മരിച്ചത് മാത്യു തന്നെ; ‘ദൃശ്യം’ മോഡല്‍ കൊലപാതകത്തിലെ ഡിഎന്‍എ ഫലം പുറത്ത്; 2008ല്‍ തലയോലപ്പറമ്പില്‍ നിന്നു കാണാതായ മാത്യുവിന്റെ കൊലപാതക വിവരം പുറത്തറിഞ്ഞതിങ്ങനെ…

കൊച്ചി: തലയോലപ്പറമ്പിലെ ദൃശ്യം മോഡല്‍ കൊലപാതകത്തില്‍ നിര്‍ണായക വിവരം പുറത്ത്. മരിച്ചത് മാത്യു തന്നെയാണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞു.വ്യാജനോട്ടുകേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി അനീഷ് മാത്യുവിനെ കൊലപ്പെടുത്തിയ വിവരം പുറത്തു വരുന്നത്.

പണമിടപാടുകള്‍ നടത്തിയിരുന്ന മാത്യു (44)വിനെ 2008ല്‍ തലയോലപ്പറമ്പില്‍നിന്നാണു കാണാതായത്. അന്നു പള്ളിക്കവലയ്ക്കു സമീപത്തെ സിനിമാ തിയറ്ററിനടുത്തു മാത്യുവിന്റെ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. പലരോടും പണം കടം വാങ്ങി പലിശയ്ക്കു കൊടുക്കുന്ന ആളായിരുന്നു മാത്യു. ഇയാളെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും എങ്ങുമെത്തിയില്ല.

ആളുകളില്‍ നിന്നു വാങ്ങിയ പണവുമായി മുങ്ങിയെന്ന രീതിയില്‍ അന്നു പ്രചാരണവും ഉണ്ടായി. കള്ളനോട്ട് കേസില്‍ പിടിയിലായ അനീഷാണു പിതാവിന്റെ തിരോധാനത്തിനു പിന്നില്‍ എന്ന സംശയത്തില്‍ മാത്യുവിന്റെ മകള്‍ നൈസി മാത്യുവാണു ഡിസംബര്‍ നാലിനു തലയോലപ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയത്. പിന്നീട് അനീഷിന്റെ പിതാവ് തന്നെ മകനാണ് പ്രതിയെന്നു പറഞ്ഞ് രംഗത്തെത്തിയിരുന്നു. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.

തുടര്‍ന്ന് അനീഷിന്റെ മൊഴി പ്രകാരം മൂന്നു നില കെട്ടിടത്തിന്റെ തറ കുഴിച്ചാണ് കഴിഞ്ഞ രണ്ടു ദിവസം പൊലീസ് പരിശോധിച്ചത്. എന്നാല്‍ ഈ പരിശോധനയില്‍ കാര്യമായി തെളിവൊന്നും കിട്ടിയിരുന്നില്ല. ഇതോടെ അനീഷിനെ വിശദമായ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. രണ്ടാമത്തെ ചോദ്യം ചെയ്യലില്‍ ഇയാള്‍ എല്ലാക്കാര്യങ്ങളും പോലീസിനോടു പറഞ്ഞു.

തുടര്‍ന്ന് മൂന്നു നില കെട്ടിടത്തിന്റെ ഭിത്തിക്കും മതിലിനും ഇടയില്‍ കുഴിച്ചപ്പോഴാണ് എട്ടു വര്‍ഷം മുമ്പ് മൂടിവച്ച സത്യവും തെളിവും അന്വേഷണ സംഘത്തിന് മുമ്പില്‍ തെളിഞ്ഞു വന്നത്. മാത്യുവിനെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്ന് പ്രതി അനീഷിന്റെ കുറ്റസമ്മതത്തിന് തെളിവായി മാത്യുവിന്റെ വാച്ച് മണ്ണിനടിയില്‍ നിന്ന് കിട്ടി. പിന്നീടുള്ള പരിശോധനയില്‍ അസ്ഥിക്കഷണങ്ങളും കണ്ടെത്തി. കൊല്ലപ്പെടുമ്പോള്‍ മാത്യു വാച്ചിട്ടിരുന്നുവെന്ന കാര്യം പ്രതി പൊലീസിനോട് പറഞ്ഞിരുന്നില്ല.വാച്ച് മാത്യുവിന്റെ മകള് നൈസി തിരിച്ചറിയുകയും ചെയ്തിരുന്നു. മൃതദേഹത്തിന്റെ നെഞ്ചിന്റെ ഭാഗം മുറിച്ചെടുത്ത് പുഴയോരത്ത് തള്ളിയെന്ന് അനീഷ് പറഞ്ഞിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്തു നിന്നു കണ്ടെടുത്ത അസ്ഥിക്കഷണങ്ങള്‍ ഡിഎന്‍എ ടെസ്റ്റിന് വിധേയമാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Related posts