കുരുതികൊടുക്കാന്‍ കീടനാശിനി

kidanashinfb

റെജി ജോസഫ്  

1984 ഡിസംബര്‍ രണ്ടിനു രാത്രി ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യാ ലിമിറ്റഡിന്റെ കീടനാശിനി ഫാക്ടറിയില്‍നിന്ന്് മീതൈല്‍ ഐസോസയനേറ്റ് എന്ന മാരകവിഷവാതകം ചോര്‍ന്നൊഴുകി. ആ രാത്രിയും പിറ്റേന്നുമായി മൂവായിരത്തിലേറെ പേര്‍ വിഷവാതകം ശ്വസിച്ചു മരിച്ചു. പതിനായിരങ്ങള്‍ മാരകരോഗികളായി. പരുത്തിച്ചെടിയില്‍ ഉപയോഗിക്കുന്ന കീടനാശിനിയായിരുന്നു യൂണിയന്‍ കാര്‍ബൈഡില്‍ നിര്‍മിച്ചിരുന്നത്.

ലോകവ്യാപകമായി കീടനാശിനികള്‍ മൂലം ഓരോ വര്‍ഷവും കൊല്ലപ്പെടുന്നത് രണ്ടു ലക്ഷത്തിലേറെ പേരാണ്. കീടനാശിനികള്‍ കീടങ്ങളെ നിയന്ത്രിക്കുന്നില്ല; വാസ്തവത്തില്‍ അവ മിത്രകീടങ്ങളെ കൊന്നൊടുക്കി അപകടകാരികളായ കീടങ്ങളെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.
ഇതരസംസ്ഥാനങ്ങളില്‍നിന്നു വിലകൊടുത്തു വാങ്ങുന്ന പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനി അനുവദനീയമായതിന്റെ പതിന്‍മടങ്ങു കൂടുതലുണ്ടെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ടി.വി അനുപമ പറഞ്ഞപ്പോള്‍ കീടനാശിനി കമ്പനികളുയര്‍ത്തിയ പ്രതിഷേധം ചില്ലറയല്ല.കീടനാശിനി കമ്പനികളുടെ കൂട്ടായ്മയായ ക്രോപ് കെയര്‍ ഫൗണ്ടേഷന്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തുവന്നു.

വിത്തും വിളവും നോക്കിയല്ല നമ്മുടെ കീടനാശിനി പ്രയോഗം എന്നതിന് രണ്ടു പക്ഷമില്ല. കീടം വരുമ്പോഴല്ല കീടബാധ വരാതിരിക്കാന്‍ അളവോ തൂക്കമോ കാലമോ പക്കമോ നോക്കാതെ കീടനാശിനി പ്രയോഗിക്കുന്നവരാണ് ഏറെപ്പേരും. കൃഷി വകുപ്പിന്റെ നിര്‍ദേശമോ കാര്‍ഷിക അനുഭവമോ അല്ല കീടനാശിനി കടക്കാരന്‍ പറയുന്നതാണ് മരുന്ന്. ഇനവും അളവും എണ്ണവും നിര്‍ദേശിക്കുന്നത് ലാഭക്കൊതിയുള്ള കടക്കാരന്‍. കടക്കാരനും ലാഭം കമ്പനിക്കും ലാഭം. വേണ്ടത്ര ജാഗ്രതയും സുരക്ഷാമാനദണ്ഡങ്ങളുമില്ലാതെ കീടനാശിനി കാലങ്ങളായി പ്രയോഗിക്കുന്നു തൊഴിലാളികളും കര്‍ഷകരും.

വിത മുതല്‍ കൊയ്ത്തുവരെ നീളുന്ന മരുന്നടിക്കുശേഷം വിഷമാണ് തിന്നാന്‍ ചന്തയിലെത്തുക. ഈ വിഷക്കനികള്‍ മാരകരോഗങ്ങളായി ജീവജാലങ്ങളെ കാലങ്ങളായി വേട്ടയാടുന്നു. ആശങ്കയും അജ്ഞതയും ഒന്നുചേര്‍ന്ന കര്‍ഷകരുടെ ധാരണ കീടനാശിനിയില്ലാതെ ഇവിടെ കൃഷി നടക്കില്ലെന്നാണ്. പറഞ്ഞു പറ്റിക്കാന്‍ ഇടനിലക്കാര്‍ പാടങ്ങളിലും തോട്ടങ്ങളിലും എത്തി ഭീതിയുടെ നിഴല്‍പരത്തുന്നു. ഇടനിലക്കാര്‍ പറയുന്ന കമ്പനിയുടെ വിഷം പറയുന്ന അളവില്‍ വാങ്ങി നടത്തുന്ന പ്രയോഗം വിളവിനെ മാത്രമല്ല മണ്ണിനെയും വെള്ളത്തെയും അന്തരീക്ഷത്തെയും വിഷലിപ്തമാക്കുന്നു. മനുഷ്യന്‍ മാത്രമല്ല മിത്രകീടങ്ങളും ജന്തുജാലങ്ങളും ചത്തൊടുങ്ങുന്നു.

