ഡോ. ഹാരിസ് രക്ഷാപ്രവര്‍ത്തനത്തിന് തായ്‌ലന്റിലെ ഗുഹയില്‍ എത്തിയത് അവധി പോലും മാറ്റിവച്ച്! ദൗത്യം വിജയിപ്പിച്ച് സന്തോഷത്തോടെ പുറത്തെത്തിയ അദ്ദേഹത്തിന് കേള്‍ക്കാനായത് അത്യന്തം ദുഖകരമായ വാര്‍ത്തയും

ലോകം മുഴുവന്‍ ഒന്നിച്ചു ചേര്‍ന്ന് വിജയിപ്പിച്ച വലിയ രക്ഷാദൗത്യമാണ് തായ്‌ലന്‍ഡിലെ തുലാംഗ് ഗുഹയില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. ഗുഹയില്‍ അകപ്പെട്ട പന്ത്രണ്ട് കുട്ടികളെയും അവരുടെ ഫുട്‌ബോള്‍ കോച്ചിനെയും അതിസാഹസികമായാണ്, രക്ഷപെടുത്തിയത്.

ഗുഹയില്‍ കുടുങ്ങിയവരെ രക്ഷപെടുത്തിയ സംഭവം ലോകത്തിന്റെ കൈയ്യടി നേടിയെങ്കിലും ഒന്ന് രണ്ട് കാര്യങ്ങള്‍ നിരാശപ്പെടുത്തുകയുണ്ടായി. അതിലൊന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തവരില്‍ ഒരാളുടെ മരണമാണ്. രണ്ടാമത്തേതാണ് ഇപ്പോള്‍ ലോകത്തെ വീണ്ടും വേദനിപ്പിച്ചുകൊണ്ടിരിക്കുന്നത്.

സാഹസിക രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച ഡോ. റിച്ചാര്‍ഡ് ഹാരിസിനെ കാത്തിരുന്നത് അച്ഛന്റെ മരണവാര്‍ത്തയാണെന്നതാണത്. കുട്ടികളെ മോചിപ്പിച്ചതിന് ഏതാനും മിനിറ്റുകള്‍ക്ക് ശേഷമായിരുന്നു ഹാരിസിന്റെ അച്ഛന്റെ മരണം.

അസാധാരണമായ സേവനം കാഴ്ചവെച്ച ഹാരിസിനെയും സംഘത്തെയും ആദരിക്കുമെന്നും ഇപ്പോള്‍ അദ്ദേഹത്തിന്റെ സ്വകാര്യതയെ മാനിക്കുകയാണെന്നും ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി ജൂലി ബിഷപ്പ് അറിയിച്ചു.

പതിമൂന്നുപേരെയും ഒരു പോറലുപോലും ഏല്‍ക്കാതെ പുറത്തെത്തിച്ചശേഷം തുലാങ് ഗുഹയില്‍ നിന്ന് ഏറ്റവും ഒടുവില്‍ പുറത്തെത്തിയത് ഓസ്‌ട്രേലിയക്കാരനായ ഡോ. റിച്ചാര്‍ഡ് ഹാരിസായിരുന്നു.

അതും ഫുട്‌ബോള്‍ പരിശീലകനും പുറത്തെത്തി മണിക്കൂറുകള്‍ക്ക് ശേഷം. ദിവസങ്ങള്‍ നീണ്ട സാഹസികദൗത്യത്തിന്റെ ആഹ്ലാദം പ്രകടിപ്പിക്കാന്‍പോലും ആകും മുന്‍പ് അച്ഛന്റെ മരണവാര്‍ത്ത ഡോ. ഹാരിസിനെ തേടിയെത്തി.

അവധി ഉപേക്ഷിച്ച് രക്ഷാദൗത്യത്തിന് എത്തിയതായിരുന്നു അദ്ദേഹം. ഗുഹയിലെ രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് ആശയക്കുഴപ്പം നീങ്ങിയത് ഡോ. ഹാരിസ് സംഘത്തില്‍ചേര്‍ന്നതോടെയാണ്. കുട്ടികളെയും പരിശീലകനെയും പരിശോധിച്ച് പുറത്തെത്തിക്കാനുള്ള ക്രമം നിശ്ചയിച്ചതും അദ്ദേഹം തന്നെ.

രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ബ്രിട്ടീഷ് സംഘമാണ് അനസ്‌ത്യേഷ വിദഗ്ധന്‍ കൂടിയായ ഡോ. ഹാരിസിന്റെ സേവനം അനിവാര്യമാണെന്ന് ആദ്യം അറിയിച്ചത്. വിളിച്ചയുടനെ അദ്ദേഹവും ഡൈവിംഗ് പങ്കാളി ക്രേഗ് ചെല്ലനും 20 രക്ഷാപ്രവര്‍ത്തകരും അടങ്ങിയ സംഘം ചിയാങ് റായിലെത്തുകയായിരുന്നു.

Related posts