ജാമ്യമില്ലാതെ ജയിലില്‍ എട്ടുമാസം, ഞാന്‍ ശരിക്കും കുറ്റവാളിയാണോ? ഉത്തര്‍പ്രദേശില്‍ ശ്വാസം കിട്ടാതെ കുട്ടികള്‍ മരിച്ച ആ രാത്രയില്‍ സംഭവിച്ചതിനെക്കുറിച്ച് തുറന്നെഴുതി ഡോ കഫീല്‍ ഖാന്‍

രാജ്യത്തെയൊന്നാകെ കണ്ണീരിലാഴ്ത്തിയ ഒരു സംഭവമാണ് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ മുപ്പതിലേറെ കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചത്. സംഭവസമയത്ത് കുട്ടികളുടെ വാര്‍ഡിന്റെ ചുമതലയുണ്ടായിരുന്ന, കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ പരമാവധി പരിശ്രമിച്ച ഡോ കഫീല്‍ ഖാനെയാണ് കേസില്‍ കുറ്റക്കാരനായി ശിക്ഷിച്ചത്.

ഈ കേസുമായി ബന്ധപ്പെട്ട് ഇപ്പോഴും ജയിലില്‍ കഴിയുന്ന അദ്ദേഹം തടവറയില്‍ നിന്നെഴുതിയ കത്ത് സംഭവത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയിരിക്കുകയാണ്. ജയിലില്‍ അദ്ദേഹത്തിന് ചികിത്സ ലഭിക്കുന്നില്ലെന്ന കഫീല്‍ ഖാന്റെ ഭാര്യയുടെ അപേക്ഷ പ്രകാരം അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. അന്ന് എന്താണ് സംഭവിച്ചതെന്നും ജയിലില്‍ നേരിടേണ്ടി വന്ന കൊടിയ പീഡനങ്ങളെപ്പറ്റിയും തന്നെയും കുടുംബത്തെയും അടിച്ചമര്‍ത്താന്‍ ഉത്തര്‍പ്രദേശ് ഭരണകൂടം നടത്തുന്ന ശ്രമങ്ങളെപ്പറ്റിയുമെല്ലാം ഡോക്ടര്‍ വിവരിക്കുന്ന കത്ത് ഡോ.നെല്‍സന്‍ ജോസഫ് ആണ് മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി സോഷ്യല്‍മീഡിയ വഴി പുറം ലോകത്തെ അറിയിച്ചത്.

കത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ…

ജാമ്യമില്ലാതെ ജയിലില്‍ എട്ടുമാസം, ഞാന്‍ ശരിക്കും കുറ്റവാളിയാണോ?”

ഇരുമ്പഴികള്‍ക്കു പിന്നിലെ എട്ടുമാസത്തെ അസഹനീയമായ പീഡനങ്ങള്‍ക്കും അപമാനങ്ങള്‍ക്കും ശേഷം ഓരോ നിമിഷവും ഓരോ കാഴ്ചകളും ഇപ്പോള്‍ എന്റെ കണ്‍മുന്നില്‍ നടക്കുന്നതുപോലെ ഓര്‍ക്കുന്നു. ചിലപ്പോള്‍ ഞാന്‍ സ്വയം ചോദിക്കാറുണ്ട്, ‘ഞാന്‍ ശരിക്കും കുറ്റവാളിയാണോ?”. എന്റെ ഹൃദയത്തിന്റെ ഉള്ളറകളില്‍ നിന്ന് അതിന്റെ ഉത്തരം ഉയര്‍ന്നുവരും – ഒരു വലിയ ‘അല്ല”.

ആ ദുരന്തരാത്രിയില്‍ എനിക്ക് വാട്സ്ആപ്പ് സന്ദേശം കിട്ടിയ നിമിഷത്തില്‍ ഞാന്‍ എന്നാല്‍ കഴിയുന്നത്, ഒരു ഡോക്ടര്‍, ഒരു അച്ഛന്‍, ഒരു ഉത്തരവാദിത്വമുള്ള ഇന്ത്യക്കാരന്‍ എന്ന നിലയില്‍ ചെയ്തിരുന്നു. ലിക്വിഡ് ഓക്സിജന്റെ പെട്ടെന്നുള്ള നിര്‍ത്തല്‍ കൊണ്ട് അപകടത്തിലായ ഓരോ ജീവനും രക്ഷിക്കാന്‍ എന്നാല്‍ കഴിയുന്നതെല്ലാം ഞാന്‍ ചെയ്തു.

