വെള്ളം കുടിക്കാനെത്തുന്ന ആനകള്‍ ചെളിയില്‍ വീണ് ചത്തൊടുങ്ങുന്നു; കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയ പിടിയാനയും ചരിഞ്ഞു

ana600വേനല്‍ കനത്തതോടെ ദാഹജലം തേടി പുഴയിലിറങ്ങുന്ന കാട്ടാനകള്‍ക്ക് ചത്തൊടുങ്ങുന്നു. ബന്ദിപ്പൂര്‍ നാഗര്‍ഹൊള വനമേഖലയുടെ അതിര്‍ത്തിയിലൂടെ ഒഴുകുന്ന കബനിപ്പുഴയോരത്താണ് ചെളിയില്‍ പുതഞ്ഞ് കാട്ടാനകള്‍ ചരിയുന്നത്. കേരളാതിര്‍ത്തിക്ക് തൊട്ടുതാഴെയുള്ള വനമേഖലയാണിത്. ഗുണ്ടറ റേഞ്ചിലെ കല്‍മൂല, മാസ്തിഗുഡി, കാളിഘട്ട ഗദ്ദ എന്നിവിടങ്ങളിലാണ് കാട്ടാനകള്‍ ചെളിയില്‍ പുതഞ്ഞത്.

ബന്ദിപ്പൂര്‍ വനത്തിലെ നീര്‍ച്ചാലുകളെല്ലാം ഇതിനോടകം വറ്റിയതിനാല്‍ കബനിയാണ് വന്യമൃഗങ്ങള്‍ക്ക് ഏക ആശ്രയം. ദാഹിച്ചു വലഞ്ഞ് പുഴയിലിറങ്ങുന്ന ആനകളുടെ കാലുകള്‍ ചെളിയില്‍ പുതയുകയാണ് ചെയ്യുന്നത്. രക്ഷപ്പെടാനുള്ള വെപ്രാളം കൂട്ടുമ്പോള്‍ കാലുകള്‍ കൂടുതല്‍ ആണ്ടു പോവുന്നു. ഒടുവില്‍ രക്ഷപ്പെടാകാതെ രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ മരണം സംഭവിക്കുന്നു. ഇതുപോലെയൊരു പ്രതിസന്ധി ഇതിനു മുമ്പ് ഉണ്ടായതായി വനപാലകര്‍ക്കും അറിവില്ല.

വനത്തിലെ കുളങ്ങള്‍ വറ്റിയതോടെ വിദൂര പ്രദേശങ്ങളിലെ വന്യമൃഗങ്ങളും രക്ഷാമാര്‍ഗം തേടിയെത്തുന്നത് കബനിക്കരയിലാണ്. പുഴയില്‍ വെള്ളം കുറഞ്ഞ് കുഴിയായ സ്ഥലങ്ങളും വലിയ ആഴമുള്ള ചതുപ്പുമുണ്ട്. ഉറച്ച സ്ഥലമെന്ന് കരുതി ചതുപ്പില്‍ കാല്‍വെച്ച് പോയാല്‍ മരണമുറപ്പാണ്. ദിവസങ്ങള്‍ കഴിഞ്ഞാണ് വനപാലകര്‍ ഇതറിയുക. തുടര്‍ന്നു നടത്തുന്ന രക്ഷാശ്രമവും പാഴ് വേലയാകുന്നു. കഴിഞ്ഞ ദിവസം ജെസിബി എത്തിച്ച് ചെളിനീക്കി കരയ്‌ക്കെത്തിച്ച ആനയും മരണപ്പെടുകയായിരുന്നു.  അപകടം വര്‍ധിച്ചതിനാല്‍ കല്‍ക്കര റേഞ്ചിലെ രാമ്പൂര്‍, വെള്ള റേഞ്ചിലെ കാക്കനംകോട്ട ആന ക്യാംപുകളില്‍ നിന്ന്  താപ്പാനകളെ ഗുണ്ടറയിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ആനകളുടെ സഹായത്തോടെ മാസ്തിഗുഡിയില്‍ കരയ്ക്ക് കയറ്റിയ പിടിയാനയ്ക്ക് മരുന്നുകളും ഗ്‌ളൂക്കോസും നല്‍കിയെങ്കിലും  ചരിഞ്ഞു. കുഴികളിലെ വെള്ളം കുടിക്കുന്നതിനിടെ തെന്നിവീണും അപകടമുണ്ടാവുന്നുണ്ട്. ആനകള്‍ മാത്രമല്ല മാന്‍, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളും പുഴയോരത്തെ ചതുപ്പിലകപ്പെട്ട് ചാകുന്നുണ്ട്. പുഴ കടക്കുന്നതിനിടെയും ചളിക്കുഴിയില്‍ മൃഗങ്ങള്‍ അപകടത്തില്‍പ്പെടുന്നു.

ബന്ദിപ്പൂര്‍ വനമേഖലയിലെ വനം കത്തിചാമ്പലായപ്പോള്‍ കത്താതെ പിടിച്ചുനിന്നത് കേരളാതിര്‍ത്തിയിലെ ഗുണ്ടറ ഭാഗമാണ്. കബനിപ്പുഴയോരം ഉള്‍പ്പെടുന്ന ഇവിടേക്ക് കാട്ടാനകളുടെ പ്രവാഹമായിരുന്നു. വേനല്‍മഴ പെയ്തതോടെ വനമേഖലയിലെ കാട്ടുതീ ഭീഷണിയകന്നു. എന്നാല്‍ ജലക്ഷാമം രൂക്ഷമാണ്. പുഴയില്‍ ഒഴുക്ക് നിലച്ച് വട്ടക്കുഴികളായി. ഇതിലുള്ള വെള്ളമാണ് വന്യമൃഗങ്ങളുടെ ജീവജലം. ഇക്കാര്യത്തില്‍ എന്ത് മുന്‍കരുതല്‍ സ്വീകരിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് വനംവകുപ്പ്. പുഴയിലെ ജലനിരപ്പ് ഉയര്‍ന്നാല്‍ മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാനാവൂ. കുടിവെള്ളമെടുക്കുന്നതിനാല്‍ ബീച്ചനഹള്ളി അണക്കെട്ടിന്റെ ഷട്ടര്‍ പൂര്‍ണമായി അടച്ചിടാനും കഴിയാതായി. എന്തായാലും ആനകള്‍ക്ക് സംഭവിക്കുന്ന ഈ ദുരന്തില്‍ നിസഹായരായി നോക്കിനില്‍ക്കാനേ ഇപ്പോള്‍ വനംവകുപ്പിന് കഴിയുന്നുള്ളൂ.

Related posts