ചിക്കന്‍ വിലയില്‍ വന്‍ ഇടിവ്, നിപ്പ വൈറസ് തിരിച്ചടിയായത് കേരളത്തില്‍ നിന്ന് കോടികള്‍ കൊയ്യാമെന്ന തമിഴ്‌നാട്ടിലെ വന്‍കിട ഫാമുകള്‍ക്ക്, വില്പന തീരെ കുറഞ്ഞതോടെ വില 100 രൂപയില്‍ താഴെയാകും

കേരളത്തിലെ സാമ്പത്തിക രംഗത്തിന് നിപ്പ വൈറസ് സമ്മാനിക്കുന്നത് തിരിച്ചടികളുടെ ദിനങ്ങള്‍. നിപ്പ വൈറസ് ഭീതിയില്‍ വിനോദസഞ്ചാരികള്‍ കൂട്ടത്തോടെ കേരളത്തിലേക്കുള്ള യാത്ര റദ്ദാക്കുകയാണ്. വിദേശ മാധ്യമങ്ങളില്‍ നിപ്പ വൈറസിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതോടെ കേരളത്തിന്റെ മണ്‍സൂണ്‍ ടൂറിസം സീസണിനെ കാര്യമായി ബാധിക്കുമെന്ന് ഉറപ്പായി. ടൂറിസത്തിന് മാത്രമല്ല ചിക്കന്‍, പഴം വിപണിക്കും വലിയ തിരിച്ചടിയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഈ മാസം പകുതിയോടെ 135-150 രൂപ വരെയെത്തിയ ചിക്കന്‍ വില രണ്ടു ദിവസം കൊണ്ട് 25-30 രൂപയോളം കുറഞ്ഞു. പലയിടത്തും വില കുറച്ചിട്ടും വില്പന തീരെ ഇടിഞ്ഞിരിക്കുകയാണ്. നിപ്പ വൈറസ് വളര്‍ത്തു മൃഗങ്ങളിലേക്കും പകര്‍ന്നേക്കാമെന്ന പ്രചരണമാണ് ഇതിനു കാരണം.

അതേസമയം കോഴിയിറച്ചി കഴിക്കുന്നത് അപകടകരമാണോ എന്ന കാര്യത്തില്‍ ആരോഗ്യവകുപ്പും യാതൊരുവിധ ഉറപ്പു നല്കുന്നില്ല. കേരളത്തിലെ ഇറച്ചിക്കോഴി വില്പന നിയന്ത്രിക്കുന്നത് തമിഴ്‌നാട് ലോബിയാണ്.

കേരളത്തില്‍ വിറ്റഴിയുന്നതില്‍ 80 ശതമാനവും അതിര്‍ത്തി കടന്നു വരുന്നതാണ്. ഈസ്റ്ററിനുശേഷം കൊയ്ത്തിനിറങ്ങിയ തമിഴ്‌നാട് ലോബിക്ക് കനത്ത തിരിച്ചടിയാണ് നിപ്പ വൈറസ് നല്കിയത്. വില്പനയില്‍ 70 ശതമാനത്തോളം ഇടിവു വന്നതോടെ തമിഴ്‌നാട്ടില്‍ നിന്നു വരുന്ന ലോഡുകള്‍ കുറഞ്ഞിട്ടുണ്ട്. തല്ക്കാലം തമിഴ്‌നാട്ടിലെ വിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അവിടുത്തെ വ്യാപാരികളുടെ നീക്കം.

നിപ്പ വൈറസ് ഭീതിയില്‍ നിന്ന് കേരളം മുക്തമാകാന്‍ ദിവസങ്ങള്‍ വേണ്ടി വരുമെന്നതിനാല്‍ ചിക്കന്‍ വില 100 രൂപയില്‍ താഴെയാകാനുമെന്നാണ് വിപണി നല്കുന്ന സൂചന. ഇറച്ചിക്കോഴികളെ നിശ്ചിത കാലയളവിനുശേഷം സൂക്ഷിക്കാനാകില്ല. അതുകൊണ്ട് തന്നെ കിട്ടുന്ന കാശിനു വിറ്റു തീര്‍ക്കുകയാണ് കച്ചവടക്കാര്‍ക്ക് മുന്നിലുള്ള അവസാന മാര്‍ഗം.