എന്റെ ഡിപ്പാര്‍ട്ട്മെന്റിന്റെ തലവനെയും സഹപ്രവര്‍ത്തകരെയും ബി.ആര്‍.ഡി. പ്രിന്‍സിപ്പലിനെയും ആക്ടിങ് പ്രിന്‍സിപ്പലിനെയും ജില്ലാ മജിസ്ട്രേറ്റിനെയും അഡീഷനല്‍ ഡയറക്ടര്‍ ഓഫ് ഹെല്‍ത്തിനെയും സി.എം.എസ്./എസ്.ഐ.സി. ഗൊരഖ്പൂരിനെയും വിളിച്ച് പൊടുന്നനെ ഓക്സിജന്‍ നിര്‍ത്തിയതുമൂലം ഉണ്ടായ ഗുരുതരാവസ്ഥയെക്കുറിച്ചും കുഞ്ഞുങ്ങളുടെ ജീവന്‍ അപകടത്തിലാണെന്നും അറിയിച്ചു.

(എന്റെ െകെയില്‍ കോള്‍ റെക്കോഡുകളുണ്ട്) മോഡി ഗ്യാസ്, ബാലാജി, ഇംപീരിയല്‍ ഗ്യാസ്, മയൂര്‍ ഗ്യാസ് ഏജന്‍സി എന്നീ ഗ്യാസ് വിതരണക്കാരെയും ബി.ആര്‍.ഡി. മെഡിക്കല്‍ കോളജിനടുത്തുള്ള ആശുപത്രികളിലുമെല്ലാം വിളിച്ച് അവരോട് നൂറുകണക്കിനു നിഷ്‌കളങ്കരായ കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഗ്യാസ് സിലിണ്ടറുകള്‍ക്കായി യാചിച്ചു. ഞാന്‍ അവര്‍ക്കു പണം നല്‍കി, ബാക്കി പണം സിലിണ്ടറുകള്‍ ലഭിക്കുമ്പോള്‍ നല്‍കാമെന്ന് ഉറപ്പുനല്‍കി.

ഞങ്ങള്‍ ലിക്വിഡ് ഓക്സിജന്‍ ടാങ്ക് എത്തുന്നതു വരെ 250 ജംബോ സിലിണ്ടറുകള്‍ അറേഞ്ച് ചെയ്തിരുന്നു.ഗ്യാസ് സിലിണ്ടറുകള്‍ ലഭിക്കാനായി അടുത്തുള്ള ആശുപത്രികളിലേക്ക് കാറില്‍ ഡ്രൈവ് ചെയ്തുപോയി. അത് പോരാതെ വരുമെന്നു തോന്നിയപ്പോള്‍ ആംഡ് ബോര്‍ഡര്‍ ഫോഴ്സിലേക്ക് ചെന്ന് ഡി.ഐ.ജിയെക്കണ്ട് അദ്ദേഹത്തോട് ഈ സാഹചര്യത്തെക്കുറിച്ചു വിശദീകരിച്ചു. ഞാന്‍ കരഞ്ഞു, യഥാര്‍ഥത്തില്‍ ടീമിലെ എല്ലാവരും കരഞ്ഞിരുന്നു. കൃത്യസമയത്ത് കുടിശിക നല്‍കാതിരുന്ന ഒരു ഭരണപരാജയം വരുത്തിവച്ച നാശം കണ്ട് – അതുണ്ടാക്കിയ ദുരന്തം കണ്ട്.

