷമേ മടങ്ങാറുള്ളു. റോമന്‍ സാമ്രാജ്യ കാലഘട്ടത്തില്‍ ഈ സ്ഥലം  ലോകത്തിന്റെ അവസാനമാണെന്നാണ് വിശ്വസിച്ചിരുന്നത്. കത്തീഡ്രല്‍ ബീച്ചില്‍ നിന്നും ഒരു മൈല്‍ അകലെ ചരിത്രാതീതകാലത്തു നിര്‍മിക്കപ്പെട്ട കല്ലുകള്‍ കൊണ്ടുള്ള ഒരു വൃത്തം കാണാം. ഇതിന്റെ നിര്‍മാണ ഉദ്ദേശ്യം അറിയില്ലെങ്കിലും ഈ വൃത്തം ഇംഗ്ലണ്ടിലെ സ്റ്റോണ്‍ ഹെന്‍ജിനെ അനുസ്മരിപ്പിക്കുന്നു.

പ്രകൃതിദത്ത സൗന്ദര്യവും നൂറ്റാണ്ടുകളുടെ ചരിത്രവും സംഗമിക്കുന്ന ഈ ഭൂമി സൗന്ദര്യ ആരാധകര്‍ക്കും ചരിത്ര ഗവേഷകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. അകത്തും പുറത്തും ഒരുപോലെ സുന്ദരിയായ ബീച്ച് അതിന്റെ ഉള്ളിലൊളിപ്പിച്ച കനക സൗന്ദര്യം കാണാന്‍ കാത്തിരിക്കുകയാണ് ലോകം.

Related posts