ഊരിൽ ഒരുദിവസം വേറിട്ട അനുഭവം..! മലവേടരുടെ പരാതിയും കേട്ടു, മരുന്നും നൽകി കളക്ടർ

KTM-ADIVASI-Lകണമല: കാട്ടിലെ ഭാഷയും പ്രത്യേക സംസ്കാരവുമായി ഒരുമിച്ച് കഴിയുന്ന ആദിവാസി മലവേടരുടെ ഊരിൽ ജില്ലാ കളക്ടർ സി.എ. ലത ഇന്നലെ ചെലവഴിച്ചത് മണിക്കൂറുകളോളം. ആദിവാസി ജനതയുടെ പരാതികൾ സശ്രദ്ധം കേട്ട കളക്ടർ ഉടനടി പരിഹരിക്കണമെന്ന് വിവിധ വകുപ്പ് ഉദ്യോഗസ്‌ഥർക്ക് നിർദേശം നൽകി. ഒപ്പം കോളനിയിൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത് മരുന്ന് വിതരണവും നിർവഹിച്ചിട്ടാണ് കളക്ടർ മടങ്ങിയത്.

അപ്രതീക്ഷിതമായി ഊരിലെത്തിയ ജില്ലാ കളക്ടറെ മാലയും പുഷ്പങ്ങളും നൽകിയാണ് കാടിന്റെ മക്കൾ വരവേറ്റത്. സ്വീകരണം ജീവിതത്തിലെ ഏറ്റവും വേറിട്ട അനുഭവമായിരുന്നുവെന്നും വികസന കാര്യങ്ങളിൽ കോളനിക്ക് പ്രത്യേക പരിഗണന നൽകുമെന്നും കളക്ടർ പറഞ്ഞു.

ഇന്നലെ എരുമേലിക്കടുത്ത് എരുത്വാപ്പുഴ മലവേടർ കോളനിയിലാണ് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഊരിൽ ഒരുദിനം എന്ന പരിപാടിയുടെ ഭാഗമായി കളക്ടർ പങ്കെടുത്തത്. അക്ഷരാഭ്യാസം കുറഞ്ഞ കോളനിവാസികൾ ഏതാനും വർഷം മുമ്പുമുതലാണ് നാട്ടിലെ ജീവിത രീതികളുമായി പൊരുത്തപ്പെട്ട് തുടങ്ങിയത്.

പരമ്പരാഗത വേഷവും ഭാഷയും ആചാരവും വിവാഹ–മരണാനന്തര ചടങ്ങുകളുമുള്ള ആദിവാസി മലവേടർ വിഭാഗത്തിൽ അഞ്ച് വർഷം മുമ്പാണ് ജനാധിപത്യ രീതിയിലൂടെ തെരഞ്ഞെടുപ്പ് നടത്തി ഊരു മൂപ്പനെ നിശ്ചയിച്ചത്. ബാലറ്റ് പേപ്പറിൽ വോട്ട് ചെയ്ത് മൂപ്പനെ തെരഞ്ഞെടുത്തത് മുതൽ ആധുനിക ജീവിതസമ്പ്രദായത്തിലേയ്ക്ക് കോളനിയിൽ വികസനം എത്തുകയായിരുന്നു. തുടർന്ന് നിർമിച്ച കമ്മ്യൂണിറ്റിഹാളിലാണ് ഇന്നലെ ജില്ലാ കളക്ടർ ഉൾപ്പെടെ കോളനിവാസികളായ നുറുകണക്കിനാളുകൾ ഒത്തുചേർന്നത്.

തുല്യതാ പരീക്ഷയിലൂടെ സാക്ഷരത നേടി ചരിത്രം സൃഷ്ടിച്ച കോളനിക്ക് ഇനിയും ഏറെ ഉയരാനുണ്ടെന്ന് കളക്ടർ പറഞ്ഞു. തലയിൽ പാളതൊപ്പിയുമണിഞ്ഞ് ഊരുമൂപ്പൻ ഇ.കെ. ഗോപി കളക്ടർക്കും, വിശിഷ്ടാഥിതികൾക്കും സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാർ അധ്യക്ഷനായിരുന്നു. ഡോക്ടർമാരായ ഷംല, നീരജ സുരേഷ്, ജയശ്രീ, വിനോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മെഡിക്കൽ ക്യാമ്പ്. താലൂക്ക് ലീഗൽ സർവീസ് അദാലത്തിന്റെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്ത് നടന്നു. ലഭിച്ച 30 പരാതികൾ പരിഹരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

ഡപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വിദ്യാധരൻ, പഞ്ചായത്തംഗങ്ങളായ അനീഷ് കണമല, രജനി ചന്ദ്രശേഖരൻ, ഇ.കെ. സുബ്രമണ്യൻ, റെജിമോൾ ശശി, ബാർ അസോസിയേഷൻ ഭാരവാഹി എം.കെ. അനന്തൻ, ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ എം.വി. ജോയി, ഹെൽത്ത് ഇൻസ്പെക്ടർ പി.എം. ജോസഫ്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രകാശ്, പ്രമോദ്, നെസി സലാം, ലീഗൽ സർവീസ് കമ്മിറ്റി അഭിഭാഷകരായ പി.എസ് ജോസഫ്, ആര്യ സുരേന്ദ്രൻ, ദീപാ സോമൻ, പാരാ ലീഗൽ വോളണ്ടിയർമാരായ സോജാ ബേബി, ജസി കാവാലം, എം.എൻ. റസാക്ക് എന്നിവർ പങ്കെടുത്തു.

Related posts