നിഷ്‌കളങ്കരല്ല മാനുകള്‍! മാനുകള്‍ മൃതശരീരവും എല്ലിന്‍ കഷണങ്ങളും കഴിക്കുമെന്ന് തെളിഞ്ഞു; വനത്തില്‍ ഗവേഷണം നടത്തിയ ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നത്

deerമൃഗങ്ങളില്‍ വച്ച് ഏറ്റവും നിരുപദ്രവകാരിയും ഓമനത്തം തോന്നുന്നതുമായ ഒരുകൂട്ടരായാണ് മാനുകള്‍ പൊതുവെ അറിയപ്പെടുന്നത്. നിഷ്‌കളങ്കതയുടെ പര്യായമെന്നാണ് മാനുകളെ വിശേഷിപ്പിക്കുന്നതുപോലും. അതുപക്ഷെ ഇതുവരെയുള്ള വിശ്വാസമായിരുന്നു. എന്നാല്‍ മാനിനെക്കുറിച്ചുള്ള  ഈ ധാരണകളെല്ലാം തെറ്റാണെന്നാണ് ഒരു കൂട്ടം ഗവേഷകരുടെ പുതിയ കണ്ടെത്തല്‍. ആര്‍ക്കും ഭീഷണിയൊന്നുമില്ലെങ്കിലും ഞെട്ടിപ്പിക്കുന്ന ഒരു കണ്ടെത്തലാണ് ടെക്‌സാസ് സര്‍വ്വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയിരിക്കുന്നത്. മനുഷ്യശരീരം രുചിച്ചു നോക്കുന്ന മാനുകളെയാണ് ഗവേഷകര്‍ കണ്ടെത്തിയത്.

സര്‍വ്വകലാശാലയ്ക്കു ദാനമായി ലഭിച്ച മൃതദേഹം പഠനത്തിനായി ഉപോഗിച്ചപ്പോഴാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ ഗവേഷകരുടെ ശ്രദ്ധയില്‍ പെട്ടത്. മനുഷ്യന്റെ മൃതദേഹത്തോട് വിവിധ മൃഗങ്ങള്‍ എങ്ങനെ പെരുമാറുന്നു എന്നറിയുന്നതിനും വനാന്തരീക്ഷത്തില്‍ മൃതദേഹങ്ങള്‍ എങ്ങനെയാണ് അഴുകുന്നതെന്നും പഠിക്കുന്നതിനായാണ് ഗവേഷകര്‍ ശ്രമിച്ചത്. കാട്ടില്‍ ഉപേക്ഷിച്ച മൃതദേഹം കുറുനരിയും ചെന്നായും കഴുകനുമെല്ലാം ആഹാരമാക്കുന്നത് സമീപത്തു സ്ഥാപിച്ച ക്യാമറയിലൂടെ ഇവര്‍ നിരീക്ഷിച്ചു. ഇതിനു പിന്നാലെയാണ് ആരും പ്രതീക്ഷിക്കാത്ത മറ്റൊരു ജീവി കൂടി മനുഷ്യമാംസത്തിന്റെ രുചി നോക്കാനെത്തിയത്.

വൈറ്റ് ടെയില്‍ഡ് ഡീര്‍ എന്ന വിഭാഗത്തില്‍ പെട്ട മാനാണ് അസ്ഥിമാത്രമായി മാറി കഴിഞ്ഞിരുന്ന മൃതദേഹത്തിന്റെ എല്ലു ചവയ്ക്കുന്നതായി ശ്രദ്ധയില്‍ പെട്ടത്. കൗതുകം കൊണ്ടു രുചിച്ചതായിരിക്കം അതെന്നാണ് ഗവേഷകര്‍ ആദ്യം കരുതിയത്. എന്നാല്‍ മൂന്നു ദിവസത്തിനു ശേഷം മാന്‍ വീണ്ടും അതേ സ്ഥലത്തെത്തി അസ്ഥി ചവയ്ക്കുകയും അതില്‍ പറ്റിപ്പിടിച്ചിരുന്ന അവശിഷ്ടങ്ങള്‍ ഭക്ഷിക്കുകയും ചെയ്തു. മാനുകള്‍ മാംസാഹാരം കഴിക്കുന്നത് ശ്രദ്ധയില്‍പ്പെടുന്നത് ഇതാദ്യമാണെങ്കിലും ഇവ പ്രാണികളെയും ചെറുമത്സ്യങ്ങളെയുമെല്ലാം കഴിക്കുന്നതായി മുന്‍ കാലങ്ങളില്‍ നടന്ന ചില പഠനങ്ങളില്‍ നിന്ന് തെളിഞ്ഞിട്ടുള്ളതാണ്. ശരീരത്തില്‍ പോഷകക്കുറവനുഭവപ്പെടുമ്പോഴാണ് ഇത്തരം അവശിഷ്ടങ്ങള്‍ മാനുകള്‍ ഭക്ഷിക്കുന്നതെന്നാണ് ചില ഗവേഷകര്‍ വിശദീകരിക്കുന്നത്.

Related posts