നിപ്പ വൈറസ് ഭീതിയില്‍ പഴം, ചിക്കന്‍ വില്പന കുത്തനെ ഇടിഞ്ഞു, വിലയും കുറഞ്ഞു, ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ക്ക് ഡിമാന്‍ഡ് കുറഞ്ഞു, മത്സ്യ വില്പനയില്‍ റിക്കാര്‍ഡ്

നിപ്പാ വൈറസ് ബാധയെക്കുറിച്ചു ഭീതി പരന്നതോടെ പഴവിപണിയില്‍ മാന്ദ്യം. പക്ഷികളില്‍നിന്നു പഴങ്ങളിലൂടെയാണ് വൈറസ് പരക്കുന്നതെന്ന വിദഗ്ധരുടെ കണ്ടെത്തലാണ് ആശങ്ക പരത്തുന്നത്. റംസാന്‍ കാലമായതിനാല്‍ പഴ വിപണി സജീവമായിരിക്കെയാണ് പുതിയ വെല്ലുവിളി.

വവ്വാലുകള്‍ കടിച്ചിടുന്ന പഴങ്ങള്‍ മനുഷ്യര്‍ ഭക്ഷിക്കുന്നത് രോഗബാധയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായാണു ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടുള്ളത്. നാടന്‍ മാങ്ങ ഉള്‍പ്പെടെയുള്ള പഴങ്ങളില്‍ ഇതിനുള്ള സാധ്യത ഏറെയാണ്.

അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പഴങ്ങളാണ് വിപണിയില്‍ ഏറെയെങ്കിലും വൈറസ് ബാധയെ ക്കുറിച്ചുള്ള അഭ്യൂഹം ജനങ്ങളില്‍ എല്ലാ വിധ പഴവര്‍ഗങ്ങളെക്കുറിച്ചും സംശയം ജനിപ്പിച്ചിരിക്കുകയാണ്.

നാട്ടില്‍ മാങ്ങാക്കാലം അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ മാങ്ങ ധാരാളമായി ലഭ്യമാണ്. മൂവാണ്ടന്‍ ഉള്‍പ്പെടെയുള്ള നാടന്‍ മാങ്ങകള്‍ക്കു വിപണിയില്‍ വിലകുറവായതിനാല്‍ മാങ്ങ പറിച്ചെടുക്കാന്‍ കച്ചവടക്കാരും തയാറാകുന്നില്ല.

പഴുത്തു വീഴുന്ന മാങ്ങകള്‍ ഭക്ഷിക്കുന്നതു നാട്ടിന്‍പുറങ്ങളില്‍ സ്ഥിരം കാഴ്ചയാണ്. പക്ഷികള്‍ പാതി കൊത്തിയിട്ട മാങ്ങകള്‍ പോലും ഭാഗികമായി ഉപയോഗിക്കുന്നവരുണ്ട്. ഇതില്‍ ജാഗ്രത പാലിക്കണം. വളരെ സജീവമായി നില്‍ക്കുന്ന ചക്ക വിപണിയെയും പുതിയ ആശങ്ക തളര്‍ത്തിയേക്കും.

കേരളത്തില്‍നിന്നു ചക്ക തമിഴ്‌നാട്ടിലേക്ക് വന്‍തോതില്‍ കയറ്റി അയയ്ക്കുന്ന സമയമാണിത്. മഴയെത്തുന്നതിന് മുന്പ് പരമാവധി ചക്ക ശേഖരിച്ച് കയറ്റി അയയ്ക്കുന്ന തിരക്കിലാണ് കച്ചവടക്കാര്‍. എന്നാല്‍, നിപ്പാ വൈറസ് ബാധയെക്കുറിച്ചുള്ള വാര്‍ത്തകള്‍ അയല്‍സംസ്ഥാനങ്ങളില്‍ കേരളത്തില്‍നിന്നുള്ള ചക്ക വിപണിയെയും തളര്‍ത്തിയേക്കുമെന്ന് ആശങ്കയുണ്ട്.

അതേസമയം ചിക്കന്‍ വിപണിയിലും നിപ്പ ബാധിച്ചിട്ടുണ്ട്. കിലോയ്ക്ക് 145 വരെയെത്തിയ ഇറച്ചിക്കോഴിയുടെ വില കാര്യമായി കുറഞ്ഞിട്ടില്ലെങ്കിലും വില്പന നന്നായി ഇടിഞ്ഞു. 100-200 കിലോ കോഴിയിറച്ചി വരെ വിറ്റിരുന്ന മധ്യ കേരളത്തിലെ കടകളില്‍ ഇപ്പോള്‍ 60-80 കിലോ മാത്രമാണ് വിറ്റുപോകുന്നത്.

അതും ഹോട്ടലുകാര്‍ മാത്രമാണ് വാങ്ങിക്കുന്നത്. ചില്ലറ വില്പന പലയിടത്തും നിലച്ചിട്ടുണ്ട്. ഹോട്ടലുകളെയും നിപ്പ ഭീതി ബാധിച്ചുതുടങ്ങി. ചിക്കന്‍ വിഭവങ്ങള്‍ വാങ്ങുവാന്‍ പലരും മടിക്കുകയാണ്. അതേസമയം മത്സ്യ വില്പനയില്‍ വന്‍ വര്‍ധനവുണ്ടായി.

Related posts