രാജസ്ഥാനില്‍ ഭൂമിയ്ക്കടിയില്‍ ഒളിച്ചിരിക്കുന്നത് വന്‍ സ്വര്‍ണ നിക്ഷേപം! സ്വര്‍ണത്തിന് പുറമേ ചെമ്പും ഈയവും സിങ്കും ഉള്‍പ്പെടെ അമൂല്യധാതുക്കളുടെ ശേഖരമുണ്ടെന്നും റിപ്പോര്‍ട്ട്

രാജസ്ഥാനില്‍ ഭൂമിക്കടിയില്‍ വന്‍ സ്വര്‍ണ നിക്ഷേപമെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. 11.48 കോടി ടണ്‍ സ്വര്‍ണത്തിന്റെ നിക്ഷേപമാണു ജയ്പുരില്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. സ്വര്‍ണം കൂടാതെ, ചെമ്പും ഈയവും സിങ്കും ഉള്‍പ്പെടെ അമൂല്യധാതുക്കളുടെ വന്‍ശേഖരമാണ് രാജസ്ഥാന്റെ ഭൗമാന്തര്‍ഭാഗത്ത് ഒളിച്ചിരിക്കുന്നത്. 300 മീറ്റര്‍ താഴെയാണ് സ്വര്‍ണ നിക്ഷേപം കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഇതു ഖനനം ചെയ്തെടുക്കാനുള്ള സംവിധാനം നിലവില്‍ അധികൃതരുടെ കൈവശമില്ല. അതിനാല്‍ത്തന്നെ പുത്തന്‍ ഡ്രില്ലിംഗ് സംവിധാനങ്ങളുമായി വൈകാതെ ഖനനം ആരംഭിക്കാനാണു തീരുമാനം.

ബന്‍സ്വാര, ഉദയ്പുര്‍ നഗരങ്ങളിലാണ് വന്‍തോതില്‍ സ്വര്‍ണ നിക്ഷേപം തിരിച്ചറിഞ്ഞത്. ശിക്കാര്‍ ജില്ലയിലും സ്വര്‍ണത്തിന്റെ സാന്നിധ്യത്തെപ്പറ്റി സൂചന ലഭിച്ചിട്ടുണ്ട്. ബില്വാരയിലും പരിശോധന തുടരുകയാണ്. ജയ്പുര്‍ കേന്ദ്രീകരിച്ച് ആദ്യഘട്ടത്തില്‍ സ്വര്‍ണവും ചെമ്പും ഖനനം ചെയ്യാനാണു നീക്കം. രാജസ്ഥാനിലെ ചില മേഖലകളില്‍ നിന്ന് ചെമ്പിന്റെയും സ്വര്‍ണ്ണത്തിന്റെയും തരികള്‍ ലഭ്യമായതിനെ തുടര്‍ന്നാണ് വിശദമായ പരിശോധന നടത്തിയത്.

തുടര്‍ന്ന് സ്വര്‍ണ്ണത്തിന് പുറമെ ഇവിടെ ലെഡിന്റെയും സിങ്കിന്റെയും സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടു. രാജ്പുര- ദരിബ ഖനികളില്‍ നിന്ന് 350 ദശലക്ഷം ടണ്‍ ലെഡും സിങ്കും ഉള്ളതായി സയന്റിസ്റ്റുകള്‍ കണക്കുകൂട്ടുന്നു. കഴിഞ്ഞില്ല, ഏകദേശം 80 ടണ്‍ ചെമ്പും രാജസ്ഥാനിലെ ഭൂമിയ്ക്കുള്ളില്‍ മറഞ്ഞിരിക്കുന്നതായി വിദഗ്ദ്ധര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. രാജസ്ഥാന് പുറമെ രാജ്യത്തിനൊട്ടാകെ ഉണര്‍വേകുന്ന പുത്തന്‍ കണ്ടെത്തലിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് വ്യാവസായിക ലോകം.

 

 

Related posts