അറസ്റ്റ് ചെയ്തത് വ്യക്തമായ തെളിവ് ശേഖരിച്ച് തന്നെ! ഡിജിപിയുടെ വാട്‌സ് ആപ്പില്‍ ലഭിക്കുന്ന സന്ദേശം പരാതിയായി കണക്കാക്കേണ്ട കാര്യം പോലീസിനില്ല; ദിലീപിന്റെ വാദങ്ങള്‍ കള്ളമെന്ന് പോലീസ്

കൊച്ചി: ജാമ്യം തേടി ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ ദിലീപ് പറയുന്ന കാര്യങ്ങളെല്ലാം കള്ളമാണെന്ന് പോലീസ്. ദിലീപിന്‍റെ വാദങ്ങളെ ഖണ്ഡിക്കാൻ വെള്ളിയാഴ്ച ജാമ്യഹർജി പരിഗണിക്കുന്പോൾ പോലീസ് വിശദമായ സത്യവാങ്മൂലം നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഡിജിപി ലോക്നാഥ് ബെഹ്റയെ പ്രതിക്കൂട്ടിലാക്കാനുള്ള ദിലീപിന്‍റെ നീക്കത്തെയും ജാമ്യാപേക്ഷയെയും ശക്തമായി തന്നെ എതിർക്കാനാണ് പ്രോസിക്യൂഷൻ തീരുമാനിച്ചിരിക്കുന്നത്.

പൾസർ സുനി സുഹൃത്തായ നാദിർഷയെ ഏപ്രിൽ പത്തിനാണ് വിളിച്ചതെന്നും അന്ന് തന്നെ ഡിജിപിക്ക് വാട്സ് ആപ്പ് വഴി ഇക്കാര്യങ്ങൾ അറിയിച്ച് സന്ദേശമയച്ചുവെന്നുമാണ് ദിലീപ് ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഇത് ഒരു തരത്തിലും ശരിയായ വാദമല്ലെന്നാണ് തെളുവുകൾ സമർഥിച്ച് പോലീസ് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. മാർച്ച് 28-നാണ് ജയിലിൽ നിന്നും സുനിയുടെ സുഹൃത്ത് വിഷ്ണു നാദിർഷയെ വിളിക്കുന്നത്. ഇതിന് ശേഷം 26 ദിവസം കാത്തിരുന്നാണ് ദിലീപ് പരാതിയുമായി രംഗത്തെത്തിയത്. ഇക്കാലയളവിലെല്ലാം സുനിയുമായി ധാരണയിലെത്താൻ ശ്രമം നടന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ധാരണയിലെത്താൻ കഴിയാതെ വന്നതോടെയാണ് പരാതി നൽകാൻ ദിലീപ് നിർബന്ധിതനാവുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

ഏപ്രിൽ പത്തിന് സുനി വിളിച്ച വിവരം ഡിജിപിയെ വാട്സ് ആപ്പ് വഴി അറിയിച്ചുവെന്നാണ് ദിലീപ് പറയുന്നത്. എന്നാൽ വാട്സ് ആപ്പ് വഴി മാത്രം അറിയിക്കാനുള്ള പ്രാധാന്യമേ ഇക്കാര്യത്തിന് ദിലീപ് നൽകുന്നുള്ളോ എന്നാണ് പോലീസ് ചോദിക്കുന്നത്. ഡിജിപിയുടെ വാട്സ് ആപ്പിൽ ലഭിക്കുന്ന സന്ദേശം പരാതിയായി കണക്കാക്കേണ്ട കാര്യം പോലീസിനില്ല. മാത്രമല്ല. മാർച്ച് മാസത്തിൽ തന്നെ ദിലീപ് അന്വേഷണ സംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു. ഇതിന് ശേഷം വ്യക്തമായ തെളിവ് ശേഖരിച്ച് തന്നെയാണ് ദിലീപിനെ അറസ്റ്റ് ചെയ്തതെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ നിലപാടെടുക്കും.

Related posts