ഫലകങ്ങള്‍ വേണ്ടെന്ന് പറഞ്ഞു, പകരം അരിയോ പലവ്യഞ്ജനങ്ങളോ പുസ്തകമോ ചോദിച്ച് വാങ്ങി, ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുത്തു! വേറിട്ട തീരുമാനമെടുത്ത്, മാതൃകയായി ധര്‍മ്മജന്‍ ബോള്‍ഗാട്ടി

ചിരിച്ചും ചിരിപ്പിച്ചും മലയാളിയുടെ സ്വീകരണമുറിയില്‍ ഇടംപിടിച്ച ഹാസ്യതാരമാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. സിനിമയിലും തന്റെ രാശി തെളിഞ്ഞതോടെ ധര്‍മ്മജന് തിരക്കോട് തിരക്കായി. സ്വീകരണങ്ങളും, ഉദ്ഘാടനങ്ങളുമായി നിന്നു തിരിയാന്‍ സമയമില്ലാത്ത അവസ്ഥ. സ്വീകരണങ്ങളായ സ്വീകരണങ്ങളിലെല്ലാം സമ്മാനമായി കിട്ടിയതാകട്ടേ കുറേ ഫലകങ്ങളും. ഫലകങ്ങള്‍ കിട്ടി മടുത്ത ധര്‍മ്മജന്‍ ഒടുവില്‍ ഒരു തീരുമാനമെടുത്തു, ഇനിമുതല്‍ ഫലകങ്ങള്‍ വേണ്ട എന്ന്. വെറുതെ പറഞ്ഞതായിരുന്നില്ല. അതിന് കാരണവുമുണ്ട്.

ഫലകങ്ങള്‍ കിട്ടുന്നതുകൊണ്ട് പ്രത്യേകിച്ച് ഒരു ഉപകാരവും ഉണ്ടായിരുന്നില്ല. ചെറിയ വീടായതുകൊണ്ടുതന്നെ. ഫലകങ്ങള്‍ വെയ്ക്കാന്‍ ഷോകേസ് പണിയാന്‍ തന്നെ 40,000 ത്തോളം രൂപയുടെ ചെലവുണ്ടായി. ചെറിയ വീടായതിനാല്‍ ഫലകങ്ങള്‍ ചാക്കില്‍ കെട്ടി എവിടെയെങ്കിലും വെയ്ക്കേണ്ട അവസ്ഥയായിരുന്നു. അതുകൊണ്ടുതന്നെ ഫലകങ്ങളില്‍ കാര്യമുണ്ടെന്ന് തോന്നിയില്ല. ഇക്കാരണങ്ങള്‍ കൊണ്ടാണ് സ്വീകരണങ്ങള്‍ക്ക് ഫലകങ്ങള്‍ വേണ്ടെന്ന് തീരുമാനിച്ചതെന്നും താരം പറഞ്ഞു.

അതിനുശേഷം ആരെങ്കിലും സ്വീകരണങ്ങള്‍ നല്‍കാന്‍ താല്‍പര്യം അറിയിക്കുകയാണെങ്കില്‍ അരി വാങ്ങി നല്‍കാന്‍ പറയും. അതുമല്ലെങ്കില്‍ ഒരാഴ്ചത്തേക്കുള്ള അരി, പച്ചക്കറി, മറ്റ് സാധനങ്ങള്‍ എന്നിവ വാങ്ങി നല്‍കാന്‍ പറയും. ഇവയെല്ലാം അനാഥാലയങ്ങള്‍ക്ക് എത്തിച്ചു നല്‍കുകയാണ് പതിവ്. പരിചയക്കാരിലൂടെ അനാഥാലയങ്ങളും ആവശ്യക്കാരെയും കണ്ടുപിടിക്കുകയാണ് ചെയ്യാറ്. വിശപ്പാണ് ഒരു മനുഷ്യന്റെ ഏറ്റവും വലിയ പരിഹരിക്കപ്പെടേണ്ട ആവശ്യം. അനാഥാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും പകല്‍വീടുകള്‍ക്കും ഭക്ഷണം നല്‍കും. നിരവധിയാളുകള്‍ക്ക് ഇത് ഉപകാരപ്രദമാകാറുണ്ടെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി.

ചിലപ്പോള്‍, പുസ്തകങ്ങള്‍ വാങ്ങി നല്‍കാന്‍ പറയുമെന്നും ധര്‍മ്മജന്‍ പറഞ്ഞു. ആവശ്യമുള്ള പുസ്തകങ്ങളുടെ പേര് സംഘാടകര്‍ക്ക് നേരത്തെ തന്നെ എഴുതി നല്‍കുകയാണ,് പുസ്തകങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ ചെയ്യാറുള്ളത്. ധര്‍മ്മജന്‍ പറയുന്നു. അവാര്‍ഡ് വേദികളും സ്വീകരണ യോഗങ്ങളും ഉദ്ഘാടനങ്ങളുമെല്ലാം പണം സമ്പാദിക്കാനും സ്വന്തം പ്രശസ്തിയ്ക്കും വേണ്ടിയുള്ള വേദിയാക്കുന്ന സിനിമാതാരങ്ങള്‍ക്ക് മാതൃക കൂടിയാവുകയാണ് ധര്‍മ്മജന്‍.

Related posts