2017 ഓഗസ്റ്റ് 13നു രാവിലെ 1:30നു ലിക്വിഡ് ഓക്സിജന്‍ ടാങ്ക് എത്തുന്നതു വരെ ഞങ്ങള്‍ അധ്വാനം നിര്‍ത്തിയില്ല. പക്ഷേ എന്റെ ജീവിതം കീഴ്മേല്‍ മറിഞ്ഞത് ചീഫ് മിനിസ്റ്റര്‍ യോഗി ആദിത്യ മഹാരാജ് അടുത്ത ദിവസം വന്നതോടെയാണ്. അദ്ദേഹം ചോദിച്ചു ‘അപ്പോള്‍ നിങ്ങളാണ് ഡോ.കഫീല്‍ അല്ലേ? നിങ്ങളാണോ സിലിണ്ടറുകള്‍ അറേഞ്ച് ചെയ്തത്?” ഞാന്‍ പറഞ്ഞു ‘അതേ സര്‍..” അദ്ദേഹം ദേഷ്യപ്പെട്ടു’അപ്പോള്‍ നിങ്ങള്‍ കരുതുന്നത് സിലിണ്ടറുകള്‍ കൊണ്ടുവന്നതുകൊണ്ട് നിങ്ങളൊരു ഹീറോ ആയെന്നാണ്. നമുക്ക് കാണാം…”

യോഗിജി ദേഷ്യപ്പെടാന്‍ കാരണമുണ്ട്. ഈ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതെങ്ങിനെയാണെന്നുള്ളതുകൊണ്ട്. ഞാന്‍ അള്ളാഹുവിനെക്കൊണ്ട് ആണയിടുന്നു, ഞാന്‍ അന്നു രാത്രി ഒരു മാധ്യമപ്രവര്‍ത്തകനെയും വിവരമറിയിച്ചില്ല. അവര്‍ അന്നു രാത്രിതന്നെ അവിടെയുണ്ടായിരുന്നു.

പോലീസ് എന്റെ വീട്ടിലേക്ക് വന്നു-വേട്ടയാടി, ഭീഷണിപ്പെടുത്തി, കുടുംബത്തെ പീഡിപ്പിച്ചു. അവര്‍ എന്നെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുമെന്ന് ആളുകള്‍ താക്കീത് ചെയ്തു. എന്റെ കുടുംബവും അമ്മയും ഭാര്യയും കുഞ്ഞുങ്ങളും ഭീതിയിലായിരുന്നു. കുടുംബത്തെ അപമാനത്തില്‍ നിന്നു രക്ഷിക്കാന്‍ ഞാന്‍ കീഴടങ്ങി. അപ്പോള്‍ ഞാന്‍ ഓര്‍ത്തിരുന്നത് ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും എനിക്കു നീതി ലഭിക്കുമെന്നുമായിരുന്നു. പക്ഷേ ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നുപോയി- 2017 ഓഗസ്റ്റ് മുതല്‍ 2018 ഏപ്രില്‍ വരെ.

ഉറങ്ങുന്നത് നൂറ്റന്‍പതിലധികം തടവുകാരോടൊപ്പം ഒരു ഇടുങ്ങിയ മുറിയുടെ നിലത്താണ്. രാത്രിയില്‍ ലക്ഷക്കണക്കിനു കൊതുകും പകല്‍ ആയിരക്കണക്കിന് ഈച്ചകളും. എനിക്കു മാത്രമല്ല. എന്റെ കുടുംബത്തിനും ജീവിതം നരകമാണ്. ഒരു തൂണില്‍ നിന്നു മറ്റൊന്നിലേക്ക് അവര്‍ക്ക് ഓടേണ്ടിവരുന്നു- പൊലീസ് സ്*!*!*!േറ്റഷനില്‍ നിന്ന് കോടതിയിലേക്ക്, ഗൊരഖ്പൂരില്‍ നിന്ന് അലഹബാദിലേക്ക്- നീതി ലഭിക്കാന്‍. പക്ഷേ എല്ലാം പാഴായി.എന്റെ കുഞ്ഞിന്റെ ആദ്യ പിറന്നാള്‍ എനിക്ക് ആഘോഷിക്കാന്‍ കഴിഞ്ഞില്ല. അവള്‍ക്കിപ്പോള്‍ ഒരു വയസ്സും ഏഴു മാസവുമാണു പ്രായം.

