അന്ന് കുടിവെള്ളത്തിനായി സമരത്തിനുപോയി, പോലീസ് പിടിച്ചു ജയിലിലുമിട്ടു, ആ അനുഭവത്തെപ്പറ്റി ധര്‍മജന്‍ ബോള്‍ഗാട്ടിക്കു പറയാനുള്ളത്

dharajanധര്‍മജന്‍ ബോള്‍ഗാട്ടി ഈ സിനിമയിലുണ്ടോ? എങ്കില്‍ സൂപ്പറായിരിക്കും, സിനിമപ്രേമികളുടെ വാക്കുകളാണിത്. കോമഡി ഷോകളിലൂടെ സിനിമയിലേക്ക് കയറിപ്പറ്റിയ ധര്‍മജന്‍ ഇന്ന് മലയാളത്തിലെ തിരക്കേറിയ അഭിനേതാക്കളില്‍ ഒരാളാണ്. പ്രേതം, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങളിലൂടെ പോയ വര്‍ഷത്തിന്റെ താരമായി മാറിയ ഈ കലാകാരന്‍ കടന്നുവന്നത് ഒരുപിടി പ്രതിസന്ധികളെ അതിജീവിച്ചാണ്. കൊച്ചിയെന്ന മഹാനഗരത്തിന്റെ വാലായ മുളവുകാട് എന്ന കുഗ്രാമത്തില്‍നിന്ന് ഉദിച്ചുയര്‍ന്ന ധര്‍മജന്‍ തന്റെ അനുഭവങ്ങള്‍ പങ്കുവച്ചപ്പോള്‍.

സ്‌റ്റേജ് ഷോകളും അല്ലറചില്ലറ ടിവി പരിപാടികളുമായി നടക്കുന്ന സമയത്താണ് രമേഷ് പിഷാരടിയുമായി കണ്ടുമുട്ടുന്നത്. വളരെ ഹിറ്റായ ഒരു തമാശപരിപാടി എഴുതുന്ന സമയമാണത്. ആ സമയത്താണ് പിഷാരടി വരുന്നത്. അങ്ങനെ ഞങ്ങള്‍ ഒരുമിച്ച് എഴുതാന്‍ തുടങ്ങി. ഒരുമിക്കാന്‍ പറ്റിയ കമ്പനിയാണെന്ന് രണ്ടാള്‍ക്കും തോന്നി. പിഷാരടി ഏഷ്യാനെറ്റിലേക്ക്് പോകുകയും മറ്റൊരാള്‍ പോയതിന്റെ ഒഴിവില്‍ എന്നെ വിളിക്കുകയും ചെയ്തു. അങ്ങനെ ഞങ്ങള്‍ ഒരുമിച്ചപ്പോള്‍ പരിപാടിക്ക് വലിയ റേറ്റിങ് കിട്ടുകയും എന്നെ സ്ഥിരമാക്കുകയായിരുന്നു. പിന്നീട് മൂന്നുമൂന്നരവര്‍ഷം അവിടെ തന്നെ. അങ്ങനെ ഞങ്ങളെ ആളുകള്‍ സ്വീകരിച്ചു.

ജീവിതത്തില്‍ ഒരിക്കല്‍ ജയിലില്‍ കിടക്കേണ്ടിവന്ന സംഭവത്തെക്കുറിച്ച് ധര്‍മജന്‍ പറയുന്നതിങ്ങനെ- ഒരിക്കല്‍ ഞങ്ങളുടെ നാട്ടില്‍ വലിയ കുടിവെള്ളക്ഷാമം വന്നു. ജനങ്ങളൊക്കെ കുടിവെള്ളം കിട്ടാതെ വലയുന്ന സമയം. അന്ന് ഞാന്‍ ഒരു യുവജനസംഘടനയുടെ നേതൃത്വത്തിലുണ്ട്. കുടിവെള്ളം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഒരുദിവസം വാട്ടര്‍ അതോറിറ്റി ഓഫീസ് തല്ലിപ്പൊളിച്ചു. അതിന്റെ പേരില്‍ നാലു ദിവസത്തോളം എറണാകുളം സബ് ജയിലില്‍ കിടക്കേണ്ടിവന്നു. ജയിലില്‍ വന്ന ദിവസം മട്ടന്‍ കറിയായിരുന്നു. നാലുദിവസം കഴിഞ്ഞ് ഞങ്ങള്‍ക്ക് ജാമ്യംകിട്ടി. അതിന് ശേഷം കുടിവെള്ളമൊക്കെ കിട്ടാന്‍ തുടങ്ങി. പോലീസുകാര്‍ ഇടിക്കുമെന്ന് പേടിയുണ്ടായിരുന്നെങ്കിലും അങ്ങനെയൊന്നും ഉണ്ടായില്ല.

Related posts