വിമാനം റദ്ദാക്കിയ നടപടി ; ജോലി നഷ്ടപ്പെട്ട യാത്രക്കാരന് 15.23 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി ഉത്തരവ്

PKD-COURTകാളികാവ്: വിമാനം സര്‍വീസ് റദ്ദാക്കിയതിനെ തുടര്‍ന്നു ജോലി നഷ്ടമായ യാത്രക്കാരനു 15.23 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ മലപ്പുറം ഉപഭോക്തൃ കോടതി ഉത്തരവായി. കാളികാവ് അരിമണലിലെ മണ്ണൂര്‍ക്കര മൊയ്തീനാണ് പരാതിക്കാരന്‍. ഒമാന്‍ എയര്‍ലൈന്‍സിനെതിരെയാണ് പരാതി. 2013 ഡിസംബര്‍ 24 നാണ് പരാതിക്കിടയായ സംഭവം.   സൗദിയില്‍ ജോലി ചെയ്തിരുന്ന മൊയ്തീന്‍ അവധി കഴിഞ്ഞു മടങ്ങുന്നതിനു വേണ്ടി ഒമാന്‍ എയറിന്റെ ടിക്കറ്റാണ് എടുത്തിരുന്നത്.

യാത്രക്കായി ഉച്ചക്ക് കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തി. ചെക്കിംഗ് കഴിഞ്ഞു ബോഡിംഗ് പാസും ലഭിച്ചു. യാത്രക്കായി കാത്തിരിക്കവേ വിമാനം രണ്ടു മണിക്കൂര്‍ വൈകുമെന്ന അറിയിപ്പുണ്ടായി. തുടര്‍ന്നു നാലു മണിക്കൂറിനു ശേഷം വിമാനം യാത്ര റദ്ദാക്കിയ വിവരമാണ് ലഭിച്ചത്. ഇതിനിടെ തന്റെ വിസയുടെ കാലാവധി നാളെ തീരുമെന്നും യാത്രക്ക് മറ്റു മാര്‍ഗങ്ങള്‍ ഒരുക്കിത്തരണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ 20000 രൂപയാണ് അധികമായി അധികൃതര്‍ ആവശ്യപ്പെട്ടത്. ഇതു നല്‍കാന്‍ മൊയ്തീനായില്ല. അതേ വിമാനത്തില്‍ യാത്രചെയ്യേണ്ടിയിരുന്ന യാത്രക്കാര്‍ക്ക് പലര്‍ക്കും മറ്റു വിമാനങ്ങളില്‍ യാത്ര തരപ്പെടുത്തിക്കൊടുക്കുകയും ചെയ്തിരുന്നു.

ഇരുപത് വര്‍ഷത്തെ തൊഴില്‍ ആനുകൂല്യങ്ങളും തൊഴിലുമാണ് മൊയ്തീനു ഇതുമൂലം നഷ്ടമായത്. തുടര്‍ന്നാണ് അഡ്വ. എം.എം അഷ്‌റഫ് മുഖാന്തിരം ഉപഭോക്തൃ കോടതിയെ സമീപിച്ചത്. നഷ്ടപരിഹാരമായി 10 ലക്ഷവും മാനഹാനി നേരിട്ടതിനു അഞ്ചുലക്ഷവും. ടിക്കറ്റ് വിലയായി 13200 രൂപയും കോടതി ചെലവിലേക്കായി 10000 രൂപയും 12 ശതമാനം പലിശ സഹിതം മുപ്പതു ദിവസത്തിനുള്ളില്‍ നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.

അതേസമയം, യാത്രക്കാരന്റെ പ്രവേശനാനുമതി മണിക്കൂറുകള്‍ക്കുള്ളില്‍ തീരാനിരിക്കെയാണ് അനുമതി നിഷേധിച്ചതെന്ന എയര്‍ലൈന്‍ അധികൃതരുടെ വാദം കോടതി അംഗീകരിച്ചില്ല. അറബി കലണ്ടര്‍ പ്രകാരം വീസയ്ക്ക് രണ്ടു ദിവസത്തെ കാലാവധി ബാക്കിയുണ്ടെന്ന് കോടതി കണ്ടെത്തി യാത്രക്കാരനു അനുകൂലമായി വിധി പുറവെടുവിപ്പിക്കുകയായിരുന്നു. മൊയ്തീന്‍ മറ്റൊരു വീസയില്‍ ഇപ്പോള്‍ സൗദിയില്‍ ജോലി ചെയ്യുകയാണ്.

മൊയ്തീനു വേണ്ടി കാളികാവ് പഞ്ചായത്ത് മുന്‍പ്രസിഡന്റ് മമ്പാടന്‍ മജീദാണ് കേസ് നടത്തിയത്. ഫോറം പ്രസിഡന്റ് എ.എ. വിജയന്‍ അംഗങ്ങളായ മദനവല്ലി, മിനിമാത്യൂ എന്നിവരങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. എതിര്‍ കക്ഷികള്‍ക്ക് മേല്‍ കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സമയം അനുവദിച്ചിട്ടുണ്ട്.

Related posts