ദിലീപിന് സുരക്ഷയൊരുക്കുന്നത് ഗോവയിലെ തണ്ടര്‍ഫോഴ്‌സ്, തോക്കേന്തിയ സായുധസംഘത്തിന് ചെലവിടുന്നത് ലക്ഷങ്ങള്‍, 37,000 രൂപയുടെ നിലവിളക്ക് വാങ്ങിയതെന്തിന്? ഇന്നലെ കൊച്ചിയെ നടുക്കി സംഘത്തിന്റെ യാത്ര

നടിയെ ആക്രമിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് വിവാദങ്ങള്‍ വിട്ടൊഴിയാത്ത നടന്‍ ദിലീപിനെതേടി ഇന്നലെ പുതിയ അഭ്യൂഹമെത്തി. പോലീസിനെപോലും ഞെട്ടിച്ചാണ് ഇന്നലെ സായുധ അകമ്പടിയോടെ ഗോവയിലെ സ്വകാര്യ സുരക്ഷാസംഘം ആലുവ കൊട്ടാരക്കടവിനു സമീപമുള്ള ദിലീപിന്റെ വീട്ടിലെത്തിയത്. ഗോവ ആസ്ഥാനമാക്കിയുള്ള തണ്ടര്‍ ഫോഴ്‌സ് എന്ന സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ സുരക്ഷാ വാഹനങ്ങളിലാണ് സായുധഭടന്മാരടങ്ങുന്ന സംഘമെത്തിയത്.

നാല് സുരക്ഷാവാഹനങ്ങളുടെയും സുരക്ഷാസേനയുടെയും അകമ്പടിയോടെ രണ്ട് ആഡംബര സുരക്ഷാകാറുകള്‍ നഗരത്തിലൂടെ സൈറണ്‍മുഴക്കി കുതിച്ചുപാഞ്ഞത് ഏവരെയും ഞെട്ടിച്ചു. വാര്‍ത്ത പരന്നതോടെ പോലീസും അങ്കലാപ്പിലായി. സുരക്ഷാവീഴ്ച സംഭവിച്ചോയെന്നറിയാന്‍ ഉന്നത പോലീസ് ഉദേ്യാഗസ്ഥരും ജാകരൂകരായി. ഒടുവില്‍ ദിലീപിന്റെ വീട്ടിലെ സുരക്ഷാസന്നാഹത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചു വിവരം നല്‍കിയപ്പോഴാണ് പോലീസിന് ആശ്വാസമായത്.

ഇന്നലെ രാവിലെ പത്തോടെയാണ് സംഘം ദിലീപിന്റെ വീട്ടിലെത്തിയത്. ഈ സമയം ദിലീപും ഭാര്യ കാവ്യയും വീട്ടിലുണ്ടായിരുന്നു. അരമണിക്കൂറോളം ഇവര്‍ ദിലീപിനൊപ്പം വീട്ടില്‍ ചെലവഴിച്ചു. പോലീസ് സന്നാഹങ്ങളെ അനുകരിക്കുന്നവിധമായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍. മറ്റുവാഹനങ്ങള്‍ വീടിനുമുറ്റത്തു പാര്‍ക്കുചെയ്തപ്പോള്‍ ഒരു സുരക്ഷാവാഹനം മാത്രം റോഡില്‍ നിരീക്ഷണത്തിനായി നിര്‍ത്തിയിരുന്നു. സംഭവമറിഞ്ഞെത്തിയ പോലീസ്, സുരക്ഷാസന്നാഹത്തോടെയെത്തിയ വിവിഐപിയെ തേടി നഗരമാകെ അരിച്ചുപെറുക്കി. ഒടുവില്‍ സംഘം ആലുവയിലെ ഒരു കടയില്‍നിന്നും 37000 രൂപ വിലവരുന്ന ഒരു നിലവിളക്ക് വാങ്ങിയതായി കണ്ടെത്തി.

മാധ്യമപ്രവര്‍ത്തകരില്‍നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ സായുധസേനയില്‍നിന്നും വിരമിച്ച ഒരു കേണലിന്റെ നേതൃത്വത്തിലുള്ള സ്വകാര്യ സുരക്ഷാ ഏജന്‍സിയാണ് ആലുവിയിലെത്തിയതെന്ന് സ്ഥിരീകരിച്ചു. തണ്ടര്‍ഫോഴ്‌സിന്റെ കേരള മേധാവി വിരമിച്ച ഒരു ഐപിഎസ് ഉദേ്യാഗസ്ഥനാണെന്നും സൂചനയുണ്ട്. തിരുവനന്തപുരത്തേക്കുള്ള യാത്രാമധേ്യ ദിലീപുമായുള്ള പരിചയം പുതുക്കാനാണ് വീട്ടിലെത്തിയതെന്നായിരുന്നു വിശദീകരണം.

ദിലീപ് ജാമ്യംനേടിയെങ്കിലും പോലീസ് നിരീക്ഷണത്തിലാണിപ്പോഴും. കേസുമായി ബന്ധപ്പെട്ട് ആലുവയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സതേടിയെന്നു വ്യാജരേഖയുണ്ടാക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് അറസ്റ്റുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് തണ്ടര്‍ഫോഴ്‌സിന്റെ നഗരത്തെ വിറപ്പിച്ചുകൊണ്ടുള്ള വരവ്. എന്നാല്‍ ഗോവയിലെ സ്വകാര്യ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സന്ദര്‍ശനത്തെക്കുറിച്ച് വ്യക്തമായ വിശദീകരണം നല്‍കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

 

Related posts