കൊച്ചിക്കാര്‍ക്ക് വിഷം കുത്തി നിറയ്ക്കാത്ത, പിടയ്ക്കുന്ന മീന്‍ എത്തിക്കുന്നത് ചീനവലക്കാരില്‍ നിന്നും ചെമ്മീന്‍ കെട്ടുകളില്‍ നിന്നും! സിനിമയ്ക്ക് പുറത്ത് മത്സ്യക്കച്ചവടക്കാരന്റെ റോളില്‍ തിളങ്ങാനുറച്ച് ധര്‍മജന്‍ ബോള്‍ഗാട്ടി

മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരമാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. സ്വതസിദ്ധമായ ശൈലിയിലൂടെ മലയാളികളെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന ഒന്നാന്തരം കൊമേഡിയന്‍. എന്നാല്‍ വെള്ളിത്തിരയ്ക്ക് പുറത്ത് ഒന്നാന്തരം ബിസിനസുകാരനാകാനാണ് ധര്‍മജന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

മത്സ്യക്കച്ചവടക്കാരന്റെ റോളിലായിരിക്കും അവിടെ ധര്‍മജന്‍ ബോള്‍ഗാട്ടി തിളങ്ങുക. കൊച്ചിക്കാര്‍ക്ക് വിഷം തീണ്ടാത്ത മീന്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ധര്‍മജനും കൂട്ടുകാരും ഫിഷ് ഹബ്ബുമായി എത്തുന്നത്. ധര്‍മൂസ് ഫിഷ് ഹബ്ബിന്റെ ആദ്യ വില്‍പനകേന്ദ്രം ജൂലൈ അഞ്ചിന് കൊച്ചി അയ്യപ്പന്‍കാവിന് സമീപം പ്രവര്‍ത്തനം തുടങ്ങും. നടനും സുഹൃത്തുമായ കുഞ്ചാക്കോ ബോബനാണ് കടയുടെ ഉദ്ഘാടനം നിര്‍വഹിക്കുക.

കൊച്ചി കായലില്‍ മീന്‍ പിടിച്ചു വളര്‍ന്ന തനിക്ക് ഇപ്പോഴും ഇത്തരം വിഷയങ്ങളില്‍ താത്പര്യമുണ്ടെന്നാണ് പുതിയ സംരഭത്തിലൂടെ ധര്‍മജന്‍ പറയുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വിഷം തീണ്ടിയ വലിയ മീനുകളാണ് വില്‍പനശാലകളില്‍ ഏറേയും എത്തുന്നത്. ഇതിനിടെ കൊച്ചിക്കാര്‍ക്ക് നല്ല പിടയ്ക്കുന്ന കായല്‍മീനുകള്‍ എത്തിച്ചുനല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ധര്‍മജനും കൂട്ടുകാരും ഫിഷ് ഹബ്ബ് ശൃംഖലയുമായി എത്തുന്നത്.

ചെമ്മീന്‍ കെട്ടിലും കൂട് കൃഷിയിലും വളര്‍ത്തുന്ന മത്സ്യങ്ങള്‍ക്ക് പുറമേ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍, വീശ് വലകള്‍ ഉപയോഗിക്കുന്നവര്‍ എന്നിവരില്‍ നിന്നെല്ലാം മീന്‍ ശേഖരിച്ച് വില്‍പനയ്‌ക്കെത്തിക്കും. ചെറുമീനുകള്‍ വൃത്തിയാക്കി ഓര്‍ഡര്‍ അനുസരിച്ച് വീടുകളിലും ഫ്‌ളാറ്റുകളിലുമെത്തിച്ചും നല്‍കും. ധര്‍മജന്റെ ഉറ്റസുഹൃത്തുക്കള്‍ കൂടിയായ 11 പേരുമായി ചേര്‍ന്നാണ് ഫിഷ് ഹബ്ബ് യാഥാര്‍ഥ്യമാക്കുന്നത്. കൊച്ചിയില്‍ ഉടനീളം വൈകാതെ ശൃംഖലകള്‍ വ്യാപിപ്പിക്കാനാണ് ഇവരുടെ ശ്രമവും.

Related posts