നല്ല ഫിഗറാകണമെങ്കില്‍ സൈസ് 36-24-36 ആകണം; വിവാദത്തിനു തിരികൊളുത്തിയ സിബിഎസ്ഇയുടെ 12-ാം ക്ലാസ് പാഠപുസ്തകത്തില്‍ പറയുന്നതിങ്ങനെ…

size600ന്യൂഡല്‍ഹി: വിവാദത്തിനു തിരികൊളുത്തി സിബിഎസ്ഇയുടെ 12-ാം ക്ലാസ് പാഠപുസ്തകം. സ്ത്രീയുടെ അഴകളവുകള്‍ 36-24-36 ആണെങ്കില്‍ മികച്ചതെന്ന് കണക്കാക്കാമെന്ന് പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതാണ് വിവാദമുയര്‍ത്തുന്നത്. ഈ അളവുകളാണ് വിശ്വസുന്ദരിയെയും ലോകസുന്ദരിയെയും തിരഞ്ഞെടുക്കുന്നതിനു മാനദണ്ഡം എന്നും പുസ്തകത്തില്‍ വിശദീകരിച്ചിരിക്കുന്നു.

ഫിസിക്കല്‍ എജ്യുക്കേഷന് ഉപയോഗിക്കുന്ന ന്യൂ സരസ്വതി പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ പുസ്തകത്തിലാണ് വിവാദ പരാമര്‍ശമുളളത്. ഡോക്ടര്‍ വികെ ശര്‍മ്മയാണ് എഴുത്തുകാരന്‍. ദിവസവും കൃത്യമായി വ്യായാമം ചെയ്യുന്നതിലൂടെ മാത്രമേ ‘ബെസ്റ്റ് ഫിഗറി’ലെത്താന്‍ സാധിക്കുവെന്നും പാഠപുസ്തകത്തില്‍ കുട്ടികളെ പഠിപ്പിക്കുന്നു.സ്ത്രീകളുടെ മാത്രമല്ല പുരുഷന്‍മാരുടെ ശരീര ആകൃതിയെ കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. പുരുഷന്‍മാര്‍ക്ക് മികച്ചത് ‘v’ ഷെയ്പ്പ് ആണെന്നാണ് പരാമര്‍ശം.

പാഠഭാഗത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പടെയുള്ളവ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് സിബിഎസ്ഇയ്‌ക്കെതിരേ പ്രതിഷേധം വ്യാപിക്കുകയാണ്.  ഈ അഴകളവുകള്‍ ജന്മസിദ്ധമായിക്കിട്ടുന്നതല്ലെന്നും നിരന്തരമായ വ്യായാമത്തിലൂടെ മാത്രമേ ഈ ബെസ്റ്റ് ഫിഗര്‍ സ്വന്തമാക്കാന്‍ കഴിയുകയുള്ളൂവെന്നും പാഠഭാഗത്തുണ്ട്. യഥാര്‍ഥത്തില്‍ പ്രതിഷേധത്തിനു കാരണം സ്ത്രീകളുടെ അഴകളവുകളെപ്പറ്റി പരാമര്‍ശിച്ചതിനല്ല. മറിച്ച് സൗന്ദര്യമത്സരങ്ങളുള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ കുട്ടികള്‍ക്കു പഠിക്കാന്‍ നല്‍കിയതിനെയാണ്. സൗന്ദര്യമത്സരം എന്നുവച്ചാല്‍ കേവലം ശരീരത്തിന്റെ അഴകളവുകളുടെ പ്രദര്‍ശനമാണെന്ന തെറ്റായ സന്ദേശം കുട്ടികള്‍ ഉള്‍ക്കൊള്ളാന്‍ ഇതു കാരണമാകുമെന്നും വിമര്‍ശകര്‍ പറയുന്നു.

ശരീര സൗന്ദര്യം മാത്രമല്ല മാനസീക പക്വതയും ബുദ്ധിയും എല്ലാം സൗന്ദര്യമത്സരത്തിനു മാനദണ്ഡമാണെന്നു കുട്ടികള്‍ മനസ്സിലാക്കണം. ശരീര സൗന്ദര്യം മാത്രമല്ല മാനസിക പക്വതയും ബുദ്ധിയും സൗന്ദര്യമത്സരങ്ങള്‍ക്ക് ആവശ്യമാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. പുസ്തകം പിന്‍വലിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. നേരത്തെയും കുട്ടികളെ വഴിതെറ്റിക്കുന്ന പരാമര്‍ശങ്ങള്‍ സിബിഎസ്ഇ പാഠപുസ്തകങ്ങളില്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ജീവനുളള വസ്തുക്കളും ഇല്ലാത്തവയും തമ്മിലുളള വ്യത്യാസം മനസിലാക്കാന്‍ പൂച്ചക്കുട്ടിയെ ബോക്‌സിലടക്കാന്‍ നിര്‍ദേശിച്ച പുസ്തകത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്തായാലും സിബിഎസ്ഇ പുലിവാലു പിടിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ.

Related posts