ഈസ്റ്ററിനുശേഷം ചിക്കന്‍വില കൂടിയപ്പോള്‍ ഹോട്ടലുകളിലും ബേക്കറികളിലും മറ്റും ചിക്കന്‍വിഭവങ്ങളുടെ വിലയും വര്‍ധിപ്പിച്ചിരുന്നു. ചിക്കന്‍വില ഇടിഞ്ഞപ്പോഴും വിലയില്‍ മാറ്റമൊന്നുമുണ്ടായില്ല.

അടുത്തിടെ വില കൂടിയതിന് കാരണം തമിഴ്‌നാട്ടില്‍ നിന്നുമുള്ള ചിക്കന്റെ വരവ് കുറഞ്ഞതാണ്. അതേസമയം ആഘോഷവേളകളില്‍ കൃത്രിമവിലക്കയറ്റം സൃഷ്ടിക്കുന്നതായി പരാതിയുണ്ട്. ചിക്കന്റെ ഉപയോഗം ഗണ്യമായി വര്‍ധിച്ചതോടെ ഗ്രാമീണമേഖലകളില്‍ ചിക്കന്‍ സ്റ്റാളുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. ഇപ്പോഴത്തെ വില്പന ഇടിവ് ഇത്തരം ചെറുകിട കച്ചവടക്കാര്‍ക്കും തിരിച്ചടിയായി.

കോഴി ഇറച്ചി വില്‍പ്പന തകൃതിയായതോടെ ഗ്രാമീണമേഖലയില്‍ കോഴി വളര്‍ത്തലും വ്യാപകമായിരുന്നു. മികച്ച വരുമാനം ലഭിക്കുന്നതിനാല്‍ അനവധി കുടുംബശ്രീ യൂണിറ്റുകളും, പുരുഷസ്വാശ്രയസംഘങ്ങളും കോഴി വളര്‍ത്തലിലേക്ക് തിരിഞ്ഞിട്ടുണ്ട്. വരവ് കോഴികളേക്കാള്‍ നാടന്‍കോഴികള്‍ക്കാണ് ഇപ്പോഴും ഡിമാന്റ്.

നാടന്‍മുട്ട വിപണികളും ഉഷാറായിട്ടുണ്ട്.ധനകാര്യ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായത്തോടെ കുടുംബശ്രീ യൂണിറ്റുകള്‍ മുട്ടക്കോഴി വളര്‍ത്തലും ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴത്തെ വില്പന സ്തംഭനം ഏറെ നാള്‍ നീണ്ടുനിന്നാല്‍ നാടന്‍ കര്‍ഷകര്‍ക്കും പ്രതിസന്ധി സൃഷ്ടിക്കും.

അതേസമയം പഴവിപണിയെയും നിപ്പ പ്രതികൂലമായി ബാധിച്ചു. ആവശ്യക്കാരേറെയുണ്ടായിരുന്ന മാമ്പഴത്തിനു വൈറസ് ഭീതി പടര്‍ന്നതു തിരിച്ചടിയായി. കിലോയ്ക്ക് എണ്‍പതും തൊണ്ണൂറുമായിരുന്ന മാമ്പഴത്തിന് സീസണായതോടെ അറുപതും നാല്പതുമൊക്കെയായി കുറഞ്ഞിരുന്നു.

എന്നാല്‍, നിപ്പാ വൈറസ് വന്നതോടെ മാമ്പഴം ആളുകള്‍ വാങ്ങാതെയായി. നോമ്പുകാലത്ത് ഏറ്റവും കൂടുതല്‍ കച്ചവടം ലഭിക്കുന്നതു പഴക്കച്ചവടക്കാര്‍ക്കായിരുന്നു.

എന്നാല്‍, ഇത്തവണ വലിയ പ്രതിസന്ധിയാണു പഴവിപണി നേരിട്ടുകൊണ്ടിരിക്കുന്നത്. മാമ്പഴവിപണിയെയും ഞാവല്‍പഴ വിപണിയെയുമാണ് വൈറസ് ഭീതി കൂടുതലും ബാധിച്ചിരിക്കുന്നത്. കിലോയ്ക്ക് ഇരുന്നൂറും മുന്നൂറും വരെ വിലവന്നിരുന്ന ഞാവല്‍പഴത്തിന്റെ വിപണിയും തകര്‍ന്നു. നോന്പ് കാലത്തു കൂടുതല്‍ ആളുകള്‍ വാങ്ങിയിരുന്ന പഴമായിരുന്നു ഞാവല്‍.

Related posts