എസ്ടി നല്‍കേണ്ടിയും വന്നു, പിഴയും ഒടുക്കേണ്ടി വന്നു! എസ്ടി നല്‍കാതെ പത്തുരൂപയുടെ ടിക്കറ്റ് എഴുതി നല്‍കി; വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കണ്ടക്ടര്‍ക്ക് പിഴയും മാനഹാനിയും; സംഭവമിങ്ങനെ

പരീക്ഷാ ദിവസം എസ്ടിയ്ക്ക് പകരം ഫുള്‍ ടിക്കറ്റ് വാങ്ങിയ കണ്ടക്ടര്‍ക്കെതിരെ പരാതി കൊടുത്ത് പണവും പിഴയും വാങ്ങി വിദ്യാര്‍ത്ഥിനി താരമായി. പരീക്ഷയ്ക്കു പോയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയില്‍ നിന്നു എസ്ടിക്കു പകരം ഫുള്‍ ടിക്കറ്റ് ഈടാക്കിയ സ്വകാര്യ ബസ് കണ്ടക്ടര്‍ക്കാണ് 500 രൂപ പിഴയും മാനഹാനിയും നേരിടേണ്ടി വന്നത്. ആര്‍ടി ഓഫിസില്‍ വിളിച്ചുവരുത്തിയ കണ്ടക്ടറെകൊണ്ട് കുട്ടിയില്‍ നിന്ന് അധികമായി വാങ്ങിയ പണം തിരികെ നല്‍കിപ്പിക്കുകയും ചെയ്തു.

പൂക്കാട്ടുപടി-ഐലന്‍ഡ് റൂട്ടിലെ റാഹത്ത് ബസാണു വിദ്യാര്‍ത്ഥിനിക്കു എസ്ടി നലകാതെ കുരുക്കില്‍പ്പെട്ടത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങവേയാണ് വിദ്യാര്‍ത്ഥിനി എസ്ടി കൊടുത്തപ്പോള്‍ അത് സമ്മതിക്കാതെ പത്തുരൂപയുടെ ടിക്കറ്റ് കണ്ടക്ടര്‍ കൊടുത്തത്. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടും കണ്ടക്ടര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് വീട്ടിലെത്തിയ വിദ്യാര്‍ത്ഥിനി പിതാവിനൊപ്പം ആര്‍ടിഒ ഓഫീസിലെത്തി പരാതി നല്‍കുകയായിരുന്നു.

ആര്‍ടിഒയുടെ നിര്‍ദേശ പ്രകാരം അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥിനിയുടെ പരാതി സത്യമാണെന്നു ബോധ്യപ്പെട്ടതോടെ ബസ് ഉടമയേയും കണ്ടക്ടറേയും വിളിച്ചുവരുത്തി. പിന്നീട് വിദ്യാര്‍ത്ഥിനിയുടെ പിതാവിനേയും ആര്‍ടി ഓഫിസിലേക്കു വിളിച്ചു വരുത്തി. തെറ്റു സമ്മതിച്ച കണ്ടക്ടര്‍ 10 രൂപയില്‍ നിന്നു എസ്ടി നിരക്ക് കുറച്ചുള്ള തുകയും തിരികെ നല്‍കി. 500 രൂപ പിഴ അടയ്ക്കാനും ആര്‍ടിഒ നിര്‍ദേശിച്ചു.

Related posts