വാരി വിതറുന്ന വിഷം

കീടനാശിനി പ്രയോഗത്താല്‍ കോഴിയും എലിയും പാമ്പും തവളയും മീനും ചാകുന്നതൊക്കെ കര്‍ഷകര്‍ കാണുന്നുണ്ട്. കുപ്പി തുറന്നു മണത്താല്‍ തലചുറ്റലും തലവേദനയുമുണ്ടാകും. തൊഴിലാളികളും വിദ്യാര്‍ഥികളും ബോധരഹിതരാകുന്ന സംഭവങ്ങളും കേട്ടറിയുന്നു. വീര്യം കുറഞ്ഞ വിഷം ലഭ്യമാക്കാനില്ലാത്ത സാഹചര്യത്തില്‍ കൊടുംവീര്യമുള്ളതു വാങ്ങി പ്രയോഗിക്കുന്നു. പരമാവധി പ്രയോജനം കിട്ടാന്‍ വെള്ളത്തില്‍ നേര്‍പ്പിക്കാതെയും പ്രയോഗിക്കുന്നു.

കീടബാധയും മുഞ്ഞയും എക്കാ ലവുമുണ്ട്. അവയെ പ്രതിരോധിക്കാന്‍ മുന്‍പ് നാടന്‍ മാര്‍ഗങ്ങളും മരുന്നുകളുമുണ്ടായിരുന്നു. രാസകീടനാശിനി കീടത്തെ മാത്രമല്ല മിത്രകീടങ്ങളെയും കൊല്ലുന്നുവെന്നതാണ് വസ്തുത. ഓരോ വര്‍ഷവും കീടങ്ങള്‍ കൂടുതല്‍ പ്രതിരോധം നേടുകയും ചെയ്യുന്നു. ഭീമമായ കൂലി കൊടുത്ത് കള പറിപ്പിച്ച് കൃഷി നടത്തിയാല്‍ മുതലാവില്ല. തൊഴിലാളികളെ നാട്ടില്‍ കിട്ടാനുമില്ല. അതിനാല്‍ കളയ്ക്കും കീടത്തിനും പ്രയോഗം വിഷമാണ്. തടപ്പുഴു, കൊമ്പന്‍ചെല്ലിയെയും ചെറുക്കാന്‍ ഫ്യൂറിഡാനും ഫോറേറ്റും. കുറുനാമ്പിനെ ചെറുക്കാന്‍ ഫ്യൂറിഡാന്‍.

2000 ടണ്‍ രാസവളങ്ങളും 500 ടണ്‍ കീടനാശിനികളും 50 ടണ്‍ കുമിള്‍ നാശിനികളും കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടില്‍ മാത്രം ഉപയോഗിക്കുന്നതായാണ് കൃഷിവകുപ്പിന്റെ കണക്ക്. നിരോധിക്കപ്പെട്ട എന്‍ഡോസള്‍ഫാന്‍, നിയന്ത്രണമുള്ള ലിന്‍ഡേന്‍, ക്ലോര്‍പൈറിഫോസ്, മീഥൈല്‍ പാരാതയോണ്‍ എന്നിവയും അമിതമായ അളവില്‍ നമ്മുടെ പാടങ്ങളിലെത്തുന്നു. ഇത് കാര്‍ഷിക സര്‍വകലാശാല ശിപാര്‍ശ ചെയ്തതിനെക്കാള്‍ വളരെ അധികമാണ്. 50 മുതല്‍ 75 ശതമാനംവരെ അധികം കീടനാശിനി കുട്ടനാട്ടില്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് മുമ്പ് നടന്ന പഠനത്തില്‍ കണ്ടെത്തിയത്. ഉപയോഗിക്കുന്നതില്‍ 50 ശതമാനം മരുന്നുകളും ഡി.ഡി.ടി ഉള്‍പ്പെടെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നതാണ്.

എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെ നിരോധിത മരുന്നുകളും പല പേരുകളിലായി കുട്ടനാട്ടില്‍ വിതരണം ചെയ്യുന്നുമുണ്ട്. വിതയില്‍ തുടങ്ങി വിളഞ്ഞ കതിരില്‍ വരെയുള്ള വിഷപ്രയോഗം. ഇത്തരത്തില്‍ വ്യാപകമായി മരുന്ന് ഉപയോഗിക്കുമ്പോഴും അതിെന്‍റ അഞ്ച് ശതമാനം വരെ മാത്രമാണ് കീടങ്ങളില്‍ എത്തുന്നത് എന്നാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നത്.

കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ക്കൂടി കീടനാശിനി കലര്‍ത്തുന്ന രീതിയിലാണ് വിഷപ്രയോഗം നടക്കുന്നത്. രാസവളം ഉപയോഗിക്കുന്ന കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. കുട്ടനാട്ടിലെ ജലാശയങ്ങളില്‍നിന്ന് ലഭിക്കുന്ന മത്സ്യങ്ങളില്‍ അനുവദനീയമായതിെന്‍റ 10 ഇരട്ടി വിഷാംശമുള്ളതായാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

കുട്ടനാട്ടിലെ പുഞ്ചകൃഷിക്ക് 370 ടണ്‍ കീടനാശിനിയും രണ്ടാം കൃഷിക്ക് 130 ടണ്‍ കീടനാശിനിയുമാണ് കര്‍ഷകര്‍ ഉപയോഗിക്കുന്നത്. കുട്ടനാടന്‍ പ്രദേശം സമുദ്രനിരപ്പിനു താഴെയായതിനാല്‍ നെല്‍കൃഷിക്കുപയോഗിക്കുന്ന കീടനാശിനികള്‍ സമീപത്തുള്ള ആറുകളിലും തോടുകളിലും കലരുന്നത് മത്സ്യ സമ്പത്തിനെയും നശിപ്പിക്കുന്നു.

ദേശീയ തലത്തിലെ സ്ഥിതി ഇങ്ങനെ. രാജ്യത്ത് 150– ലേറെ കീടനാശിനികള്‍ മാര്‍ക്കറ്റിലുണ്ട്. ഇതില്‍ 50 ശതമാനവും പരുത്തികൃഷിയിലാണ് ഉപയോഗിക്കുന്നത്. 17 ശതമാനം നെല്‍കൃഷിയിലും 13 ശതമാനം പഴംപച്ചക്കറി കൃഷിയിലും ഉപയോഗിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ അതായത് 12,000 മെട്രിക് ടണ്‍ എന്‍ഡോസള്‍ഫാന്‍ ഉത്പാദിപ്പിക്കുന്ന വിപണിയാണ് ഇന്ത്യ. ലോകാരോഗ്യസംഘടനയുടെ കണക്കില്‍ 250 ലക്ഷം തൊഴിലാളികള്‍ ഓരോ വര്‍ഷവും കീടനാശിനികള്‍ കൊണ്ടുള്ള വിഷബാധയ്ക്ക് വിധേയമാകുന്നു. വര്‍ഷം രണ്ടു ലക്ഷത്തോളം പേരാണ് കീടനാശിനി ദൂഷ്യഫലങ്ങള്‍ മൂലം മരണപ്പെടുന്നത്.

അതിശക്തരാണ് കീടനാശിനി കമ്പനികള്‍

രാസകീടനാശിക്കു ബദല്‍ കൊണ്ടുവന്നാലും രക്ഷയില്ല. കീടനാശിനിയില്ലാതെ ഇവിടെ കൃഷി വേണ്ടെന്ന നിലപാടാണ് ചില കമ്പനികള്‍ക്ക്. പച്ചക്കറി വിഷാംശം തടയാന്‍ കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ച വെജിവാഷ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വൈസ്ചാന്‍സലര്‍മാര്‍ക്കും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്കും കീടനാശിനി കമ്പനികള്‍ വക്കീല്‍ നോട്ടീസയച്ചതും അടുത്ത കാലത്താണ്. അതിര്‍ത്തി കടന്നെത്തുന്ന പച്ചക്കറിയില്‍ അമിതമായ അളവില്‍ വിഷാംശമുള്ളതായി കാര്‍ഷിക സര്‍വകലാശാല നടത്തിയ പഠനത്തില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് വെജിവാഷ് സര്‍വകലാശാല വികസിപ്പിച്ചെടുത്തത്. നിശ്ചിത അളവില്‍ ഈ മിശ്രിതം വെള്ളത്തില്‍ ചേര്‍ത്ത് പച്ചക്കറി കഴുകിയെടുത്താല്‍ പുറമെയുള്ള വിഷാംശം കുറയ്ക്കും.

