ആ മഹാരഹസ്യം കണ്ടെത്തി; ഭൂമിയില്‍ അപ്രതീക്ഷിതമായി കാണുന്ന മിന്നലുകളുടെ രഹസ്യം വെളിപ്പെടുത്തി നാസ

lodddകാലങ്ങളായി ശാസ്ത്രജ്ഞരെ കുഴക്കിയിരുന്ന ഒരു കാര്യമാണ് ഭൂമിയില്‍ അപ്രതീക്ഷിതമായി കാണുന്ന മിന്നലുകള്‍. ഇതിന്റെ കാരണമെന്തെന്നറിയാതെ നാസയടക്കമുള്ള ബഹിരാകാശ ഏജന്‍സികളും ലോകമാകമാനമുള്ള ശാസ്ത്രജ്ഞരും വര്‍ഷങ്ങളായി തലപുകയ്ക്കുകയായിരുന്നു. രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് ബഹിരാകാശ യാത്രികനായ കാള്‍സാഗനാണ് ആദ്യമായി ഇത്തരം അപ്രതീക്ഷിത മിന്നലുകളെ കാണുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തത്. ആദ്യഘട്ടത്തില്‍ സമുദ്രത്തില്‍ നിന്നുള്ള സൂര്യപ്രകാശത്തിന്റെ പ്രതിഫലനങ്ങളാണിതെന്ന് കരുതിയിരുന്നെങ്കിലും കരയില്‍ നിന്നും മിന്നലുകള്‍ കണ്ടെത്തിയതോടെ ശാസ്ത്രലോകം കുഴങ്ങി.

കരയില്‍ നിന്നുള്ള മിന്നലുകള്‍ക്ക് പിന്നില്‍ തടാകങ്ങളും നദികളും പോലുള്ള കരയിലെ ഏതെങ്കിലും ജലസ്രോതസുകളാകാമെന്ന വാദവും ഉയര്‍ന്നിരുന്നു. എന്നാല്‍ കരയില്‍ നിന്നുള്ള മിന്നലിന്റെ വലിപ്പം തിരിച്ചറിഞ്ഞതോടെ ഈ സാധ്യത അവസാനിച്ചു. 1993ല്‍ ബഹിരാകാശ സഞ്ചാരി കാള്‍സാഗനാണ് ഗലീലിയോ ബഹിരാകാശ പേടകത്തില്‍ ഇരുന്ന് ആദ്യമായി ഭൂമിയില്‍ നിന്നുള്ള മിന്നലുകളെ കാണുന്നത്. ഗലീലിയോ പകര്‍ത്തിയ ചിത്രങ്ങളിലും ഈ മിന്നലുകള്‍ വ്യക്തമായിരുന്നു. ഏതെങ്കിലും കണ്ണാടിയില്‍ നിന്നും പ്രകാശം പ്രതിഫലിക്കും പോലെയായിരുന്നു ഇവ.

ആദ്യഘട്ടത്തില്‍ സമുദ്രങ്ങളുള്ള ഭാഗങ്ങളില്‍ നിന്നു മാത്രമാണ് ഇത്തരം മിന്നലുകള്‍ കാണാനായത്. എന്നാല്‍ 24 വര്‍ഷങ്ങള്‍ക്കുശേഷം നാസ നടത്തിയ വിശദമായ പഠനമാണ് വിഷയത്തില്‍ വഴിത്തിരിവുണ്ടാക്കിയത്. 2015നും 2016നും ഇടയില്‍ ഇത്തരത്തില്‍ 866 മിന്നലുകള്‍ ഭൂമിയില്‍ നിന്നും പുറപ്പെട്ടുപോയെന്നാണ് നാസ കണക്കാക്കിയത്. ഇതില്‍ കരയില്‍ നിന്നുള്ള മിന്നലുകളുമുണ്ടായിരുന്നു. നാസയുടെ Earth Polychromatic Imaging Camera (EPIC) പകര്‍ത്തിയ ദൃശ്യങ്ങളുടെ വിഡിയോയും അവര്‍ പുറത്തുവിട്ടിട്ടുണ്ട്. ബഹിരാകാശ പേടകം പകര്‍ത്തിയ ദൃശ്യങ്ങളും നാസയുടെ ഗവേഷണ സംഘം പഠനവിധേയമാക്കി ഇതില്‍ നിന്നും മറ്റൊരു നിര്‍ണ്ണായക വിവരം കൂടി അവര്‍ക്കു ലഭിച്ചു. കാള്‍ സാഗനും സംഘവും പകര്‍ത്തിയ ചിത്രങ്ങളില്‍ പലതും കരയില്‍ നിന്നുള്ളതായിരുന്നു. ഈ മിന്നലുകളുടെ യഥാര്‍ഥ സ്ഥാനം നിര്‍ണ്ണയിക്കുകയായിരുന്നു അടുത്ത പടി. ഇതിനു ശേഷം നടത്തിയ വിശദമായ പഠനങ്ങളില്‍ നിന്നും ഭൂമിയും സൂര്യനും തമ്മിലുള്ള കോണളവിന് തുല്യമായ നിലയില്‍ ഭൂമിയും ബഹിരാകാശ പേടകവും തമ്മിലുള്ള കോണളവ് വരുമ്പോള്‍ എടുക്കുന്ന ചിത്രങ്ങളിലാണ് ഇത്തരം മിന്നലുകള്‍ പ്രത്യക്ഷപ്പെടുന്നതെന്ന നിര്‍ണ്ണായക വിവരവും ലഭിച്ചു.

കടലോ കരയോ അല്ല ഈ മിന്നലുകള്‍ക്കു പിന്നിലെന്ന കണ്ടെത്തലാണ് ഇവയുടെ യഥാര്‍ഥ കാരണത്തിലേക്ക് വഴിതെളിച്ചത്. ഭൂമിയില്‍ നിന്നും അഞ്ച് മുതല്‍ എട്ട് കിലോമീറ്റര്‍ വരെ ഉയരത്തില്‍ കാണുന്ന സിറസ് മേഘങ്ങളിലെ ഐസ് പരലുകളാണ് ഇതിന് പിന്നില്‍. ഭൂമിക്ക് മുകളില്‍ തിരശ്ചീനമായുള്ള ഇത്തരം ഐസ് പരലുകളുടെ സ്ഥാനമാണ് ഇത്തരം ഭൂമിയില്‍ നിന്നുള്ള മിന്നലുകള്‍ക്ക് കാരണമാകുന്നത്. പതിറ്റാണ്ടുകള്‍ നീണ്ട പ്രപഞ്ച പ്രഹേളികയക്ക് കൂടിയാണ് ഇപ്പോള്‍ ശാസ്ത്രീയ വിശദീകരണം ലഭിച്ചത്. ഈ രഹസ്യം തെളിയിക്കാനായതില്‍ അഭിമാനമുണ്ടെന്നായിരുന്നു നാസയിലെ ശാസ്ത്രജ്ഞരുടെ പ്രതികരണം.

Related posts