കടലില്‍നിന്നു കിട്ടിയ ഭീമന്‍ മുത്ത് മുക്കുവന്‍ സൂക്ഷിച്ചത് പത്തു വര്‍ഷം, അതിന്റെ മൂല്യമോ 670 കോടി രൂപ!

Pearl_bigപത്തു വര്‍ഷം മുമ്പ് ആരും അറിയാതെ നടന്ന ഒരു സംഭവം. അതാണ് ഇപ്പോള്‍ ലോകത്തിനു കൗതുകമാകുന്നത്. ഫിലിപ്പൈന്‍സിലെ പലാവാന്‍ ദ്വീപിലെ ഒരു മുക്കുവനു കിട്ടിയ അമൂല്യ നിധി. മൂല്യമറിയാതെ സൂക്ഷിച്ച നിധിയെന്നും പറയാം. കാറ്റും കോളും നിറഞ്ഞ രാത്രി കടലില്‍ അകപ്പെട്ടുപോയ അയാള്‍ക്ക് തോണി നങ്കൂരമിടാതെ മറ്റു മാര്‍ഗങ്ങളൊന്നുമില്ലെന്ന് മനസിലായി. കടല്‍ ശാന്തമായപ്പോള്‍ നങ്കൂരം ഉയര്‍ത്താന്‍ നോക്കിയെങ്കിലും അത് എന്തോ ഒന്നില്‍ ഉടക്കിയിരുന്നു. പ്രയാസപ്പെട്ട് വെള്ളത്തില്‍ മുങ്ങി നങ്കൂരം മുകളിലേക്ക് വലിച്ചപ്പോള്‍ വലിയ പാറക്കഷ്ണംപോലെയുള്ള തിളങ്ങുന്ന വസ്തു കിട്ടി.

ആ വലിയ വസ്തുവിന് അത്രവലിയ പ്രാധാന്യമൊന്നും അയാള്‍ കല്പിച്ചില്ല. അതുകൊണ്ടുതന്നെ അയാള്‍ തിളങ്ങുന്ന ആ വസ്തുവിനെ സ്വന്തം കട്ടിലിനടിയില്‍ സൂക്ഷിച്ചു. പത്തു വര്‍ഷത്തിനു ശേഷം കഴിഞ്ഞ ദിവസം അയാളുടെ വീടിനു തീപിടിച്ചപ്പോഴാണ് ആ അമൂല്യ വസ്തു മുത്താണെന്ന് പുറംലോകമറിയുന്നത്. സ്ഥലത്തെ ചില ടൂറിസം ഉദ്യോഗസ്ഥരുടെ സഹായത്താല്‍ മുത്തിന്റെ മൂല്യം നിര്‍ണയിക്കപ്പെട്ടു- 10 കോടി ഡോളര്‍ (670 കോടി രൂപ)! വായിക്കുമ്പോള്‍ ഒരു ഫാന്റസി കഥയായി തോന്നുമെങ്കിലും സംഭവം സത്യമാണ്.

2.2 അടി നീളവും ഒരടി വീതിയുമുള്ള മുത്തിന് 34 കിലോഗ്രാം ഭാരമുണ്ട്. ഇപ്പോള്‍ ഫിലിപ്പൈന്‍സിലെ പ്യുവെര്‍ട്ടോ പ്രിന്‍സെസാ സിറ്റിയില്‍ പ്രദര്‍ശനത്തിനു വച്ചിരിക്കുന്ന ഭീമന്‍ മുത്ത് പ്രകൃതിദത്തമായവയില്‍ ഏറ്റവും വലുതാണെന്നു സ്ഥിരീകരിക്കാനുള്ള അന്വേഷണത്തിലാണ് ഫിലിപ്പൈന്‍സ്. 1930ല്‍ കണ്ടെത്തിയ ലാവോ റ്റ്‌സു എന്ന മുത്തായിരുന്നു ഏറ്റവും വലുതായി കണക്കാക്കപ്പെട്ടിരുന്നത്. ഫിലിപ്പൈന്‍സില്‍നിന്നുതന്നെ കണ്ടെത്തിയ അതിന് 6.4 കിലോഗ്രാം ഭാരമാണുണ്ടായിരുന്നത്.

Related posts