എല്ലാവർക്കും നന്ദി, അവർ സുരക്ഷിതരാണ്: ജീവൻ രക്ഷിച്ചവർക്ക് നന്ദിപറഞ്ഞ് പ്രവാസി യുവതിയുടെ ഫേസ്ബുക്ക് ലൈവ്

പ്രളയം അതിന്‍റെ എല്ലാ ഭീകരതയോടും കൂടെ കേരളത്തിൽ ആഞ്ഞടിക്കുമ്പോൾ പ്രവാസി മലയാളികളും ആശങ്കയിലാണ്.

പത്തനംതിട്ട ആറന്മുള കോഴിപ്പാലത്ത് വെള്ളപ്പൊക്കത്തില്‍ വീടിനുള്ളിൽ കുടുങ്ങിപ്പോയ മകളെയും കുടുംബാംഗങ്ങളെയും രക്ഷപ്പെടുത്താന്‍ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള പ്രവാസി ഡോക്ടർ നീതു കൃഷ്ണന്‍റെ ഫേസ്ബുക്ക് ലൈവ് ഏറെ ചർച്ചയായിരുന്നു. വിവരമറിഞ്ഞ് രക്ഷാപ്രവർത്തകർ മണിക്കൂറുകൾക്കുള്ളിൽ ആറന്മുളയിലെത്തി അവരെ രക്ഷിക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെ രക്ഷാപ്രവർത്തകർക്കു നന്ദിപറഞ്ഞ് വീണ്ടും ഫേസ്ബുക്ക് ലൈവിലെത്തിയിരിക്കുകയാണ് ഡോ. നീതു കൃഷ്ണന്‍ സഹായം നല്‍കിയ എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും നീതു പറയുന്നു.

നീതുവിന്‍റെ അമ്മയും മുത്തശ്ശിയും സഹോദരനും ഏഴു വയസ്സുകാരി മകളും ഉൾപ്പെടുന്ന കുടുംബം ബുധനാഴ്ച മുതൽ വീടിനുള്ളിൽ കുടുങ്ങിയിരിക്കുകയായിരുന്നു. വീട്ടുകാരുടെയും ബന്ധുക്കളുടെയും ഫോണുകൾ സ്വിച്ച് ഓഫ് ആയതിനാൽ ഇവർക്ക് കുടുംബവുമായി ബന്ധപ്പെടാൻ വേറെ വഴിയുമുണ്ടായിരുന്നില്ല. ഇതോടെയാണ് നീതു ഫേസ്ബുക്ക് ലൈവിലൂടെ സഹായം അഭ്യർഥിച്ചത്.

Related posts