വീണ്ടും ആ ചോദ്യം എന്നെ വേട്ടയാടുന്നു – ഞാന്‍ യഥാര്‍ഥത്തില്‍ കുറ്റവാളിയാണോ? അല്ല, അല്ല, അല്ല… 2017 ഓഗസ്റ്റ് 10നു ഞാന്‍ അവധിയിലായിരുന്നു. അവധി എന്റെ എച്ച്.ഒ.ഡി. അനുവദിച്ചിരുന്നതാണ് എന്നിട്ടും ഞാന്‍ എന്റെ കര്‍ത്തവ്യത്തിനായി ഓടിയെത്തി- അതാണോ തെറ്റ്? അവരെന്നെ ഹെഡ് ഓഫ് ദ് ഡിപ്പാര്‍ട്മെന്റും െവെസ് ചാന്‍സലറും 100 ബെഡുള്ള അക്യൂട്ട് എന്‍കെഫെലെറ്റിസ് സിന്‍ഡ്രോം വാര്‍ഡിന്റെ ഇന്‍ ചാര്‍ജുമാക്കി. ഞാന്‍ അവിടത്തെ ഏറ്റവും ജൂനിയറായ ഡോക്ടറും 2016 ഓഗസ്റ്റ് എട്ടിനു മാത്രം സ്ഥിരനിയമനം നേടിയയാളുമാണ്. അവിടത്തെ എന്‍.ആര്‍.എച്ച.്എമ്മിന്റെ നോഡല്‍ ഓഫിസറും പീഡിയാട്രിക്സ് ലക്ചററുമാണ്. എന്റെ ജോലി പഠിപ്പിക്കലും കുട്ടികളെ ചികില്‍സിക്കലും മാത്രമാണ്.

പുഷ്പ സെയില്‍സ് ഓക്സിജന്‍ സെപ്ലെ നിറുത്തിയതിനു ഞാനെങ്ങനെ ഉത്തരവാദിയാകും? മെഡിക്കല്‍ പശ്ചാത്തലമില്ലാത്തയാള്‍ക്കുപോലും മനസ്സിലാകുന്ന കാര്യമാണ്, ഡോക്ടര്‍മാര്‍ ചികില്‍സിക്കാനുള്ളവരാണെന്നും ഓക്സിജന്‍ വാങ്ങാനുള്ളവരല്ലെന്നും. 68 ലക്ഷം രൂപ കുടിശിക ആവശ്യപ്പെട്ട് പുഷ്പ സെയില്‍സ് അയച്ച 14 റിമൈന്‍ഡറുകള്‍ക്കുമേല്‍ നടപടിയെടുക്കാതിരുന്ന ഡി.എമ്മും മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറും ഹെല്‍ത്ത് എജ്യുക്കേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമാണ് കുറ്റവാളികള്‍.

ഗൊരഖ്പൂരിന്റെ ജയിലിനുള്ളില്‍ സത്യത്തെ തളച്ചിടാന്‍ അവര്‍ ഞങ്ങളെ ബലിയാടുകളാക്കി. പുഷ്പ സെയില്‍സിന്റെ ഡയറക്ടര്‍ മനീഷ് ഭണ്ഡാരിക്കു ജാമ്യം കിട്ടിയപ്പോള്‍ നീതി ലഭിക്കുമെന്നും എന്റെ വീട്ടുകാരോടൊത്തു ജീവിക്കാനും സേവനം നടത്താനും കഴിയുമെന്നും ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഇല്ല – ഞങ്ങള്‍ ഇപ്പോഴും കാത്തിരിക്കുകയാണ്.

സുപ്രീം കോടതി പറയുന്നത് ജാമ്യം അവകാശവും ജയില്‍ ഒഴിവാക്കലുമാണെന്നാണ്. എന്റെ കേസ് നീതിനിഷേധത്തിന്റെ ഉത്തമ ഉദാഹരണമാണ്. സ്വതന്ത്രനായി എന്റെ കുടുംബത്തിന്റെയും മകളുടെയും കൂടെ ആയിരിക്കുന്ന സമയമുണ്ടാകുമെന്നു തന്നെ ഞാന്‍ പ്രത്യാശിക്കുന്നു. സത്യം തീര്‍ച്ചയായും വിജയിക്കും.

Related posts