വെജി വാഷ് സംസ്ഥാനത്തിനകത്തും പുറത്തും വ്യാപകമായി വില്‍ക്കുന്നുമുണ്ട്. അഞ്ചു വര്‍ഷത്തെ ഗവേഷണത്തിലൂടെയാണ് രണ്ടു വര്‍ഷം മുന്‍പ് വെജിവാഷ് വികസിപ്പിച്ചത്. കാര്‍ഷിക സര്‍വകലാശാലയിലെ പിഎച്ച്ഡി, എംഎസ്സി വിഭാഗങ്ങളാണ് ഡോ. ബിജു തോമസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഗവേഷണം നടത്തിയത്. വീടുകളില്‍ നിത്യേന ഉപയോഗിക്കുന്ന വാളന്‍പുളി, വിനാഗിരി, നാരങ്ങാനീര്, മഞ്ഞള്‍ ഉള്‍പ്പടെയുള്ളവയാണ് ജൈവ ലായനിയായ വെജ് വാഷില്‍ അടങ്ങിയിരിക്കുന്നത്. നാല്‍പതിലധികം കമ്പനികള്‍ കരാര്‍ അടിസ്ഥാനത്തില്‍ വെജ് വാഷിന്റെ സാങ്കേതികവിദ്യ പിന്‍പറ്റുന്നുണ്ട്. ഇതിനെതിരെയാണ് കീടനാശിനി കമ്പനികള്‍ രംഗത്തെത്തിയത്.

അമേരിക്ക, കാനഡ, യൂറോപ്യന്‍ യൂണിയന്‍, ബ്രസീല്‍, ഓസ്‌ട്രേലിയ തുടങ്ങി എണ്‍പതോളം രാഷ്ര്ടങ്ങള്‍ എന്‍ഡോസള്‍ഫാന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇതിന്റെ നിരോധനം പ്രായോഗികമാകുന്നില്ല. ലോകാരോഗ്യസംഘടനയുടെ കണക്കു പ്രകാരം എന്‍ഡോസള്‍ഫാന്റെ ആഗോള വാര്‍ഷിക ഉത്പാദനം 1980 കളുടെ തുടക്കത്തില്‍ 9000 മെട്രിക് ടണ്‍ ആയിരുന്നു. 1989 ആയപ്പോള്‍ 10,500 മെട്രിക് ടണ്‍ ആയി. 1990 കളില്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദനം 12,800 മെട്രിക് ടണ്ണായി വര്‍ധിച്ചു.

കാസര്‍ഗോഡ് ഉള്‍പ്പെടെ ഒട്ടേറെയിടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ രക്തസാക്ഷികള്‍ ഇപ്പോഴുമുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ കശുമാവു തോട്ടങ്ങളില്‍ കാലങ്ങളോളം പ്രയോഗിച്ച എന്‍ഡോസള്‍ഫാന്‍ തലമുറകളെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നു. ഇതുകൊണ്ടൊന്നും കശുമാവുകൃഷി ലാഭത്തിലെത്തിയില്ലതാനും.

എന്‍ഡോസള്‍ഫാന്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന രാഷ്ട്രമായി ഇന്ത്യ. ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്‌സ്, എക്‌സല്‍ ക്രോപ്കയര്‍, കൊറോമാണ്ഡല്‍ ഫെര്‍ട്ടിലൈസേഴ്‌സ് തുടങ്ങിയ നിരവധി സ്ഥാപനങ്ങള്‍ പ്രതിവര്‍ഷം 8500 ടണ്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദിപ്പിക്കുന്നു. അതില്‍ 4500 ടണ്ണിന്റെ വിപണിയും ഇന്ത്യതന്നെ.

1868ല്‍ പാരീസ്ഗ്രിന്‍ ഡൈ എന്ന പേരിലാണ് ആദ്യ കൃത്രിമ കീടനാശിനി വികസിപ്പിച്ചത്. ഹരിത വിപ്ലവവും തുടര്‍ന്ന് അത്യുത്പാദനശേഷിയുള്ള പുതിയ വിത്തിനങ്ങളും കീടനാശിനിയെ കൃഷിയിടത്തിലെ അവശ്യവസ്തുവാക്കി മാറ്റി. കീടനാശിനികളുടെ രംഗത്ത് വലിയ മുന്നേറ്റമായിരുന്നു ഡിഡിറ്റി. 1939ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ പോള്‍ ഹെമന്‍മുള്ളര്‍ എന്ന ശാസ്ത്രജ്ഞനാണ് ഡി ഡി റ്റി കണ്ടുപിടിച്ചത്. 1968ല്‍ അമേരിക്കയും തുടര്‍ന്ന് മറ്റു പല രാജ്യങ്ങളും ഡി ഡി റ്റി നിരോധിച്ചു.
(തുടരും).

Related posts