ഉദാരമാക്കിയ ഇന്ത്യൻ ഇ-വീസ ചട്ടങ്ങൾ പ്രാബല്യത്തിൽ

e-visaന്യൂഡൽഹി: കൂടുതൽ വിദേശ സഞ്ചാരികളെ ആകർഷിക്കുന്നതു ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ നടപ്പാക്കിയ ഇവീസ പരിഷ്കാരങ്ങൾ പ്രാബല്യത്തിൽവന്നു. എൻട്രി പെർമിറ്റിന് അപേക്ഷിക്കാനുള്ള സമയം 30 ദിവസത്തിൽനിന്ന് നാലു മാസമാക്കി ഉയർത്തിയത് അടക്കമുള്ളതാണ് ശനിയാഴ്ച നിലവിൽവന്ന മാറ്റങ്ങൾ.

ഇവീസ പ്രകാരം വരുന്ന വിദേശികൾക്ക് ഇന്ത്യയിൽ തങ്ങാവുന്ന സമയം ഒരു മാസത്തിൽനിന്ന് രണ്ടു മാസമാക്കി ഉയർത്തിയതായും ആഭ്യന്തരവിദേശ മന്ത്രാലയങ്ങൾ അറിയിച്ചു. പുതിയ നയമനുസരിച്ച് ഇടൂറിസ്റ്റ് വീസ, ഇബിസിനസ് വീസ, ഇമെഡിക്കൽ വീസ എന്നിങ്ങനെ ഉപവിഭാഗങ്ങൾ ഉണ്ടാകും. അടിയന്തര ഘട്ടങ്ങളിൽ അപേക്ഷിച്ച് 48 മണിക്കൂറിനകം ബിസിനസ്, ചികിത്സ തുടങ്ങിയവയ്ക്ക് ഇവീസ അനുവദിക്കും. കൂടാതെ, സർക്കാരിതര സ്ഥാപനങ്ങളിൽ പരിശീലനത്തിനെത്തുന്നവർക്കും സിനിമാ ചിത്രീകരണത്തിനെത്തുന്നവർക്കുമായി പ്രത്യേകം ഉപവിഭാഗ വീസകൾ രൂപീകരിച്ചിട്ടുണ്ട്.

161 രാജ്യങ്ങളിൽനിന്നുള്ള പൗരന്മർക്ക് ഇവീസ സൗകര്യം ലഭ്യമാണ്. 24 വിമാനത്താവളങ്ങൾ വഴിയും കൊച്ചി, മംഗലാപുരം, ഗോവ തുറമുഖങ്ങൾ വഴിയും സഞ്ചാരികൾക്ക് ഇന്ത്യയിലെത്താം. ചെന്നൈ, മുംബൈ തുറമുഖങ്ങളെക്കൂടി വൈകാതെ പട്ടികയിൽ ഉൾപ്പെടുത്തും. ഈ പുതിയ വ്യവസ്ഥകൾ ഇപ്പോൾ ഇന്ത്യൻ പൗരത്വമില്ലാത്ത പ്രവാസികൾക്കും ഉപയോഗിക്കാം.

Related posts