ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും തട്ടിത്തെറിപ്പിക്കാനൊരുങ്ങിയ പോലീസിന് വന്‍ തിരിച്ചടി; ജിഎന്‍പിസി നിരോധിക്കില്ലെന്ന് ഫേസ്ബുക്ക്; ഗ്ലാസുകളിലെ നുര അത്ര പെട്ടെന്ന് അവസാനിപ്പിക്കാനാവില്ല…

തിരുവനന്തപുരം: ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജിഎന്‍സിപി) തട്ടിത്തെറിപ്പിക്കാനൊരുങ്ങിയ പോലീസിന് വന്‍ തിരിച്ചടിയുമായി ഫേസ്ബുക്ക്. ഗ്രൂപ്പ് ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസ് കത്തു നല്‍കിയെങ്കിലും ബ്ലോക്ക് ചെയ്യാനാവില്ലെന്ന മറുപടിയാണ് ഫേസ്ബുക്ക് നല്‍കിയത്. അതേസമയം, കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാലുടന്‍ പ്രധാന അഡ്മിനെ അറസ്റ്റു ചെയ്യാനാണു പൊലീസിന്റെ തീരുമാനം.

ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയുമെന്ന കൂട്ടായ്മക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തതിനു പിന്നാലെയാണു ഫേസ്ബുക്ക് പേജ് ഒന്നടങ്കം ബ്ലോക്ക് ചെയ്യാനുള്ള ശ്രമം പൊലീസ് നടത്തിയത്.

ബാലനീതി നിയമം ലംഘിച്ചെന്നതടക്കമുള്ള കുറ്റങ്ങള്‍ വിവരിച്ച് ഫേസ്ബുക്കിനു പൊലീസ് കത്തയച്ചു. എന്നാല്‍ 18 ലക്ഷത്തിലേറെ അംഗങ്ങളുള്ള ഗ്രൂപ്പിനെ ഒറ്റപ്പരാതിയുടെ പേരില്‍ ബ്ലോക്ക് ചെയ്യാനാവില്ലെന്ന മറുപടിയാണ് ഫേസ്ബുക്ക് നല്‍കിയത്. ഇതോടെ കേസ് നടപടികളും അന്വേഷണവും ശക്തമാക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.

പ്രധാന അഡ്മിനായ തിരുവനന്തപുരം നേമം സ്വദേശി അജിത്കുമാറിനെയാണ് ഇപ്പോള്‍ പ്രതിചേര്‍ത്തിരിക്കുന്നത്. ഒളിവിലാണെന്ന് കുരുതുന്ന അജിത് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്.

മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ജാമ്യം നിഷേധിച്ചാലുടന്‍ അറസ്റ്റ് ചെയ്യാനുമാണ് പൊലീസിന്റെ ശ്രമം. അതേസമയം പൊലീസ് നടപടികളെ വെല്ലുവിളിച്ചും അഡ്മിന് പിന്തുണ അറിയിച്ചും ജിഎന്‍പിസി കൂട്ടായ്മയില്‍ സന്ദേശങ്ങള്‍ സജീവമായി തുടരുകയാണ്. ജിഎന്‍പിസിക്കെതിരായ നടപടികള്‍ നിലനില്‍ക്കില്ലെന്നും നിയമപരമായി നേരിടുമെന്നുമാണ് ഗ്രൂപ്പിന്റെ നിലപാട്.

Related posts