സിപിഎമ്മിന് തലവേദനയായി സെലിബ്രിറ്റി എംഎല്‍എമാര്‍, കൊല്ലത്ത് മുകേഷും ആറന്മുളയില്‍ വീണാ ജോര്‍ജും തികഞ്ഞ പരാജയമെന്ന് അണികളും ജനങ്ങളും, തലവേദന സിപിഎമ്മിനും

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎം അപ്രതീക്ഷിതമായി മത്സരിപ്പിച്ച രണ്ടു സ്ഥാനാര്‍ഥികളായിരുന്നു നടന്‍ മുകേഷും മാധ്യമപ്രവര്‍ത്തക വീണാ ജോര്‍ജും. സെലിബ്രിറ്റികളായ ഇരുവരും തങ്ങള്‍ക്ക് ലഭിച്ച മണ്ഡലത്തില്‍ നിന്ന് ജയിച്ചു കയറുകയും ചെയ്തു.

എന്നാല്‍ സിപിഎം പുലിവാലു പിടിച്ചത് ഇരുവരും ജയിച്ചശേഷമായിരുന്നു. എംഎല്‍എ സ്ഥാനത്തിന് രണ്ടാം സ്ഥാനം നല്കി മുകേഷ് അഭിനയവും റിയാലിറ്റി ഷോയുമായി പോയതോടെ മണ്ഡലത്തിലെ കാര്യങ്ങള്‍ താളംതെറ്റി.

കൊല്ലത്ത് നടന്‍ എംഎല്‍എയെ മഷിയിട്ടു നോക്കിയാല്‍ പോലും കാണാനില്ലെന്ന വിമര്‍ശനമാണ് പാര്‍ട്ടി അണികള്‍ തന്നെ പറയുന്നത്. ഈ വര്‍ഷം ആദ്യം പ്രകൃതിക്ഷോഭനം നടന്നപ്പോള്‍ സ്ഥലത്തെത്തിയ മുകേഷിനെ ജനങ്ങള്‍ തടയുകയും ചെയ്തിരുന്നു.

പിന്നീട് സിപിഎം ജില്ലാ നേതൃത്വം മുകേഷിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. ഇത്രയുമൊക്കെ സംഭവിച്ചെങ്കിലും ഇപ്പോഴും മുകേഷിന്റെ സാന്നിധ്യം മണ്ഡലത്തില്‍ നാമമാത്രമാണ്.

ആറന്മുളിലെ കാര്യവും വ്യത്യസ്തമല്ല. സെലിബ്രിറ്റി എംഎല്‍എയായ വീണാ ജോര്‍ജിന്റെ പ്രവര്‍ത്തനങ്ങളില്‍ എതിരാളികള്‍ മാത്രമല്ല സ്വന്തം പാര്‍ട്ടിക്കാരും അസംതൃപ്തരാണ്. ഒരു വിഭാഗത്തിന്റെ നോമിനിയാണെന്ന പരാതി പാര്‍ട്ടിക്കാര്‍ തന്നെ ഉന്നയിക്കുന്നു.

ആറന്മുളയില്‍ ബിജെപി കൂടുതല്‍ വളര്‍ച്ച നേടുന്നുവെന്ന വിലയിരുത്തല്‍ സിപിഎമ്മിനുള്ളില്‍ തന്നെയുണ്ട്. ഇതിനിടെയാണ് റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റിട്ടയാളെ എംഎല്‍എയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവം വലിയ വാര്‍ത്തയായതോടെ വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയിലാണ് എംഎല്‍എ. ചെറിയൊരു സംഭവം അനുചിതമായി കൈകാര്യം ചെയ്ത് പാര്‍ട്ടിക്കു നാണക്കേടുണ്ടാക്കിയതിന് എംഎല്‍എയോട് പാര്‍ട്ടി നേതൃത്വം വിശദീകരണം തേടിയതായി റിപ്പോര്‍ട്ടുണ്ട്. എന്തായാലും സിപിഎമ്മിന് സെലിബ്രിറ്റി എംഎല്‍എമാര്‍ നല്കിയ പണി ചില്ലറയല്ല.

Related posts